ജനവാസമേഖലയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ; ജനം ഭീതിയിൽ
text_fieldsമൂപ്പൈനാട്: നത്തംകുനി ജനവാസ മേഖലയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. നത്തംകുനി മറ്റത്തിൽ സാജുവിന്റെ വീട്ടിലേക്കിറങ്ങുന്ന വഴിയിലാണ് കാൽപ്പാടുകൾ കാണപ്പെട്ടത്. കഴിഞ്ഞ രാത്രിയിലെപ്പോഴോ പുലി അതുവഴി വന്നിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. കാട്ടുപന്നിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകളും സമീപത്തായി കാണപ്പെടുന്നുണ്ട്.
ഇത് കഴിഞ്ഞ രാത്രിയിൽ പുലി ഏതോ മൃഗത്തിനെ ഇതുവഴി ഓടിച്ചുകൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. നല്ലന്നൂർ വനമേഖലയിൽ പുലികളുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അവിടെ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രമേ ഇവിടേക്ക് ദൂരമുള്ളു. പുലി രാത്രി ഇവിടേക്കെത്തിയതാണെന്ന് സംശയിക്കുന്നു. ഇതോടെ പ്രദേശത്തുള്ളവർ ഭീതിയിലായി.
രാവിലെ അഞ്ചു മണിക്ക് സൊസൈറ്റിയിൽ പാൽ അളക്കുന്നതിനായി സ്ത്രീകളടക്കമുള്ളവർ ഇതുവഴി കടന്നുപോകാറുണ്ട്. വനം വകുപ്പധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും കാൽപ്പാടുകൾ പുലിയുടേതാണെന്ന് വിദഗ്ധ പരിശോധനക്കുശേഷമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന നിലപാടിലാണവർ. എന്തായാലും ജനങ്ങളുടെ ഭീതിയകറ്റാൻ നടപടിയുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.