വികസനം അകലെ; ദുരിതങ്ങളുടെ പടുകുഴിയിൽ വായവറ്റ കോളനിവാസികൾ
text_fieldsപിണങ്ങോട്: പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യമില്ലാതെ ദുരിതമനുഭവിക്കുകയാണ് വെങ്ങപ്പള്ളി വായവറ്റ കോളനിയിലെ ആദിവാസി കുടുംബങ്ങൾ. വെങ്ങപ്പള്ളി പഞ്ചായത്തിലെ പിണങ്ങോട് എച്ച്.എസ് സ്കൂളിന് സമീപം മീറ്ററുകൾ അകലെയാണ് കോളനി സ്ഥിതി ചെയ്യുന്നത്. ഏഴ് വീടുകളിലായി 11 പണിയ കുടുംബാംഗങ്ങൾ ഇവിടെ താമസിക്കുന്നു. കാലപ്പഴക്കം മൂലം വീടുകളുടെ മോശം ശോച്യാവസ്ഥ കോളനിക്കാരെ പ്രതിസന്ധിയിലാക്കുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച മിക്ക വീടുകളും ജീർണാവസ്ഥയിലാണ്. ആകെ 20 സെന്റ് സ്ഥലപരിധിയിൽ സ്ഥിതി ചെയ്യുന്ന കോളനിയിൽ ഓരോ കുടുംബത്തിനും രണ്ട് സെന്റ് ഭൂമിയാണുള്ളത്. ഇതിൽ മാലിന്യ സംസ്കരണവും കുടിവെള്ള പദ്ധതി അടക്കമുള്ള സംവിധാനങ്ങളുമില്ല.
ഭൂരിഭാഗം കുടുംബങ്ങൾക്കും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനായി അടച്ചുറപ്പുള്ള ശൗചാലയം ഇല്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും പുറമ്പോക്കിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അടുത്ത മഴക്കാലം ആകുമ്പോഴേക്കും കോളനിയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ ദുരിതം കൂടും. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന വീടുകളിൽ കഴിയുന്നവർക്ക് മഴക്കാലത്ത് ആധിയേറും. വീടും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിനൽകാൻ അധികൃതർ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.