രണ്ടുമാസത്തിനിടെ മണ്ണിനടിയിൽ പൊലിഞ്ഞത് മൂന്നു ജീവൻ
text_fieldsഅമ്പലവയൽ: കഴിഞ്ഞ രണ്ടു മാസത്തിനിടെ ജില്ലയിൽ മൂന്നു തൊഴിലാളികളാണ് നിർമാണ പ്രവൃത്തികൾക്കിടെ മണ്ണിനടിയിൽപെട്ട് മരിച്ചത്. പ്രതികൂല കാലാവസ്ഥക്കിടെയും ഇത്തരം നിർമാണ പ്രവൃത്തികൾക്ക് നിയന്ത്രണമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ജില്ലയിൽ കനത്ത മഴ തുടരുമ്പോഴും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളില്ലാതെ, ഇത്തരം നിർമാണ പ്രവൃത്തികൾ നടക്കുന്നത് സാധാരണക്കാരായ തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയാണ്. ജൂൺ 13ന് മുള്ളൻകൊല്ലി കൊളവള്ളിയിൽ പമ്പ്ഹൗസ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. സഹപ്രവർത്തകന് പരിക്കേറ്റിരുന്നു. ജൂൺ എട്ടിന് എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിയായ തിരുനെല്ലി അപ്പപ്പാറ ആക്കൊല്ലി കോളനിയിലെ എ.കെ. മണിയും (35) മരിച്ചിരുന്നു. കണിയാരം ആലക്കണ്ടി പ്രമോദിന് (46) അപകടത്തിൽ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ശനിയാഴ്ചത്തെ അപകടം.
ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തോമാട്ട്ചാൽ കാട്ടിക്കൊല്ലിയിൽ വീടിന്റെ സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനിടെ മൺതിട്ടയിടിഞ്ഞ് സുൽത്താൻ ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബു (37) മരിച്ചത്. മണ്ണിനടിയിലായ ബാബുവിനെ ഏറെ നേരത്ത രക്ഷാപ്രവർത്തനൊടുവിലാണ് അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.
ഒരാൾ പൊക്കത്തിലായി മണ്ണ് നിറഞ്ഞതും മഴയും മണ്ണിനൊപ്പം കോൺക്രീറ്റ് കമ്പികൾ കിടന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. സമീപത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ തന്നെ ഏറെ ശ്രദ്ധാപൂർവമായിരുന്നു രക്ഷാപ്രവർത്തനം.
മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു. ബാബുവിന്റെ കൂടെയുണ്ടായ മറ്റു രണ്ട് പേര് മണ്ണിലകപ്പെട്ടെങ്കിലും പെട്ടെന്നു രക്ഷപ്പെടുത്താനായി. അഗ്നിരക്ഷ സേനക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫിസർ പി. നിധീഷ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ ഐ. ജോസഫ്, കൽപറ്റ അസി. സ്റ്റേഷൻ ഓഫിസർ വിജയൻ, സീനിയർ ഫയർ ഓഫിസർ സി.കെ. നിസാർ, കെ.എ. സിജു, കെ. ധനീഷ്, എ.ബി. വിനീത്, എം.ബി. ബിനു, കെ. സിജു, കെ.സി. സെന്തിൽ, എം.എസ്. സുജിത്, ബി. ഷറഫുദ്ദീൻ എന്നിവരടങ്ങിയ അഗ്നിരക്ഷ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.