'ദുരന്തങ്ങൾക്ക് ഒരു മുഴം മുമ്പേ'; നാട്ടുകാരെ ഞെട്ടിച്ചും ചിരിപ്പിച്ചും 'രക്ഷാപ്രവർത്തനം'
text_fieldsകൽപറ്റ: കാരാപ്പുഴ അണക്കെട്ടിൽ ബോട്ട് മറിയുകയോ? വിവരം അറിഞ്ഞ നാട്ടുകാർ അമ്പരന്നു. ബോട്ട് സർവിസില്ലാത്ത കാരാപ്പുഴയിൽ ബോട്ടിൽ ആരാണ് പോയതെന്നറിയാൻ ആളുകൾ കൂടി. അണക്കെട്ടിലെത്തിയപ്പോൾ അറിഞ്ഞ വിവരം ശരിയാണെന്ന് മനസിലായി. അണക്കെട്ടിന്റെ മധ്യഭാഗത്തായി ബോട്ട് മറിഞ്ഞ നിലയിൽ കാണുന്നു! അതിലേ ആളുകൾ വെള്ളത്തിൽ മൂങ്ങിത്താഴുകയാണ്. ഉടൻ തന്നെ അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തെത്തി വെള്ളത്തിൽ മുങ്ങിയവരെ കരക്കെത്തിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടു. ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്.എഫ്) നേതൃത്വത്തില്‍ കാരാപ്പുഴ അണക്കെട്ട് പരിസരത്ത് ബുധനാഴ്ച രാവിലെ പതിനൊന്നോടെ നടന്ന മോക്ക് ഡ്രില്ലാണ് നാട്ടുകാരെയും സന്ദർശകരെയും അങ്കലാപ്പിലാക്കിയത്.
രക്ഷാപ്രവര്‍ത്തന മുന്നൊരുക്കം പരിശോധിക്കാൻ ജില്ല ഭരണകൂടമാണ് എന്‍.ഡി.ആര്.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ആരോഗ്യവകുപ്പ്, മറ്റ് വകുപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് കാരാപ്പുഴയില്‍ മോക് ഡ്രില്‍ നടത്തിയത്.
ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി സേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായിരുന്നു മോക് ഡ്രില്‍. ബോട്ട് മറിഞ്ഞാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനവും ഒറ്റപ്പെട്ട തുരുത്തില് അകപ്പെട്ടവരെ രക്ഷപ്പടുത്തുന്നതുമാണ് മോക്ഡ്രില്ലില്‍ അവതരിപ്പിച്ചത്. ബോട്ട് മറിഞ്ഞ് വെള്ളത്തിലകപ്പെട്ട ആറു പേര്, ഒറ്റപ്പെട്ട തുരുത്തില് അകപ്പെട്ട രണ്ടു പേര്, വെള്ളത്തിലകപ്പെട്ട ഒരാള്‍ എന്നിവരെയാണ് മോക് ഡ്രില്ലിലൂടെ രക്ഷപ്പെടുത്തിയത്.
എന്‍.ഡി.ആര്.എഫിലെ 30 സേനാംഗങ്ങള്‍, അഗ്നി രക്ഷാ സേനാംഗങ്ങള്‍ എന്നിവരും പള്‍സ് എമര്‍ജന്‍സി ടീമിലെ 24 അംഗങ്ങളും മോക് ഡ്രില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഡെപ്യൂട്ടി കലക്ടര്‍ വി. അബൂബക്കര്‍, തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ പി. ജയരാജന്, വൈത്തിരി താലൂക്ക് തഹസില്‍ദാര്‍ ടോമിച്ചന് ആന്റണി, എന്‍.ഡി.ആര്.എഫ് ഡെ. കമാണ്ടന്റ് എസ്. വൈദ്യലിങ്കം, എസ്.ഐ. കെ.കെ. പെരേവ, ഫയര്‍ ആൻഡ് റസ്ക്യു സ്റ്റേഷന് ഓഫിസര്‍ പി.കെ. ബഷീര്‍ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.