ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം വീണ്ടും
text_fieldsകാവുമന്ദം: ചെടികൾ തിന്ന് നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം തരിയോട് ഗ്രാമപഞ്ചായത്തിലും കണ്ടെത്തി. കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ഇവയെ ഏഴാം വാര്‍ഡിലെ ക്രിസ്റ്റഫര്‍ തുറവേലിക്കുന്നിന്റെ കൃഷിയിടത്തിലാണ് കണ്ടെത്തിയത്.
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പറഞ്ഞതനുസരിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ടെക്നിക്കല്‍ സപ്പോര്‍ട്ടിങ് ഗ്രൂപ് അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞന് ഡോ. പി.കെ. പ്രസാദന്‍, പൂക്കോട് വെറ്ററിനറി സർവകലാശാല സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് സ്പെഷല്‍ ഓഫിസര്‍ ഡോ. ജോര്‍ജ് ചാണ്ടി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ പി.ആര്. ശ്രീരാജ് എന്നിവര്‍ സ്ഥലത്തെത്തിയാണ് സ്ഥിരീകരണം നടത്തിയത്. കഴിഞ്ഞ ജൂണില്‍ കൊയിലേരിയിലും ആഫ്രിക്കന്‍ ഒച്ചിനെ കണ്ടെത്തിയിരുന്നു. ആറുമുതല്‍ 10 വര്‍ഷംവരെ ഇവ ജീവിച്ചിരിക്കും. ലോകത്തെ 100 അക്രമി ജീവിവർഗങ്ങളില്‍പ്പെട്ട കർഷകർക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്ന ഭീമന് ആഫ്രിക്കന്‍ ഒച്ച് മഴക്കാലത്താണ് എത്തുക. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇവ മുട്ടയിട്ടു പെരുകും.
1847ല്‍ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലാദ്യമായി ഇവയെ കണ്ടത്. കേരളത്തിൽ 1970കളില്‍ പാലക്കാട്ടാണ് ആദ്യം കണ്ടത്. 2005 മുതൽ കേരളത്തിലങ്ങോളമിങ്ങോളം ഈ ഒച്ചുകളെ കണ്ടുതുടങ്ങി. 2016ല്‍ ചുള്ളിയോടാണ് വയനാട്ടില്‍ ആദ്യമായി ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒച്ചിന് 20 സെ.മീ. വരെ നീളവും 250 ഗ്രാം തൂക്കവും ഉണ്ടാകും. കേരളത്തിലെ പല സ്ഥലങ്ങളിലും ഇവയുടെ ആക്രമണംമൂലം വലിയ കൃഷിനാശം ഉണ്ടായിട്ടുണ്ട്.
അനുകൂല കാലാവസ്ഥയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഒച്ച് നാലു പ്രാവശ്യമായി 1200 മുട്ടവരെ ഇടും. സന്ധ്യ കഴിഞ്ഞാണ് ഒച്ചുകള്‍ തടങ്ങളില്‍നിന്ന് പുറത്തുവരുന്നത്. പുലര്‍ച്ചവരെ ചെടികള്‍ തിന്നുതീര്‍ക്കും. വാഴ, മഞ്ഞള്‍, കൊക്കോ, കാപ്പി, കമുക്, ഓര്‍ക്കിഡ്, ആന്തൂറിയം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇവയുടെ ഭക്ഷണമാണ്.
ഒച്ചിന്റെ ശരീരത്തില്‍ തെങ്ങിന്റെ കൂമ്പുചീയല്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഹേതുവായ ഫൈറ്റോഫാറ് കുമിളിനെ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കും ഉപദ്രവകാരികളായ ഈ ഒച്ചുകള്‍ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ്.
ഒച്ചിനെ നന്നായി പാകം ചെയ്യാതെ ഭക്ഷിക്കുന്നവരിലാണിതു കണ്ടുവരുന്നത്. ബോര്‍ഡോമിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചുശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവിയും ഇവയെ നിയന്ത്രിക്കാം.
തരിയോട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, കേരള വെറ്ററിനറി യൂനിവേഴ്സിറ്റി പൂക്കോട് തുടങ്ങിയവയുടെ സഹായത്തോടെ പഞ്ചായത്തു പരിധിയില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കുറക്കാന്‍ നടപടി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.