വാകേരിയിൽ കടുവയെ പിടികൂടുന്നത് രണ്ടാം തവണ
text_fieldsസുൽത്താൻ ബത്തേരി: രണ്ടാം തവണയാണ് വാകേരിയിൽ കടുവയെ കൂടുവെച്ച് പിടികൂടുന്നത്. കഴിഞ്ഞ വർഷവും വാകേരി, സി.സി പ്രദേശങ്ങളെ ഭീതിയിലാക്കിയ കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു. 2021 ആഗസ്റ്റ് ഒന്നിനായിരുന്നു കടുവ കൂട്ടിൽ കുടുങ്ങിയത്. അന്ന് വലിയ സുരക്ഷയിൽ കടുവയെ ഇരുളം വനം ഓഫിസിലേക്ക് കൊണ്ടുപോയി. പിന്നീട് ആ കടുവയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. എന്നാൽ, രണ്ടാഴ്ചക്കുശേഷം അന്ന് വീണ്ടും കടുവ ശല്യമുണ്ടായി. വാകേരിയിൽ നിന്നും അന്ന് പിടിച്ച കടുവയെ മുത്തങ്ങക്ക് 15 കിലോമീറ്റർ അകലെ തുറന്നു വിടുകയായിരുന്നു. പിന്നീട് ആ കടുവ വീണ്ടും വാകേരിയിൽ എത്തി. പിടികൂടുന്ന കടുവയെ എത്ര ലാഘവത്തോടെയാണ് വനം വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് കഴിഞ്ഞ വർഷത്തെ സംഭവം തെളിയിക്കുന്നു. പിന്നീട് വലിയ ഇടവേളക്കുശേഷമാണ് ഇപ്പോൾ വീണ്ടും വാകേരിയിൽ കടുവ ശല്യമുണ്ടാകുന്നത്. കഴിഞ്ഞ വർഷം എത്തിയ കടുവ തന്നെയാണ് ഇപ്പോഴും എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ബുധനാഴ്ച പിടിച്ച കടുവയെ കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയതെന്നത് വാകേരിക്കാർക്ക് ആശ്വാസമാകുന്നുണ്ട്. മുമ്പ് മാനന്തവാടിയിൽ നിന്നും പിടിച്ച ഒരു കടുവ കുപ്പാടിയിലുണ്ട്. രണ്ട് ദിവസം കൂടുമ്പോൾ നാല് കിലോ ഇറച്ചിയാണ് കടുവക്ക് കൊടുക്കുന്നത്. ഡോക്ടറും പരിചാരകരുമടക്കം ഏറെപ്പേർ ശുശ്രൂഷക്കായുണ്ട്.
സംരക്ഷണം വലിയ ബാധ്യതയായിട്ടുണ്ടെന്നാണ് വനം വകുപ്പിലെ ഉന്നത കേന്ദ്രങ്ങൾ ഒരു മാസം മുമ്പ് വ്യക്തമാക്കിയത്. ഒരു കടുവ കൂടി എത്തുമ്പോൾ കൂടുതൽ ബാധ്യതയുണ്ടാകും. അതേസമയം, നാല് കടുവകളെ വരെ താമസിപ്പിക്കാനുള്ള സൗകര്യം പരിചരണ കേന്ദ്രത്തിലുണ്ട്. ജനവാസ കേന്ദ്രത്തിൽ ഒരിക്കലെങ്കിലും ഇറങ്ങിയ കടുവയെ വീണ്ടും കാട്ടിൽ കൊണ്ടുവിട്ടാലും അവിടെ കഴിയാൻ താത്പര്യം കാണിക്കില്ലെന്നാണ് ഉന്നത വനം ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.