തകരാൻ ഇനി ഒരിഞ്ചു പോലുമില്ല; കുണ്ടും കുഴിയും നിറഞ്ഞ് പുഴമുടി-ഗവ. കോളജ് റോഡ്
text_fieldsവെങ്ങപ്പള്ളി: നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പുഴമുടി-ഗവ. കോളജ് റോഡ് പൂർണമായും തകര്‍ന്നതോടെ കാല്‍നടയും ഇരുചക്രവാഹന യാത്രയും ദുസ്സഹമായി.
പുഴമുടി ജങ്ഷനിൽ നിന്നാരംഭിച്ച് മൂന്ന് കിലോമീറ്റർ വരുന്ന റോഡാണ് കുണ്ടും കുഴിയുമായി മാറിയത്. ടാറിങ്ങ് ഇളകി വലിയ ഗർത്തങ്ങളാണ് പല ഭാഗങ്ങളിലുമുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയില്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞത് ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പ്പെടാൻ ഇടയാക്കി.
വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതു റോഡിന്റെ തകര്‍ച്ച പൂര്‍ണ്ണമാക്കുകയാണ്. കൽപറ്റ നഗരസഭയിലെയും വെങ്ങപ്പള്ളി പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന റോഡാണിത്. ചുണ്ടപ്പാടി, കൽപറ്റ ഗവ. കോളജ്, മൂവട്ടി കോളനി, ചേനമല കോളനി, പടവുരം തുടങ്ങിയ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കുള്ള ഏക യാത്രാമാര്‍ഗമാണ് ഈ റോഡ്. വർഷങ്ങളായി ഏറെ യാത്രാദുരിതം പേറുന്ന ഈ റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.