മുഖ്യമന്ത്രി കേൾക്കണം വയനാടിന്റെ മുറവിളി
text_fieldsകൽപറ്റ: കോഴിക്കോട് -കണ്ണൂര്‍ ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ചേർത്ത് 12 ാമത്തെ ജില്ലയായി വയനാട് രൂപവത്കരിച്ച് അരനൂറ്റാണ്ട് തികയാൻ വർഷങ്ങൾ മാത്രമേഉള്ളൂവെങ്കിലും വികസനത്തിന്റെ കാര്യത്തിൽ ഇപ്പോഴും ശിശുതന്നെയാണ് ജില്ല. മാറിവരുന്ന സർക്കാറുകൾ ജില്ലക്ക് നൽകുന്ന വാഗ്ദാനങ്ങൾ മാത്രമാണ് പലപ്പോഴും ചുരം കയറി എത്താറുള്ളത്. വയനാട്ടുകാരുടെ അടിസ്ഥന പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പോലും ഭരണകൂടങ്ങൾ തികഞ്ഞ നിസ്സംഗതയാണ് പുലർത്താറുള്ളത്.
നാടിറങ്ങി വന്യമൃഗങ്ങൾ
കഴിഞ്ഞ ഏഴു വർഷത്തിനിടെ മേപ്പാടി എന്ന പ്രദേശത്ത് മാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. കടുവയുടെ ആക്രമണത്തിലും ജില്ലയിൽ മരണമുണ്ടായി. കാട്ടാനകളുടെ ആക്രമണത്തിൽ ജില്ലയിലെ പല ഭാഗങ്ങളിലും നിരവധി പേർ കൊല്ലപ്പെടുന്നു. ലക്ഷങ്ങളുടെ കാർഷിക വിളകളാണ് ഒാരോ വർഷവും നശിപ്പിക്കുന്നത്. കിടങ്ങുകളും ഫെൻസിങ്ങുകളും തകർന്നതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയാണ്.
വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുൾപ്പെടെ നിരവധി വീടുകളാണ് വന്യമൃഗങ്ങൾ തകർത്തത്. വളർത്തുമൃഗങ്ങളെയടക്കം കൊന്നൊടുക്കുകയും ചെയ്യുന്നു. ഇതിനാവട്ടെ പലപ്പോഴും ന്യായമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുംവിധം 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം നാളുകളായി ഉന്നയിക്കുന്നതാണെങ്കിലും നടപടിയുണ്ടാവുന്നില്ല.
ഗോത്രവിഭാഗങ്ങളോട് പുറംതിരിഞ്ഞ്
വയനാട്ടിൽ ഏറ്റവും പ്രബല വിഭാഗമായ ആദിവാസികൾ ഇന്നും വോട്ട് ബാങ്ക് മാത്രമാണ് മുന്നണികൾക്ക്. വീടും വിദ്യാഭ്യാസവും അവകാശങ്ങളും ഈ വിഭാഗത്തിന് അന്യംനിൽക്കുകയാണ്. നിരന്തര ചൂഷണത്തിന് വിധേയരാവുന്ന ഒരു വിഭാഗത്തെ കൈപിടിച്ചുയർത്തുന്നതിന് പദ്ധതികളും ഫണ്ടും നിരവധിയാണെങ്കിലും അവരിലേക്കെത്താതെ പാതിവഴിയിൽ നിലച്ചുപോവുകയാണ് അവയെല്ലാം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആദിവാസി കുടുംബങ്ങള്‍ ഒരു പതിറ്റാണ്ടുമുമ്പ് ആരംഭിച്ച ഭൂസമരം ഇന്നും തുടരുന്നത് വലിയ ഉദാഹരണം.
നിരവധി വീടുകളാണ് നിർമാണത്തിന്റെ പാതിയിൽ നിൽക്കുന്നത്. നിർമിച്ചവ പലതും അപാകത കാരണം വാസയോഗ്യവുമല്ല. സഞ്ചാരയോഗ്യമല്ലാത്ത വഴികളും ചോർന്നൊലിക്കുന്ന കോൺക്രീറ്റ് വീടുകളും കോളനികളിലെ നിത്യ കാഴ്ചകളാണ്. വിദ്യാഭ്യാസത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാൻ കാലതാമസം നേരിടുന്നത് കാരണം പല വിദ്യാർഥികളും പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്നു. വിദ്യാർഥികളെ സ്കൂളിലെത്തിക്കാനുള്ള ഗോത്ര സാരഥി പദ്ധതി താളംതെറ്റിക്കിടക്കുന്നത് കൊഴിഞ്ഞുപോക്കിന്റെ ആഴം വർധിപ്പിക്കുന്നു.
കുടകിലും മറ്റും ജോലിക്ക് പോകുന്ന ആദിവാസികളുടെ ദുരൂഹ മരണങ്ങൾ വർധിക്കുമ്പോഴും ഭരണകൂടം മൗനം പാലിക്കുന്നു. ഈ വർഷം മാത്രം കുടകിൽ ജോലിക്ക് പോയ നാല് ആദിവാസികളാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. നിരവധി പരാതികൾ ഉയർന്നിട്ടും ഇതിനെ കുറിച്ച് അന്വേഷിക്കാൻ പോലും സർക്കാറിനോ ഭരണകൂടത്തിനോ താൽപര്യമില്ല. ആദിവാസികളുടെ പരിരക്ഷക്കുള്ള നിയമങ്ങൾക്കും നിർദേശങ്ങൾക്കും കടലാസിന്റെ വില പോലുമില്ലാതാവുന്നു.
വിളനാശവും വിലത്തകർച്ചയും
വയനാട്ടുകാർ ഭൂരിപക്ഷവും കാർഷിക മേഖലയിലെ ആശ്രയിച്ചു കഴിയുന്നവരാണ്. എന്നാൽ അടുത്ത കാലത്തായി കാർഷിക മേഖല ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചികൊണ്ടിരിക്കുന്നു. ഒരു കാലത്ത് നെല്ലറകളുടെ നാടായിരുന്ന ജില്ലയിൽ നെൽകൃഷി പലരും ഉപേക്ഷിക്കുന്നു.
കുരുമുളകും കവുങ്ങും കീടബാധ കാരണം നശിച്ചു കൊണ്ടിരിക്കുന്നു. വന്യമൃഗശല്യം കാരണം രാത്രി തോട്ടങ്ങളിൽ കാവലിരിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. കറുത്ത പൊന്നിന്റെ ശക്തിയില്‍ ഉയര്‍ന്നു വന്ന ഗ്രാമങ്ങള്‍ പലതും കീടബാധ വന്നതോടെ സാമ്പത്തികമായി ക്ഷയിച്ചു.
1990കളിലാണ് ദ്രുതവാട്ട രോഗം കുരുമുളകില്‍ കണ്ടുതുടങ്ങിയത്. 2000നു ശേഷമാണ് വ്യാപക നാശമുണ്ടായത്. ഫലപ്രദമായ മരുന്ന് കണ്ടെത്താനോ രോഗപ്രതിരോധത്തിനുള്ള കണ്ടെത്തലോ ഉണ്ടാകുന്നില്ല. സീസൺ സമയങ്ങളിൽ കാർഷിക ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നുമില്ല.
കർഷകരെ സഹായിക്കുന്നതിന് സർക്കാർ പദ്ധതികളൊന്നും കാര്യമായി ഉണ്ടാവുന്നില്ല. കാലാവസ്ഥ വ്യതിയാനം ജില്ലയുടെ കാർഷിക മേഖലയെ തന്നെ തകിടംമറിച്ചു. കെടുതിയിലും വന്യമൃഗശല്യത്തിലും കൃഷി നശിച്ചവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല.
ബാങ്കുകളിൽ നിന്നും വായ്പയെടുത്താണ് പലരും കൃഷി നടത്തിയത്. വിളനാശവും വിലത്തകർച്ചയും വായ്പാ തിരിച്ചടവ് മുടങ്ങാൻ കാരണമായതോടെ ബാങ്കുകൾ ജപ്തി നോട്ടീസുകളുമായി കർഷകരുടെ വീടുകൾ കയറിയിറങ്ങുകയാണ്. അതോടെ ജില്ലയിലെ കർഷക ആത്മഹത്യകളും വർധിച്ചു. ഇക്കഴിഞ്ഞ ദിവസം കല്ലോടിയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.
അഴിയാത്ത കുരുക്ക്
റെയിൽവേയോ വിമാനത്താവളമോ ഇല്ലാത്ത വയനാടിനെ ഗതാഗത സൗകര്യങ്ങളുടെ അഭാവം കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്നു. ചുരം കയറിവേണം വയനാട്ടിലെത്താൻ. താമരശ്ശേരി വഴി വയനാട് ചുരവും കുറ്റ്യാടി വഴി പക്രംതളം ചുരവും പേരിയ ചുരവും നാടുകാണി ചുരവുമാണ് വയനാട്ടിലേക്കും തിരിച്ചും ബന്ധപ്പെടാനുള്ള പാതകൾ. നാല് വർഷം മുമ്പുള്ള പ്രളയസമയത്ത് ചുരങ്ങളിലൂടെയുള്ള ഗതാഗതം നിലച്ചപ്പോൾ ദിവസങ്ങളോളം വയനാട് ഒറ്റപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ പൂജ അവധി ദിവസങ്ങളിൽ ദാഹജലം പോലും ലഭിക്കാതെ, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ മണിക്കൂറുകളാണ് നൂറുകണക്കിനാളുകൾ ചുരത്തിൽ കുടുങ്ങിയത്. വയനാട് ചുരത്തിനു ബദൽപാതകളെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അവയെല്ലാം ചുവപ്പുനാടയിൽ വിശ്രമത്തിലാണ്.
പടിഞ്ഞാറത്തറ - പൂഴിത്തോട്- പെരുവണ്ണാമൂഴി, ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ, മേപ്പാടി - അട്ടമല- നിലമ്പൂർ, കുഞ്ഞോം-വിലങ്ങാട്, ആനക്കാംപൊയിൽ- കള്ളാടി-തുരങ്കപ്പാത എന്നിവയാണ് വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന പ്രധാന ബദൽപാത നിർദേശങ്ങൾ. തുരങ്കപാതയാണ് ഇപ്പോൾ സർക്കാറിന്റെ മുന്നിലുള്ള പ്രധാന പാതയെങ്കിലും മറ്റു ബദൽ പാതകളുടെ കാര്യത്തിലും പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടെങ്കിലും തുടർനടപടികൾ തുലാസ്സിലാണ്.
കിതച്ച് കിതച്ച് മെഡിക്കൽ കോളജ്
തുടക്കം മുതൽ മതിയായ ചികിത്സ ലഭിക്കാതെ കിതക്കുന്നത് മെഡിക്കൽ കോളജ് തന്നെയാണ്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പുളിയാർമലയിൽ മെഡിക്കൽ കോളജ് തറക്കല്ലിട്ടെങ്കിൽ തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തി മാനന്തവാടിയിലേക്ക് മാറ്റി. ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ അവസാനത്തിൽ മെഡിക്കൽ കോളജ് ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും ബോർഡിൽ മാത്രമായി അത് ചുരുങ്ങുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനുള്ള മെഡിക്കൽ കോളജ് മാത്രമായി വയനാട് മെഡിക്കൽ കോളജ് മാറുന്നതാണ് ഇപ്പോഴത്തെയും കാഴ്ച. തലപ്പുഴയിലെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പോലും ചുവപ്പുനാടയിലാണ്. പുതിയ നഴ്സിങ് കോളജ് പ്രവേശനം മാത്രമാണ് പറയാവുന്ന പുരോഗതി.
യാത്രാ നിരോധനം
മുത്തങ്ങവഴിയും ബാവലി വഴിയും രാത്രിയാത്ര നിരോധനം പ്രാബല്യത്തിൽ വന്ന് 14 വർഷം പിന്നിട്ടു. മുത്തങ്ങ വഴി ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ രാത്രി ഒമ്പതിന്ശേഷവും ബാവലി വഴി വൈകീട്ട് ആറിന് ശേഷവും യാത്രാവിലക്കേർപ്പെടുത്തിയത് കച്ചവടക്കാരെയും വിദ്യാർഥികളെയും ഉൾപ്പെടെ കാര്യമായി ബാധിച്ചിട്ടും കർണാടകയുടേയും വനം വകുപ്പിന്റെയും നിലപാട് ഇപ്പോഴും തൽസ്ഥിതി തുടരുന്നതിന് കാരണമാകുന്നു. മൈസൂരു, ബംഗളൂരു നഗരങ്ങളെ ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ഉപരിപഠനത്തിന് ആശ്രയിക്കുന്നത്. കച്ചവടക്കാരും ഈ നഗരങ്ങളിൽ നിരവധിയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ എവിടെ
ജില്ലയിൽ ഗവൺമെന്റ് കോളജില്ലാത്ത ഏക നിയോജക മണ്ഡലം ബത്തേരിയാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബത്തേരിയിൽ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രഖ്യാപിച്ചിരുന്നെങ്കിലും വർഷങ്ങൾ പലതു കഴിഞ്ഞിട്ടും തീരുമാനം ഫയലിൽ സുഖനിദ്രയിലായിരുന്നു.
2023-24 വർഷത്തിൽ കോളജ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാനും കെട്ടിട നിർമാണത്തിനും 30 കോടി വകയിരുത്തിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികളൊന്നുമുണ്ടായില്ല. ഗോത്ര വിദ്യാർഥികൾക്കടക്കം ഉപരിപഠനത്തിന് ജില്ലയിൽ സൗകര്യമൊരുക്കുന്നത് ലക്ഷ്യമിട്ടായിരുന്നു തീരുമാനം.
ജില്ലയിൽ ഏതാനും സ്വാശ്രയ കോളജുകൾ ഉണ്ടെങ്കിലും ഉയർന്ന് ഫീസ് നൽകി പഠിക്കാനുള്ള സാമ്പത്തിക ശേഷി പലർക്കുമില്ല. പ്ലസ് വൺ സീറ്റുകളുടെ അപര്യാപത് തയും ജില്ലക്ക് കീറാമുട്ടിയായി.
ഗോത്രവിദ്യാർഥികൾ കൂടുതലുള്ള ജില്ലയിൽ ആവശ്യത്തിന് സീറ്റ് കിട്ടാത്ത സാഹചര്യവുമുണ്ടായി.
റെയിൽപാതക്കും ചുവപ്പുനാട
വയനാട്ടുകാരുടെ കാലങ്ങളായുള്ള വലിയൊരു സ്വപ്നമാണ് റെയിൽ പാത. ബ്രിട്ടീഷുകാരുടെ കാലത്ത് നിർദേശിച്ച വയനാട്ടിലൂടെ കടന്നുപോകുന്ന നഞ്ചൻകോട്- നിലമ്പൂർ റെയിൽ പാതക്ക് 1921ലാണ് ഇന്ത്യൻ റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മുറവിളി മാത്രമാണ് ബാക്കി.
2002ലെ റെയിൽവേ ബജറ്റിൽ സർവേക്ക് അംഗീകാരം നൽകുകയും 2016ൽ ഡി.പി.ആർ തയാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും എവിടേയുമെത്തിയില്ല. സർക്കാറുകളുടെ കാര്യക്ഷമമല്ലാത്ത ഇടപെടൽ വയനാട്ടുകാരുടെ മോഹത്തിന് മങ്ങലേൽപിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ചെറുവിമാനത്താവളം
ചെറിയ യാത്രാവിമാനങ്ങള്‍ക്ക് വന്നുപോകാന്‍ ഉതകുന്ന മിനി ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് വയനാട്ടില്‍ സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചയും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടും നാളുകളേറെയായി. എന്നാൽ, എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ പോലും ഇനിയും വ്യക്തതയായിട്ടില്ല. വയനാട്ടിനൊപ്പം പരിഗണിച്ച കാസർകോട്, ഇടുക്കി ജില്ലകളിൽ ഇതിനകം സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
വിദഗ്ധ സംഘം ജില്ലയിലെ പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും വിവിധ റിപ്പോർട്ടുകളിലുള്ള ക്രോഡീകരണം ഇതുവരെയുണ്ടായില്ലെന്നാണ് അറിയുന്നത്. സ്ഥലനിര്‍ണയം അനിശ്ചിതമായി വൈകുന്നത് വിമാനത്താവള പദ്ധതി തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയുണ്ട്. ചുരത്തിലൂടെയല്ലാതെ ഗതാഗത സൗകര്യങ്ങളില്ലാത്ത ജില്ലയില്‍ അടിയന്തര ഘട്ടങ്ങളിലെ ഉപയോഗവും ടൂറിസം വികസനവും മുന്‍നിര്‍ത്തിയാണ് എയര്‍സ്ട്രിപ് സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.