സഞ്ചാരികൾ പ്രവഹിച്ചു; നൂറു കണക്കിനു വാഹനങ്ങളാണ് ചുരം കയറിയത്
text_fieldsവൈത്തിരി: ഓണാഘോഷത്തോടനുബന്ധിച്ചു സർക്കാർ ഇളവുകൾ നൽകുകയും വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കുകയും ചെയ്തതോടെ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ശനിയും ഞായറും നൂറു കണക്കിനു വാഹനങ്ങളാണ് ചുരം കയറിയത്. ഡി.ടി.പിസിയുടെയും അല്ലാതെയുമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഭൂരിഭാഗവും തുറന്നിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിലെ മിക്കവാറും എല്ലാ റിസോർട്ടുകളും ഹോംസ്റ്റേകളും നിറഞ്ഞുകവിഞ്ഞു. താമസ സൗകര്യം കിട്ടാതെ നിരവധി പേർ അർധരാത്രിയിലും വാഹനങ്ങളിൽ ചുറ്റിത്തിരിയുന്നതു കാണാമായിരുന്നു.
ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം തിരക്കായിരുന്നു. സാഹസിക ടൂറിസത്തിെൻറ പുതിയ കേന്ദ്രമായ ചീങ്ങേരി മലയിലും കാന്തൻപാറ വെള്ളച്ചാട്ടത്തിലും, ബാണാസുര, കാരാപ്പുഴ ഡാമുകളിലും നൂറുകണക്കിന് സഞ്ചാരികളാണെത്തിയത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൂക്കോട് തടാകം, കുറുവ ദ്വീപ്, ഹെറിറ്റേജ് മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവ അടഞ്ഞു കിടക്കുന്നത് തിരിച്ചടിയായി. അയൽ ജില്ലകളിൽനിന്നും അതോടൊപ്പം തെക്കൻ ജില്ലകളിൽനിന്നും സഞ്ചാരികൾ വയനാട്ടിലെത്തി. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളും ജില്ലയിലെത്തി.
വയനാട് ചുരത്തിൽ വാഹനബാഹുല്യം കാരണം നിരവധി തവണ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും സഞ്ചാരികളുടെ ഒഴുക്ക് ജില്ലയിലേക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നു ഡി.ടി.പി.സി വൃത്തങ്ങൾ അറിയിച്ചു. സഞ്ചാരികളുടെ വരവോടെ നേരിട്ടും അല്ലാതെയും ടൂറിസത്തെ ആശ്രയിച്ചുകഴിയുന്നവർക്ക് തെല്ലൊരു ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.