വർഷംതോറും ടാറിങ്, വർഷം കഴിഞ്ഞാൽ ബാക്കിയൊന്നുമില്ല...
text_fieldsതരുവണ: എല്ലാ വർഷവും ടാറിങ് നടത്തി റോഡ് നവീകരണം, മഴക്കാലം കഴിയുന്നതോടെ വീണ്ടും പഴയ നിലയിൽ. വെള്ളമുണ്ട- പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളെ കക്കടവ് പാലം വഴി ബന്ധിപ്പിക്കുന്ന തരുവണ-പാലിയാണ റോഡിനാണ് ഈ ദുരവസ്ഥ.
ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വകയിരുത്തി മൂന്നര കിലോമീറ്റർ ദൂരം വരുന്ന റോഡിൽ വിവിധ ഘട്ടങ്ങളിലായി ടാറിങ് പൂർത്തീകരിച്ച് വർഷം കഴിയുന്നതിനു മുമ്പ് ഇവ തകരുന്നു.
നീർചാലുകളുടെ അഭാവവും പോക്കറ്റ് റോഡുകളുടെ നിർമാണത്തിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതും വീടുകളിലേക്കുള്ള വഴികൾ നീർചാലുകൾ അടച്ച് നിർമിക്കുന്നതുമാണ് റോഡ് തകർച്ചക്ക് കാരണമായി ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച് ഗ്രാമസഭകളിലടക്കം നിരന്തരം ആക്ഷേപമുന്നയിച്ചിട്ടും പരിഹാരമുണ്ടാവുന്നില്ല. റോഡിന്റെ ഇരുപുറവും വെള്ളം കുത്തിയൊലിക്കുന്നതിനാൽ മണ്ണും ഒലിച്ചു പോകുന്നു.
ഇതോടെ, കട്ടിങ് രൂപപ്പെടുകയും വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ ടാർ ചെയ്ത ഭാഗങ്ങൾ ഇടിയുകയാണ്. കുന്നുമ്മൽ അങ്ങാടി പള്ളിക്കും റേഷൻ കടക്കും സമീപം ഈ വർഷം ടാർ ചെയ്ത ഭാഗങ്ങളിൽ മഴവെള്ളം റോഡിലൂടെ ഒഴുകി റോഡ് തകർച്ചയിലേക്ക് നീങ്ങുകയാണ്.
ഇവിടെ കലുങ്ക് നിർമിച്ചാൽ മാത്രമേ വെള്ളം റോഡിലൂടെ ഒഴുകിയെത്തുന്നതിന് പരിഹാരമാകൂ. മഴുവന്നൂർ ഇറക്കത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിന്റെ ഒരു ഭാഗം പൂർണമായി കോൺക്രീറ്റ് ചെയ്തത് റോഡിന്റെ തകർച്ച പരിഹരിക്കാമായിരുന്നു. റോഡിൻറെ മറുഭാഗവും ഈ രീതിയിൽ കോൺക്രീറ്റ് ചെയ്താൽ മാത്രമേ പൂർണമായി ഗുണകരമാവുകയുള്ളൂ.
തകർച്ച ഒഴിവാക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകളും നീർച്ചാലുകളും നിർമിക്കാൻ അടിയന്തര ശ്രമങ്ങൾ ഉണ്ടാകണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.