കൊടും വരള്‍ച്ചയിലും തിരുനെല്ലിയില്‍ വ്യാപക മരംമുറി; ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി ആരോപണം
text_fieldsതിരുനെല്ലി: കൊടും വരള്‍ച്ചക്കിടയിലും തിരുനെല്ലി പ്രദേശത്ത് വ്യാപകമായ മരംമുറി. തിരുനെല്ലി വില്ലേജിലെ അപ്പപ്പാറ, ചേകാടി, വാകേരി, അരണപാറ, തോല്‍പ്പെട്ടി പ്രദേശങ്ങളിലാണ് വ്യാപക മരം മുറി നടക്കുന്നത്. പ്രസ്തുത പ്രദേശങ്ങളില്‍ അരയടിക്ക് താഴെ വരെയുള്ള മരങ്ങള്‍വരെ മുറിച്ചു കടത്തുകയാണ്.
ചെറുകിട തോട്ടങ്ങളിലും എസ്റ്റേറ്റുകളിലുമാണ് ഫര്‍ണിച്ചര്‍ നിര്‍മാണത്തിന്റെ പേരില്‍ വ്യാപകമായി മരം മുറിക്കുന്നത്. മരം മുറിയുടെ പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. വനംവകുപ്പ് നല്കുന്ന പെര്‍മിറ്റില്‍ നിശ്ചയിച്ചതിലും കൂടുതല്‍ മരം മുറിച്ച് കടത്തുന്നതായും മരം മുറിക്ക് പിന്നില്‍ ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയുള്ളതായും ആക്ഷേപമുണ്ട്.
കടുത്ത ജലക്ഷാമം നേരിടുന്ന തിരുനെല്ലി പഞ്ചായത്തില്‍ വ്യാപകമായി മരംമുറിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇടയാക്കും.
ജലക്ഷാമം രൂക്ഷമായാല്‍ പൊതുവേ വന്യമൃഗശല്യം രൂക്ഷമായ തിരുനെല്ലി പഞ്ചായത്തില്‍ കാട്ടുമൃഗങ്ങളുള്പ്പെടെ കുടിവെള്ളം ലഭിക്കാത്ത സാഹചര്യ മുണ്ടാകുകയും മൃഗങ്ങള്‍ കുടിനീരു തേടി നാട്ടിലേക്കിറങ്ങുകയും ചെയ്യും. ഇത് മനുഷ്യ വന്യമൃഗ സംഘര്‍ഷം വർധിപ്പിക്കും. വന്‍തോതില്‍ മരം മുറിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. മരം മുറി തുടര്‍ന്നാല്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.