വയനാട്ടിലും ചൂടേറുന്നു; സൂര്യാഘാത ഭീഷണി
text_fieldsകൽപറ്റ: സംസ്ഥാനത്ത് കോഴിക്കോട് ഉൾപ്പെടെയുള്ള അഞ്ചു ജില്ലകളിൽ ചൂടിന്റെ തീവ്രതയേറിയതോടെ സൂര്യാഘാത ഭീഷണി ഏറുന്നു. കോഴിക്കോടിനോട് ചേർന്നുള്ള വയനാട്ടിലെ അതിർത്തി പ്രദേശങ്ങളിലും സൂര്യാഘാത ഭീഷണി നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ വയനാട്ടിലെ മറ്റിടങ്ങളിലും ചൂട് വർധിക്കുകയാണ്. 30 ഡിഗ്രി സെൽഷ്യസിനും 40നും ഇടയിലായാണ് ജില്ലയിലെ വിവിധയിടങ്ങളിലെ ഏറ്റവും കൂടിയ താപനില.
വെള്ളിയാഴ്ച കൽപറ്റയിൽ ഉൾപ്പെടെ 32ന് മുകളിലായിരുന്നു ഉച്ചസമയത്തെ താപനില. വരും ദിവസങ്ങളിൽ താപനില ഇനിയും കൂടുമെന്നാണ് കരുതുന്നത്. 30നും 40നും ഇടയിൽ കൂടിയ താപനില അസ്വസ്ഥകരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നത്.
ഏറെ നേരം വെയിലത്തുനിന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് മാത്രമേ ജോലിക്കിറങ്ങാൻ പാടുള്ളൂ. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഏറെനേരം വെയിലത്തുനിന്നാൽ തളർന്നുപോകുന്ന പ്രശ്നങ്ങളുണ്ടായേക്കാം. 45ന് മുകളിലായാൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യതയുമുണ്ട്. രാത്രിയിൽ തണുപ്പും പകൽ സമയത്ത് കൊടും ചൂടുമാണിപ്പോൾ അനുഭവപ്പെടുന്നത്. കാലാവസ്ഥ മാറ്റം വയനാടിനെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്.
എന്താണ് സൂര്യാഘാതം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. ഹീറ്റ് സ്ട്രോക്ക് അഥവാ സബ് സ്ട്രോക്ക് എന്നും ഇത് അറിയപ്പെടുന്നു. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവാന്‍ സാധ്യതയുള്ള അവസ്ഥ കൂടിയാണിത്.
ഉയര്‍ന്ന ശരീര താപനില (103 ഡിഗ്രി ഫാരന്‍ഹീറ്റ്), വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
താപ ശരീരശോഷണം
സൂര്യാഘാതത്തേക്കാൾ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ചൂടുകൂടുന്ന സാഹചര്യത്തിൽ വയനാട്ടിൽ ഉൾപ്പെടെ ഇത്തരം ആരോഗ്യപ്രശ്നമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം സൂര്യാഘാത അവസ്ഥയിലേക്ക് മാറിയേക്കാം.
രക്ഷനേടാൻ മുൻകരുതലെടുക്കാം
ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ടു മുതല്‍ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കണം. ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ ഉപ്പിട്ട നാരങ്ങ വെള്ളമോ കുടിക്കണം.
വെയിലത്ത് ജോലിയെടുക്കുന്നവർ ഉച്ചക്ക് 12 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നുവരെയുളള സമയമെങ്കിലും വിശ്രമിക്കുക. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കുട, തൊപ്പി, സണ്‍ഗ്ലാസ് ഉപയോഗിക്കുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
വെയിലേല്ക്കുമ്പോള് ത്വക്കിലോ ശരീരത്തിലോ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വെയിലത്തു നിന്ന് മാറിനില്‍ക്കണം. തണുത്തവെള്ളം കൊണ്ട് ശരീരം തുടക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക, ധാരാളം വെള്ളം കുടിക്കുക. പൊള്ളലേറ്റാല്‍ കുമിളകള്‍ പൊട്ടിക്കരുത്. കഴിയുന്നതും വേഗം ഡോക്ടറെ കണ്ട് ചികിത്സയെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.