കക്കടവ് പുഴ വരളുന്നു; ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsതരുവണ: വേനൽ കഠിനമായതോടെ ഗ്രാമപ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാവുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളമില്ലാതെ പല കുടുംബങ്ങളും നട്ടംതിരിയുകയാണ്.
നെൽപാടങ്ങളോട് ചേർന്ന് കുഴിച്ച കുളങ്ങൾപോലും വറ്റിവരണ്ടു. വെള്ളമുണ്ട-പടിഞ്ഞാറത്തറ പഞ്ചായത്തുകൾക്ക് ദാഹജലം നൽകിയിരുന്ന വാരാമ്പറ്റ-പുതുശ്ശേരി- കക്കടവ് പുഴ നീരൊഴുക്ക് നിലച്ച് മലിനജലം കെട്ടിക്കിടക്കുന്ന കുഴികൾ മാത്രമായ അവസ്ഥയാണ്. ഇതുമൂലം കുടിവെള്ളം ലഭ്യതയും മൃഗപരിപാലനവും മുടങ്ങി.
പുതുശ്ശേരി-കക്കടവ് പുഴയിലൂടെയുള്ള നീരൊഴുക്ക് തടഞ്ഞ് ബാണാസുര ഡാം നിർമിച്ചതോടെ ഡാമിന് താഴെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ കാർഷിക പ്രവൃത്തികൾ താളംതെറ്റി. വൈദ്യുതി ഉൽപാദനത്തിനുള്ള ജലത്തിനു പുറമേ, കാർഷികാവശ്യത്തിന് ഡാമിൽനിന്ന് കനാലിലൂടെ വെള്ളം ലഭ്യമാക്കിയിരുന്നുവെങ്കിൽ ഇത്തരമൊരു ദുർഗതി ഇരുപഞ്ചായത്തുകൾക്കും നേരിടേണ്ടിവരില്ലായിരുന്നു.
ജനകീയ സമ്മർദത്തെ തുടർന്ന് ഡാമിൽനിന്ന് അല്പം ജലം തുറന്നു വിട്ടാലും, വൻകിട തോട്ടം ഉടമകളും റിസോർട്ട് മുതലാളിമാരും ജലമെല്ലാം ഊറ്റിയെടുക്കുന്ന അവസ്ഥയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. നെൽപാടങ്ങളുടെ വ്യാപകമായ തരംമാറ്റലും തത്ത്വദീക്ഷയില്ലാത്ത മരം മുറിയും നാടിനെ വരൾച്ചയിലേക്ക് നയിക്കുകയാണ്.
നെൽപ്പാടങ്ങളുടെയും ചതുപ്പുകളുടെയും സംരക്ഷണത്തിന് ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്വകാര്യ ഭൂമിയിൽ വൃക്ഷങ്ങൾ നിലനിർത്തുന്നതിന് കാർബൺ ന്യൂട്രൽ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണമെന്നും പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.