കൽപറ്റ നഗരത്തിൽ പൊടിപോലുമില്ല സീബ്രലൈൻ
text_fieldsകൽപറ്റ: റോഡിലെ സീബ്രലൈനുകൾ അപ്രത്യക്ഷമായതിനാൽ ജില്ലയിലെ ഏറ്റവും തിരക്കേറിയ കൽപറ്റ ടൗണിൽ ദേശീയപാത മുറിച്ചുകടക്കാൻ പ്രയാസമനുഭവിക്കുകയാണ് കാൽനടയാത്രക്കാർ.
ടൗണിലെ പുതിയ ബസ് സ്റ്റാൻഡ്, പഴയ സ്റ്റാഡ്, ചുങ്കം ജങ്ഷൻ, എസ്.കെ.എം.ജെ സ്കൂൾ പരിസരം എന്നിവിടങ്ങളിലെല്ലാം സീബ്രലൈനുകൾ മാഞ്ഞ നിലയിലാണ്. ഇത് തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
റോഡ് കുറുകെ കടക്കാനുള്ള ശ്രമത്തിൽ അതിവേഗം കുതിക്കുന്ന വാഹനത്തിനു മുമ്പിൽ കാൽനടയാത്രക്കാർ അകപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. സീബ്രലൈനുകൾ മാഞ്ഞത് വാഹന ഡ്രൈവർമാർക്കും ജാഗ്രത കുറവിന് ഇടവരുത്തും. പലപ്പോഴും അപകടം ഒഴിവാകുന്നത് തലനാരിഴക്കാണ്. ഓണാവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറന്നതോടെ രാവിലെയും വൈകീട്ടും നഗരത്തിൽ കൂടുതൽ തിരക്കനുഭപ്പെടുന്നുണ്ട്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളടക്കമുള്ളവർ റോഡ് മുറിച്ചു കടക്കുന്നത് ഭയത്തോടെയാണ്.
സീബ്രലൈനുകൾ മാഞ്ഞുപോയത് പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്.
കുട്ടികളുടെ സുരക്ഷയെപ്പറ്റി ആശങ്കയിലാണ് രക്ഷിതാക്കളും സ്കൂൾ അധികൃതരും. റോഡ് സേഫ്റ്റി അതോറിറ്റിയും സർക്കാറും റോഡ് അപകട നിരക്ക് കുറക്കാൻ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെന്ന് പരസ്യപ്പെടുത്തുമ്പോഴാണ് കാൽനടയാത്രക്കാരുടെ സുരക്ഷക്ക് അത്യാവശ്യമായ സീബ്രലൈനുകൾ നഗരത്തിലെ എല്ലായിടങ്ങളിലും അപ്രത്യക്ഷമായിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.