വാകേരിയെ ഭീതിയിലാക്കി കടുവയും കുഞ്ഞുങ്ങളും
text_fieldsസുൽത്താൻ ബത്തേരി: ജനവാസ മേഖലയായ വാകേരിയിൽ വ്യാഴാഴ്ച കടുവയും കുഞ്ഞുങ്ങളും ജനത്തെ ഭീതിയിലാക്കി. കേരള ഗ്രാമീണ്‍ ബാങ്കിനു സമീപം ചായംപ്ലാക്കല്‍ ബിജുവിന്റെ തോട്ടത്തിൽ തമ്പടിച്ച കടുവയും കുഞ്ഞുങ്ങളും ഒരു പകൽ മുഴുവൻ അവിടെ തങ്ങി. കടുവ കൊന്ന് പാതി ഭക്ഷിച്ച മാനിന്‍റെ ജഡവും പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പടക്കം പൊട്ടിച്ച് കടുവകളെ വനത്തിലേക്ക് തുരത്താനുള്ള ശ്രമമാണ് വ്യാഴാഴ്ച വൈകിയും വനം വകുപ്പ് നടത്തുന്നത്. ചെതലയം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരുടെ വൻ സംഘമാണ് വാകേരിയിൽ എത്തിയത്.
തോട്ടത്തിൽ തങ്ങുന്ന കടുവയെ നിരീക്ഷിക്കാൻ ഡ്രോൺ കാമറയുടെ സഹായവും വനപാലക സംഘം തേടുകയുണ്ടായി. ജനത്തെ ജാഗ്രതയിലാക്കി കടുവകളുടെ സഞ്ചാരപഥം നിരീക്ഷിച്ച് അപകടം ഒഴിവാക്കുക മാത്രമാണ് വനംവകുപ്പിന് ചെയ്യാനുണ്ടായിരുന്നത്.
വാകേരി ഏദൻ വാലി എസ്റ്റേറ്റിൽ എത്തിയ കടുവയെ രണ്ടാഴ്ച മുമ്പാണ് കൂട് വെച്ച് പിടികൂടിയത്. അതിനുശേഷം വീണ്ടും കടുവയെത്തിയത് ജനത്തെ നിസഹായതയിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് കടുവകൾ തുടർച്ചയായി എത്തുന്നത് നിയന്ത്രിക്കാൻ ശാശ്വത പരിഹാരം എന്തെന്ന് അറിയാത്ത അവസ്ഥയിലാണ് അധികൃതർ.
ചെതലയം കാട്, ബീനാച്ചി എസ്റ്റേറ്റ്, സ്വകാര്യ പ്ലാന്‍റേഷനുകൾ എന്നിവയൊക്കെയാണ് കടുവകൾ വാകേരിയിൽ നിരന്തരമായി എത്താൻ കാരണം. കാട്ടിൽ നിന്ന് എത്തുന്ന കടുവകൾ സ്വകാര്യ തോട്ടത്തിലേക്കും ബീനാച്ചി എസ്റ്റേറ്റിലേക്കും നീങ്ങുന്നു. അവിടെ നിന്നാണ് വാകേരി, പുല്ലുമല, കൊളഗപ്പാറ എന്നിവിടങ്ങളിലേക്കെത്തുന്നത്. വ്യാഴാഴ്ച കണ്ട കടുവയുടെയും കുഞ്ഞുങ്ങളുടെയും താവളം ബീനാച്ചി എസ്റ്റേറ്റ് ആണെന്നാണ് വാകേരിയിലെ ഒട്ടുമിക്ക നാട്ടുകാരും അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.