അപകടഭീഷണിയായി വയനാട് ചുരം റോഡിലെ ഓവുചാലുകൾ
text_fieldsവൈത്തിരി: വയനാട് ചുരത്തിലെ റോഡിനോട് ചേർന്നുള്ള ഓവുചാലുകൾക്ക് സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു. വലിയ വാഹനങ്ങൾ ഉൾപ്പെടെ ഓവുചാലുകളിൽ കുടുങ്ങുന്നത് ചുരത്തിൽ ഗതാഗതകുരുക്കിനും കാരണമാകുകയാണ്. വലിയ വാഹനങ്ങൾ മറികടക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ സൈഡില്ലാതെ ഓവുചാലുകളിൽ വീഴുന്ന സംഭവങ്ങളും നേരത്തെയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചുരത്തിലെ എട്ടാം വളവിന് മുകൾഭാഗത്തായി സിമന്‍റ് കയറ്റിവരുകയായിരുന്ന ലോറിയാണ് ഓവുചാലിൽ ചാടിയത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വീതികുറഞ്ഞ ഭാഗമായതിനാൽ ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. വലിയ വാഹനങ്ങൾ കുഴിയിൽ വീണ് പലയിടത്തും ഓവുചാലുകൾ വലിയ കുഴികളായും മാറിയിട്ടുണ്ട്. ഇതോടെ കൂടുതൽ വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.
കോടികൾ മുടക്കിയാണ് ചുരം റോഡ് നവീകരണ പ്രവൃത്തികൾ നടത്തിയത്. ഓടകളും അറിവുചാലുകളും നവീകരിക്കാൻ പ്രത്യേക ഫണ്ടുതന്നെ അനുവദിച്ചിരുന്നു. ഓരോ തവണ ടാറിങ് നടക്കുന്നതിനനുസരിച്ചു റോഡിന്റെ ഉയരം വർധിക്കുകയും ചാലിന്റെ ആഴം കൂടുകയും ചെയ്തു. ചുരത്തിന്‍റെ ഒരു വശത്തായുള്ള ഓവുചാലിന്‍റെ വലിപ്പവും ഇതോടെ വർധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വലിയ ഓവുചാലുകൾ സ്ലാബിട്ട് അടച്ച് സുരക്ഷിതമാക്കാനോ അല്ലെങ്കിൽ ചാലിനോട് ചേർന്ന് കോൺക്രീറ്റ് വരമ്പുകളോ മറ്റോ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കാനോ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
വീതി കുറഞ്ഞ ഭാഗത്തെ ഓവുചാലുകൾ എങ്കിലും സുരക്ഷിതമാക്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ട്. ആറാം വളവിനു സമീപം അപകടമൊഴിവാക്കാൻ കുറച്ചു സ്ഥലത്ത് ഇത്തരത്തിൽ കോൺക്രീറ്റ് പാളികൾ സ്ഥാപിച്ചിട്ടുണ്ട്. എട്ടിനും ഒമ്പതിനും വളവുകൾക്കിടയിൽ വീതി കുറഞ്ഞ സ്ഥലങ്ങളിലാണ് വാഹനങ്ങൾ ചാലിലേക്കു ചാടുന്നത്. എതിർവശത്തെ വാഹനങ്ങൾക്കു സൈഡ് കൊടുക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. ദിനേനയെന്നോണം വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടായിട്ടും അധികൃതർക്ക് പക്ഷേ, യാതൊരു കുലുക്കവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.