സൈനികെൻറ കുടുംബത്തിന് 11 വര്‍ഷമായിട്ടും ആശ്രിത നിയമനമില്ല; മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് തേടി
text_fields
കൽപറ്റ: പരിശീലനത്തിനിടെ മരിച്ച സൈനികെൻറ കുടുംബത്തിന് വാഗ്ദാനം ചെയ്ത ജോലി 11 വര്‍ഷമായിട്ടും ലഭിച്ചില്ലെന്ന പരാതിയില്‍ സൈനിക ക്ഷേമ ഡയറക്ടറോട് മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് തേടി. കമീഷന് അംഗം കെ. ബൈജുനാഥിെൻറ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങില്‍ അമ്പലവയല്‍ പാലിയത്ത് ഷാലു വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
ഷാലു വര്‍ഗീസിെൻറ സഹോദരനായ സാബു പി. വിര്‍ഗീസ് 2009 ല്‍ ഡെറാഡൂണ്‍ ക്യാമ്പില്‍ കാഡറ്റായിരിക്കെ നീന്തല്‍ പരിശീലനത്തിനിടെ മുങ്ങിമരിച്ചിരുന്നു.
ആശ്രിത ജോലി നല്കാന് രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നും കരസേന ആസ്ഥാനത്തു നിന്നും കത്ത് നല്‍കിയിരുന്നെങ്കിലും സാങ്കേതിക നടപടികളില്‍ കുടുങ്ങി ജോലിക്കായി ഇപ്പോഴും സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണെന്ന് പരാതിക്കാരന് കമീഷന് മുമ്പാകെ ബോധിപ്പിച്ചു. സൈനികരുടെ കുടുംബത്തോട് അനാദരവ് കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാറിനെ കളങ്കപ്പെടുത്തുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കമീഷന് അംഗം കെ. ബൈജുനാഥ് വ്യക്തമാക്കി. മനുഷ്യാവകാശ കമീഷന് ജില്ലയില്‍ ചൊവ്വാഴ്ച നടത്തിയ സിറ്റിങ്ങില്‍ 46 കേസുകളാണ് പരിഗണിച്ചത്.
ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍, സമുദായ വിലക്ക്, സര്‍ക്കാര്‍ സഹായം ലഭ്യമാകാത്ത വിഷയങ്ങള്‍, വഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് കമീഷന് മുമ്പാകെ എത്തിയത്. ഇതില്‍ ഒമ്പതു കേസുകള്‍ തീര്‍പ്പാക്കി. 22 എണ്ണത്തില്‍ നടപടി പുരോഗമിക്കുന്നതായി കമീഷന് അറിയിച്ചു. 13 കേസുകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ ഹാജരായില്ല. പത്ത് പുതിയ കേസുകളും സിറ്റിങ്ങില്‍ പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.