പത്തുവർഷം, വയനാട്ടിൽ കാട്ടാന കൊന്നത് 44 പേരെ
text_fieldsകൽപറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനക്കലിയിൽ മനുഷ്യജീവൻ പൊലിഞ്ഞു. പുൽപള്ളി കൊല്ലിവയൽ കാട്ടുനായ്ക്കർ കോളനിയിലെത്തിയ കർണാടക കുട്ട സ്വദേശി വിഷ്ണു(22 ) ബുധനാഴ്ച രാത്രി എട്ടുമണിയോടെയുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ജില്ലയിൽ വന്യജീവി ആക്രമണങ്ങൾകൂടുമ്പോഴും പ്രതിരോധ നടപടികൾ പാളുകയാണ്.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഏഴാമത്തെയാളാണ് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പുൽപള്ളി പാക്കത്തെ പോൾ, വാകേരിയിലെ പ്രജീഷ്, മാനന്തവാടി കുറുക്കൻമൂലയിലെ അജീഷ്, തിരുനെല്ലിയിലെ ലക്ഷ്മണൻ, സുൽത്താൻ ബത്തേരി കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജു എന്നിവരാണ് ഈയടുത്ത് കൊല്ലപ്പെട്ടത്. പ്രജീഷ് കടുവയുടെ ആക്രമണത്തിലും മറ്റുള്ളവർ കാട്ടാനക്കലിയിലുമാണ് മരണപ്പെട്ടത്.
പരപ്പന്‍പാറ ആദിവാസി കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി(37) അടുത്തിടെ നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാനആക്രമണത്തിൽ മരിച്ചിരുന്നു. എട്ടര ലക്ഷം മനുഷ്യരുള്ള വയനാട്ടിലെ വനമേഖലകളെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 44 പേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. കടുവ ഏഴുപേരെയും കാട്ടുപോത്ത് രണ്ടുപേരെയും ഇക്കാലയളവിൽ കൊലപ്പെടുത്തി.
വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം
വന്യജീവി ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഏറുമ്പോൾ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമായി.
മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഈ നിയമമെന്നതിനാൽ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണസംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിൽ നിയമ ഭേദഗതി വേണമെന്നാണാവശ്യം. എല്ലാ ലോകരാജ്യങ്ങളിലും വന്യജീവി സംരക്ഷണത്തിനായി കൊണ്ടുവന്ന നിയമത്തിന് ചുവടുപിടിച്ചാണ് 72ൽ ഇന്ദിരഗാന്ധിയുടെ കാലത്ത് ഇന്ത്യയിൽ ഈ നിയമം കൊണ്ടുവന്നത്. ഇതിൽ ഭേദഗതിവരുത്തുക അപ്രായോഗികമാണെന്നാണ് പരിസ്ഥിതി സംഘടനകൾ പറയുന്നത്.
പ്രതിഷേധം ഭയന്ന് അർധരാത്രി തന്നെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും
മാനന്തവാടി: മാനന്തവാടി വയനാട് മെഡിക്കല്‍ കോളജിൽ ചരിത്രത്തിലാദ്യമായി അർധരാത്രിയല് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികളും പുലര്‍ച്ച ആറ് മണിക്ക് പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി നേരം പുലരും മുമ്പെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
ബുധനാഴ്ച രാത്രിയല് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ആദിവാസി കുട്ട സ്വദേശി വിഷണു(22)വിന്റെ മൃതദേഹത്തിനാണ് ഇത്തരത്തില്‍ അപൂര്‍വ ''ബഹുമതി'' അധികൃതര്‍ നല്‍കിയത്. നിലവില്‍ ജില്ലയില്‍ ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കുനേരെ നേരെ സി.പി.എം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തില്‍ കാട്ടാനയാക്രമണ വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്ത് പ്രക്ഷോഭം നടത്തി ജനശ്രദ്ധ വഴിമാറാതിരിക്കാനാണ് മന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് പതിവില്ലാത്ത നീക്കങ്ങളിലൂടെ മൃതദേഹം രാവിലെ ഏഴ് മണിയോടെ വിട്ടുനല്‍കിയത്.
നേരത്തെ ജില്ല ആശുപത്രിയായരുന്നപ്പോഴും ഇപ്പോള്‍ മെഡിക്കല്‍ കോളെജായിട്ടും ഒരിക്കല്‍ പോലും രാത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താന്‍ പൊലീസ് തയാറാവുകയുണ്ടായിട്ടില്ല. ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ കണ്ണോത്ത് മല ജീപ്പപകടമുണ്ടായത് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു.
മൃതദേഹങ്ങള്‍ അഞ്ചു മണിയോടെ ആശുപത്രിയിലെത്തിയെങ്കിലും പല ഭാഗത്ത് നിന്നും ആവശ്യമുയര്‍ന്നിട്ടും രാവിലെ പത്ത് മണിയോടെ മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍ ,ബുധനാഴ്ച രാത്രിയിലുണ്ടായ സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായപ്പോള്‍ രാത്രിയും സമയവുമെല്ലാം അപ്രസക്തമായി. വ്യാഴാഴ്ച പുലര്‍ച്ച രണ്ട് മണിയോടെയാണ് ഫോട്ടോഗ്രാഫറെ ഉള്‍പ്പെടെ വിളിച്ചു വരുത്തി പുല്‍പ്പള്ളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയത്.
സബ്കലക്ടറും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പുദ്യോഗസ്ഥരുമെല്ലാം സ്ഥലത്തെത്തുകയും രാവിലെ ഏഴു മണിയോടെ വിഷ്ണുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയുടെ അദ്യഗഡു അഞ്ചു ലക്ഷത്തിന്റെ ചെക്ക് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.
ബുധനാഴ്ച രാത്രിയില്‍ മൃതദേഹം മെഡിക്കല്‍ കോളെജിലെത്തിച്ചപ്പോള് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥലത്തെത്തിയ സി പി എം പ്രവര്‍ത്തകരുമായി നേരിയ തോതില്‍ വാക്കേറ്റവുമുണ്ടായി. ഇതെല്ലാം വിലയിരുത്തിയാണ് സി.പി.എം രാഷ്ട്രീയ ഇടപെടലിലൂടെ മൃതദേഹം നേരം പുലരും മുമ്പെ കേരള അതിര്‍ത്തി കടത്തിവിടാന്‍ ജാഗ്രത പുലര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.