വയനാട്ടിൽ കടുവയുടെ ആക്രമണം തുടരുന്നു; പൊറുതിമുട്ടി ജനം
text_fieldsസുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ പുല്ലുമല, മൈലമ്പാടി ഭാഗങ്ങളിൽ ജനം പൊറുതിമുട്ടിയ അവസ്ഥയിൽ. ഞായറാഴ്ച വെളുപ്പിന് ഇവിടെ കടുവ പശുവിനെ ആക്രമിച്ചു. ഈ രീതിയിൽ പോകുകയാണെങ്കിൽ അടുത്തു തന്നെ മനുഷ്യനും ആക്രമിക്കപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്. പുല്ലുമല മാഞ്ചേരി ജോസഫിന്റെ പശുക്കിടാവിനെയാണ് ആക്രമിച്ചത്. കഴുത്തിന് രണ്ടിടത്ത് വലിയ മുറിവുകളുണ്ട്. മൃഗസംരക്ഷണ വകുപ്പിന്‍റെ ചികിത്സയിലാണ് പശുവുള്ളത്.
പശു അക്രമിക്കപ്പെട്ടതറിഞ്ഞ് പതിവുപോലെ രാവിലെ തന്നെ വനം വകുപ്പ് പുല്ലുമുലയിലെത്തി. പശു പരിക്കേറ്റു കിടക്കുന്ന അവസ്ഥയിലും ഏറെ വൈകിയാണ് വെറ്ററിനറി ഡോക്ടർ എത്തിയത്. ഇതുനാട്ടുകാരെ പ്രകോപിപ്പിച്ചു. അവർ വനംവകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു.
പിന്നീട് ചർച്ചയിൽ ആക്രമിക്കപ്പെട്ട പശുവിന് നഷ്ടപരിഹാരം കൊടുക്കാമെന്നും നല്ല ചികിത്സ ലഭ്യമാക്കാമെന്നും വനം അധികൃതർ ഉറപ്പുനൽകിയതോടെയാണ് നാട്ടുകാർ അയഞ്ഞത്. കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന മണ്ഡകവയലിൽ നാട്ടുകാർ സംഘടിച്ചതോടെ വനംവകുപ്പ് കൂടുസ്ഥാപിച്ചിരുന്നു. മണ്ഡകവയലും ഞായറാഴ്ച പശു ആക്രമിക്കപ്പെട്ട പുല്ലുമലയും തമ്മിൽ സുമാർ ഒരു കിലോമീറ്റർ അകലമേയുള്ളൂ.
സീസി, പുല്ലുമല, മൈലമ്പാടി, മണ്ഡകവയൽ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ കടുവയിറങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാനായിട്ടില്ല.ഇതുവരെയായി പ്രദേശത്തെ നിരവധി പശുക്കളെയാണ് കടുവ ആക്രമിച്ചത്. കടുവയിറങ്ങിയതോടെ പുറത്തിറങ്ങാൻ പോലും കഴിയാതെ ഭയപ്പാടിലായ ജനത്തിന്‍റെ ആശങ്കക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
മണ്ഡകവയലിൽ കൂടുവെച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാനായിട്ടില്ല. രാവിലെ പാലളക്കാനും റബർ വെട്ടാനുമൊക്കെ പോകുന്നവരാണ് കൂടുതൽ ഭീതിയിലായിരിക്കുന്നത്.ഓരോ തവണയും വളർത്തു മൃഗങ്ങളെ കടുവ ആക്രമിക്കുമ്പോഴും അടിയന്തര ഇടപെടൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകാത്തതാണ് ജനരോഷമുയരാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.