ടാൻ ടീ തോട്ടം തൊഴിലാളികൾ ധർണ നടത്തി
text_fieldsഗൂഡല്ലൂർ: തമിഴ്നാട് ടീ പ്ലാന്റേഷൻ കോർപറേഷന് കീഴിലെ തേയിലത്തോട്ടം വനമാക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് അണ്ണാ തൊഴിൽ സംഘ പേരവൈ യൂനിയന്റെ ആഭിമുഖ്യത്തിൽ പന്തല്ലൂരിൽ ടാൻ ടീ തൊഴിലാളികൾ ധർണ നടത്തി. എൽ.എ. പൊൻജയശീലൻ അധ്യക്ഷത വഹിച്ചു. തേയിലത്തോട്ടത്തിലെ താൽക്കാലിക തൊഴിലാളികൾക്ക് തമിഴ്നാട് സർക്കാർ ജോലി നൽകുക, സർക്കാർ പ്രഖ്യാപിച്ച ദിവസവേതനം നൽകുക, തേയിലത്തോട്ടം വനംവകുപ്പിന് കൈമാറരുത്, കുടിശ്ശികയുള്ള ആനുകൂല്യങ്ങൾ നൽകുക, പുനരധിവാസപദ്ധതി പൂർണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. എ.ഐ.എ.ഡി.എം.കെ ജില്ല സെക്രട്ടറി കപ്പച്ചി വിനോദ്, മുൻ മന്ത്രി മില്ലർ, മുൻ എം.എൽ.എ ശാന്തിരാമു എന്നിവർ സംസാരിച്ചു.
എരുമാട് വ്യാപാരഭവന് തറക്കല്ലിട്ടു
ഗൂഡല്ലൂർ: എരുമാട് വ്യാപാരി അസോസിയേഷൻ ഓഫിസ് മന്ദിരത്തിനുള്ള കെട്ടിടനിർമാണ തറക്കല്ലിടൽ സംസ്ഥാന വ്യാപാരി സംഘം പ്രസിഡന്റ് എ.എം. വിക്രമരാജ നിർവഹിച്ചു. വൻകിട വ്യാപാര ശൃംഖലകളും ഓൺലൈൻ വ്യാപാരവും സംസ്ഥാനത്തെ ചെറുകിട വ്യാപാരികളെ ബാധിക്കുന്നതായും ഇക്കാര്യത്തിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ വ്യാപാരി സംഘവും പ്രയത്നിക്കണമെന്നും ഇതിനായി മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. എരുമാട് വ്യാപാരി സംഘം പ്രസിഡന്റ് അലിയാർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പൊൻ ജയശീലൻ എം.എൽ.എ, ചേരങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലില്ലി ഏലിയാസ്, വൈസ് പ്രസിഡന്റ് ചന്ദ്രബോസ്, വ്യാപാരി സംയുക്ത സമിതി ജില്ല പ്രസിഡന്റ് ആർ. പരമേശ്വരൻ, ജില്ല സെക്രട്ടറി എം.എ. റഹീം, ജില്ല പഞ്ചായത്ത് കൗൺസിലർ എം.എം. ഹനീഫ, വ്യാപാരി സംഘം ഗൂഡല്ലൂർ നിയമസഭ മണ്ഡലം പ്രസിഡന്റ് എ.ജെ. തോമസ്, ഗൂഡല്ലൂർ വ്യാപാരി സംഘം പ്രസിഡൻറ് അബ്ദുൽ റസാഖ്, ബാദുഷ, യശോദ, പ്രവീൺ തോമസ്, ടി.സി. വിനോദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. എരുമാട് വ്യാപാരി സംഘം സെക്രട്ടറി വാസു സ്വാഗതം പറഞ്ഞു.
വ്യാപാരി സംഘം യോഗം
ഗൂഡല്ലൂർ: ഗൂഡല്ലൂർ വ്യാപാരി സംഘത്തിന്റെ യോഗം വ്യാപാരി ഭവനിൽ നടന്നു. സംഘം പ്രസിഡന്റ് അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.
ഗൂഡല്ലൂർ സിറ്റി മർച്ചന്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് കാസിം, ചേംബർ ഓഫ് കോമേഴ്സ് ജില്ല ചെയർമാൻ എം. പരമേശ്വരൻ, സംസ്ഥാന പ്രസിഡന്റ് എ.എം. വിക്രമരാജ എന്നിവരും പങ്കെടുത്തു. വ്യാപാരികളുടെ താൽപര്യങ്ങൾ എപ്പോഴും സംരക്ഷിക്കപ്പെടുമെന്നും വ്യാപാരികളുടെ ഐക്യമാണ് പ്രധാനമെന്നും കച്ചവടക്കാരുടെ പ്രശ്നങ്ങളിൽ വിലപേശൽ സഹായകമാകുമെന്നും വിക്രമരാജ പറഞ്ഞു.
ഗൂഡല്ലൂർ വ്യാപാരി സംഘം സെക്രട്ടറി സമ്പദ് കുമാർ സ്വാഗതവും ട്രഷറർ ഷൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.