ബിരിയാണി ചെമ്പിനെക്കുറിച്ചല്ല, കർഷക രക്ഷയെക്കുറിച്ച് നിയമസഭ ചർച്ചചെയ്യണമെന്ന് ബിഷപ്
text_fieldsമാനന്തവാടി: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട ബിരിയാണി ചെമ്പിനെ കുറിച്ചല്ല നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതെന്നും പകരം കർഷകരെ ബാധിക്കുന്ന ബഫർ സോൺ ഉത്തരവിനെതിരെ യാണെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ബഫർ സോൺ വഴി കർഷകരെ വഴിയാധാരമാക്കാതിരിക്കുക എന്ന ആവശ്യം ഉന്നയിച്ച് മാനന്തവാടി രൂപത മാനന്തവാടിയിൽ നടത്തിയ ജനരക്ഷ റാലിയും തുടർന്ന് മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ നടത്തിയ ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിരാത നിയമങ്ങളെ കർഷകർ പ്രതിരോധിച്ച് തോൽപിക്കും. അതുവരെ പ്രക്ഷോഭം തുടരും. മുമ്പും ഇത്തരം നിയമങ്ങളെ എതിർത്ത് തോൽപിച്ച അനുഭവങ്ങൾ ഉണ്ട്. കാർബൺ ന്യൂട്രലിൻറെ പേരിൽ ഫണ്ട് ലഭിക്കുമെന്നതാണ് ചില പരിസ്ഥിതി സ്നേഹികൾ കർഷക വിരുദ്ധ തീരുമാനത്തെ അനുകൂലിക്കാൻ കാരണം. ഇത്തരം കപട പരിസ്ഥിതി സ്നേഹികളെ കർഷകർ തിരിച്ചറിയും. കർഷകർക്കെതിരായ നിയമങ്ങൾ സൃഷ്ടിക്കുന്ന വനം വകുപ്പ് ജീവനക്കാരെ നിലക്ക് നിർത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 10.30 ഓടെ മാനന്തവാടി പോസ്റ്റ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു. മാർച്ച് ഡി.എഫ്.ഒ ഓഫിസ് പരിസരത്ത് മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. ഇതോടെ പ്രവർത്തകർ കെ.എസ്.ആർ.ടി.സി റോഡിലും മൈസൂർ റോഡിലും നിലയുറപ്പിച്ചതോടെ ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. പോൾ മുണ്ടോലിക്കൽ മുഖ്യ പ്രഭാഷണം നടത്തി. കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ, ഗഫൂർ വെണ്ണിയോട്, ഫാ. വില്യം രാജൻ, സുനിൽ ജോസ് മഠത്തിൽ, ഫാ. സുനിൽ വട്ടക്കുന്നേൽ എന്നിവർ സംസാരിച്ചു.
ബഫർസോൺ ജനവഞ്ചനയെന്ന് മരം വ്യാപാരികൾ
കൽപ്പറ്റ: നിക്ഷിപ്ത വന അതിർത്തികൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള കൃഷിഭൂമികളും ജനവാസ കേന്ദ്രങ്ങളും പട്ടണങ്ങളുമടങ്ങുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കരുതെന്ന് മരം വ്യാപാരി സംഘടന ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം സർക്കാരുകൾ നിയമനിർമ്മാണത്തിലൂടെ കോടതി വിധി മറികടക്കാനുള്ള ഇടപെടൽ നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു. നിലവിലുള്ള നിയമങ്ങൾക്ക് വിപരീതമായി ചില ഉദ്യോഗസ്ഥർ ഇറക്കുന്ന അശാസ്ത്രീയ ഉത്തരവുകളും അനാവശ്യ ഇടപെടലും മരവ്യവസായത്തെ തകർക്കുകയാണെന്ന് കമ്മിറ്റി ആരോപിച്ചു. ബഫർ സോണിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കാനുള്ള നിയമം പിൻവലിക്കണമെന്നും അടുത്ത ദിവസം ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ സമരത്തിന് രൂപം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
ജയിംസ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. കെ.സി.കെ. തങ്ങൾ, ഒ.ഇ. കാസിം, വി.ജെ. ജോസ്, ജാബിർ കരണി, കെ.എ. ഹനീഫ, പി. ഷാഹുൽ ഹമീദ്, വി.പി. അസ്സു ഹാജി, സലിം കണിയാരം, ഷിബു പുൽപള്ളി, ഏലിയാസ് അമ്പലവയൽ, സുരേഷ് വൈത്തിരി, വിഷ്ണു കൽപറ്റ, ഷിബു ചീരാൽ, സോമസുന്ദരൻ ബത്തേരി, ജോസ്കുട്ടി മീനങ്ങാടി, ബാവ മേപ്പാടി, അബ്ബാസ് കേണിച്ചിറ, പ്രകാശൻ വാകേരി തുടങ്ങിയവർ സംസാരിച്ചു.
യു.ഡി.എഫ് പ്രതിഷേധറാലിയും സമ്മേളനവും ഒന്നിന്
കല്പറ്റ: വയനാടന്‍ ജനതയെ കൃഷിയിടങ്ങളില്‍ നിന്നും കിടപ്പാടങ്ങളില്‍ നിന്നും ആട്ടിപ്പായിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടികളില്‍ പ്രതിഷേധിച്ചും സീറോ സോണ്‍ ബഫര്‍സോണ്‍ പ്രഖ്യാപിക്കുക, നാടും കാടും വേര്‍തിരിക്കുക, നാട് ജനങ്ങള്‍ക്കും കാട് വന്യജീവികള്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും യു.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ജൂലൈ ഒന്നിന് അഞ്ച് മണിക്ക് സുല്‍ത്താൻ ബത്തേരി ടൗണില്‍ പ്രതിഷേധറാലിയും മഹാസമ്മേളനവും നടക്കുമെന്ന് ജില്ല ചെയര്മാന് പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന് എന്നിവര്‍ അറിയിച്ചു. യു.ഡി.എഫിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
ബഫർസോൺ ജനങ്ങളെ ബാധിക്കാത്ത വിധത്തില്‍ പുനര്‍നിശ്ചയിക്കണം –എസ്.എസ്.എഫ്
കല്പറ്റ: സംരംക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധിയിൽ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് എസ്.എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ ആവശ്യപ്പെട്ടു.
എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കല്പറ്റയില് സംഘടിപ്പിച്ച ഗ്രീന്‍ കേരള സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്നത്തെ ശാസ്ത്രീയമായി പഠിച്ച് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത വിധത്തില്‍ പുനര്‍ നിശ്ചയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി. ബഷീര്‍ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ ശാസ്ത്രജ്ഞന് ഡോ. എസ്. അഭിലാഷ്, കാലാവസ്ഥ ഗവേഷകന് ഡോ. പി. വിജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ അനന്തന് പൊക്കുടന്, എം.ബി. ജയഘോഷ്, കെ.പി. ഏലിയാസ് പൗലോസ്, ബശീര്‍ ഫൈസി വെണ്ണക്കോട്, സി.കെ.എം. നബീല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. സിദ്ദീഖലി തിരൂര്‍, ശുഐബ് കണ്ണൂര്‍, ജസീല്‍ വയനാട്, സഈദ് ഇര്‍ഫാനി, നൗഫല്‍ വയനാട് എന്നിവര്‍ സംസാരിച്ചു.
ബഫർസോൺ: നടപടി സ്വീകരിക്കണം -എസ്.എൻ.ഡി.പി
പുൽപള്ളി: ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ശകതമായ നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ആശ്രമക്കൊല്ലി ശാഖായോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മോഹനൻ വാരിശ്ശേരിൽ അധ്യക്ഷത വഹിച്ചു. കോരു കോഞ്ചത്ത്, കിഷോർ കാവുങ്കൽ, വിജയകുമാർ, ബിജു, രാജേഷ് കൊല്ലപ്പള്ളിൽ, വിജയൻ കണ്ണക്കാപറമ്പിൽ, രവീന്ദ്രൻ, ശശി തുടങ്ങിയവർ സംസാരിച്ചു.
ഫ്ലാഷ് ലൈറ്റ് പ്രതിഷേധം
സുൽത്താൻ ബത്തേരി: വനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല പ്രദേശമാക്കിയുള്ള സുപ്രിം കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരി നഗരസഭയിലെ വനയോര ഗ്രാമമായ ആർമാട് ഫ്രണ്ട്ലൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാത്രി പ്രദേശത്ത് ഫ്ലാഷ് ലൈറ്റ് പ്രതിഷേധം നടത്തി.
വാർഡ് കൗൺസിലർ പി. സംഷാദ്, ജിബിൻ, ഹാരിസ്, വി.വി. ജോയി, എബി മാത്യു, ഷിബു ഊതാളകോട്ട, സദ്ദാം കണ്ടാട്ടിൽ, സിദ്ദീഖ്, അബ്ദുറഹ്മാൻ കാരാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.