അതിർത്തിയിൽ തമിഴ്നാട് ബസുകൾ തടഞ്ഞ് കർണാടക; വിവാദം
text_fieldsഗൂഡല്ലൂർ: നീലഗിരിയിൽനിന്ന് മൈസൂരു ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് തടഞ്ഞത് വിവാദത്തിനിടയാക്കി. ലോക്ഡൗൺ ഇളവുകളെത്തുടർന്ന് കേരളമൊഴികെയുള്ള അന്തർസംസ്ഥാന ബസ് സർവിസിന് തമിഴ്നാട് സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ കർണാടക ബസുകളും തിങ്കളാഴ്ച മുതൽ നീലഗിരിയിലേക്ക് പ്രവേശിച്ചു തുടങ്ങി. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളും കർണാടകയിലെ മൈസൂരു, ബംഗളൂരു, ഗുണ്ടൽപേട്ട ഭാഗത്തേക്കും സർവിസ് തുടങ്ങി. ബസിലെ യാത്രക്കാരുടെ കൈവശം ആർ.ടി.പി.സി.ആർ അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന പരിശോധന ചൊവ്വാഴ്ച മുതൽ തുടങ്ങി. തമിഴ്നാട്–കർണാടക അതിർത്തിയായ കക്കനഹള്ളിയിലാണ് പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തുന്നത്. ഇതിനിടെ ഊട്ടിയിൽനിന്ന് മൈസൂരു ഭാഗത്തേക്ക് പോവുകയായിരുന്നു ടി.എൻ.എസ്.ടി.സി ബസിലെ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ഇല്ലെന്ന കാരണം പറഞ്ഞ് ബസ് തടഞ്ഞു.
ഇതോടെയാണ് കർണാടക ബസിലെ യാത്രക്കാരുടെ രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ബസും തടഞ്ഞിട്ടു. ചാമരാജ്, നീലഗിരി കലക്ടർമാർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് അടുത്ത ദിവസം മുതൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കൂ എന്ന് തീരുമാനിച്ച് ബസുകൾ അതിർത്തി കടക്കാൻ സമ്മതിച്ചു. ബുധനാഴ്ച മുതൽ ബസിൽ കയറുന്ന യാത്രക്കാരുടെ രേഖകൾ കണ്ടക്ടർമാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിർദേശം നൽകിയിരിക്കുകയാണ്. ഇതോടെ നിർബന്ധ രേഖകളില്ലാതെ ഇരുസംസ്ഥാനത്തേക്ക് യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.