കൈവശ ഭൂമിയിലെ വീട് നിർമാണം വനം, റവന്യൂ അധികൃതർ തടഞ്ഞു
text_fieldsഗൂഡല്ലൂർ: രണ്ടു പതിറ്റാണ്ട് കാലമായി കൈവശംവെച്ചിരുന്ന ഭൂമിയിൽ വീട് നിർമിക്കാനൊരുങ്ങിയ കർഷക കുടുംബത്തെ തടഞ്ഞ് റവന്യൂ, വനം വകുപ്പ് അധികൃതർ. കുടിയിറക്കിനെതിരെ പോരാടി ആത്മാഹുതി ചെയ്ത തിരുത്തിയിൽ ലൂയിസിെൻറ നാടിന് സമീപത്താണ് ഇപ്പോഴത്തെ നടപടി. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിരോധവുമായി രംഗത്തെത്തുകയും വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിക്കുകയും ചെയ്തു.
ശ്രീമധുര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട മൺവയൽ കവലയിൽനിന്ന് ഏതാനും വാര അകലെയുള്ള ലിസി തോമസിെൻറ വീട് നിർമാണമാണ് ആദ്യം റവന്യു വിഭാഗവും വെള്ളിയാഴ്ച വനപാലകരുമെത്തി തടഞ്ഞ് പൊളിക്കാനുള്ള ശ്രമം നടത്തിയത്. ഇതിനെതിരെ പ്രതിരോധം ശക്തമായതോടെ നടപടികൾ തൽക്കാലികമായി നിർത്തിവെച്ചു. അതേസമയം, നാലു പെൺമക്കളുള്ള കുടുംബത്തെ കുടിയിറക്കാനുള്ള നീക്കം ചെറുക്കുന്നതിെൻറ ഭാഗമായി പുതിയ വീടിനായി നിർമിച്ച കെട്ടിടത്തിൽ നാട്ടുകാർ ഭക്ഷണം പാകംചെയ്ത് വിതരണം ചെയ്തു. ഉടുതുണിമാറാൻ പോലും സൗകര്യമില്ലാത്ത പഴയവീടിനു സമീപത്താണ് പുതിയ വീട് നിർമിക്കാൻ ആരംഭിച്ചത്. എന്നാൽ, വന ഭൂമിയിൽപ്പെട്ടതാെണന്നും കൈയേറ്റമാെണന്നുമാണ് വനപാലകരും റവന്യൂ വകുപ്പും പറയുന്നത്. പഴയ ഷീറ്റ് വീടിന് പഞ്ചായത്തിെൻറ ഡോർ നമ്പറും വൈദ്യുതിയുമുണ്ട്.
മാത്രമല്ല, മൺവയൽ ടൗണിലെ ഹൃദയഭാഗത്താണ് ലിസി തോമസിെൻറ വീട്. വീട് നിർമിക്കാനുള്ള അനുകൂല തീരുമാനമുണ്ടാവണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. റേഞ്ചർ രാമചന്ദ്രൻ, വി.എ.ഒ മോഹൻരാജ് എന്നിവർ നാട്ടുകാരുമായി സംസാരിച്ചു. നല്ലൊരു തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും അതുവരെ തങ്ങളും സഹകരിക്കുമെന്നും നാട്ടുകാരും അറിയിച്ചു. ഗൂഡല്ലൂർ ഡി.എഫ്.ഒയുമായി ശനിയാഴ്ച ജനപ്രതിനിധികൾ ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.