അർബുദ കേന്ദ്രത്തിൽ ഡോക്ടര്‍മാരില്ല; ന്യൂട്രോപീനിയ വാർഡിന്റെ പ്രവര്‍ത്തനം നിലച്ചു
text_fieldsമാനന്തവാടി: നല്ലൂർനാട് അർബുദ കേന്ദ്രത്തിൽ ഘട്ടം ഘട്ടമായി കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടിയുടെ ഭാഗമായി മൂന്നുമാസം മുമ്പ് ആരംഭിച്ച ന്യൂട്രോപീനിയ വാര്‍ഡ് ഡോക്ടര്‍മാരുടെ അഭാവത്തില്‍ അടച്ചു. കഴിഞ്ഞ വര്‍ഷം ആരോഗ്യ മന്ത്രി നല്ലൂര്‍നാട്ടിലെ ജില്ല അർബുദ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് അർബുദ രോഗികൾക്ക് ഘട്ടം ഘട്ടമായി ആശുപത്രിയില്‍ ഐ.പി സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചത്.
ആദ്യഘട്ടമെന്ന നിലയില്‍ ന്യൂട്രോപീനിയ വാര്‍ഡാണ് 2022 ഡിസംബറില്‍ തുടങ്ങിയത്. കീമോതെറപ്പി എടുക്കുന്ന രോഗികളില്‍ രക്താണുക്കള്‍ കുറയുന്ന ന്യൂട്രോപീനിയ എന്ന അവസ്ഥയുള്ളവരെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടിയാണ് വാര്‍ഡ് ആരംഭിച്ചത്. 10 ലക്ഷം രൂപ ചെലവില്‍ മള്‍ട്ടി പാരാ മോണിറ്റര്‍ സംവിധാനത്തോടെയുള്ള 10 കിടക്കകളാണ് ഇതിനായി ഒരുക്കിയത്.
ഇതിന് പുറമെ നേരത്തേയുണ്ടായിരുന്ന കെട്ടിടം നവീകരിച്ച് സജ്ജമാക്കുകയും ആഘോഷപൂര്‍വം സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ വാര്‍ഡ് പ്രവര്‍ത്തനം ഉദ്ഘാടനം നടത്തുകയും ചെയ്തു.
എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന എട്ടു ഡോക്ടര്‍മാരില്‍ മൂന്ന് പേരുടെ കുറവ് വന്നതാണ് വാര്‍ഡ് അടക്കാനിടയാക്കിയത്. അർബുദ കേന്ദ്രത്തിൽ എത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്‍പ്പെടെയുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. ഇതോടെ രോഗികളും കൂട്ടിരിപ്പിനെത്തുന്നവരും ദുരിതത്തിലായി. വാര്‍ഡ് അടച്ചിട്ടതിനെതിരെ ആദിവാസി വിഭാഗത്തില്‍ പെട്ട രോഗികള്‍ ചേര്‍ന്ന് ആരോഗ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.