വീണ്ടും കടുവയുടെ സംഹാര താണ്ഡവം; കൂടുതൽ കടുവകളുണ്ടെന്ന് സൂചന
text_fieldsസുൽത്താൻ ബത്തേരി: കൊളഗപ്പാറ, കൃഷ്ണഗിരി, മൈലമ്പാടി മേഖലകളിൽ അടുത്തകാലത്തായി കടുവശല്യമേറുമ്പോൾ കൂടുതൽ കടുവകളുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിവിധ പ്രദേശങ്ങളിൽ മാറിമാറിയെത്തുന്നത് ഒരു കടുവയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് സർവസന്നാഹങ്ങളുമായി തിരച്ചിൽ തുടങ്ങിയിട്ട് ആഴ്ചകളായി. തിങ്കളാഴ്ച മറ്റ് ജില്ലകളിൽനിന്ന് തിരച്ചിലിനായി വനപാലകരെത്തുമെന്നാണ് പറയുന്നത്.
ഞായറാഴ്ച വെളുപ്പിന് ആവയലിലെ സുരേന്ദ്രന്റെയും കൊളഗപ്പാറയിലെ മേഴ്സിയുടെയും ആടുകളെ ആക്രമിച്ചത് ഒരു കടുവയാണെന്ന അഭിപ്രായം വനംവകുപ്പിനുമില്ല. എന്നാൽ, ഈ പ്രദേശങ്ങൾ തമ്മിൽ വലിയ ദൂരമില്ല. കൊളഗപ്പാറയിൽനിന്ന് കടുവ ആവയലിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൃഷ്ണഗിരി, റാട്ടക്കുണ്ട് ഭാഗത്ത് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടയിലാണ് കടുവ അടുത്ത പ്രദേശങ്ങളിലേക്ക് നീങ്ങിയത്.
രണ്ട് മാസം മുമ്പാണ് മൈലമ്പാടി, മണ്ഡകവയൽ, യൂക്കാലിക്കവല, പുല്ലുമല, സി.സി, മടൂർ, വാകേരി ഭാഗങ്ങളിൽ ദിവസങ്ങളോളം കടുവ ജനത്തിന്റെ ഉറക്കംകെടുത്തിയത്. അന്നും വളർത്തുമൃഗങ്ങളുടെ ജഡങ്ങളുമായി നാട്ടുകാർ ബീനാച്ചി-പനമരം റോഡിലെത്തി ഉപരോധിച്ചിരുന്നു. പിന്നീട് നിരവധി കൂടുകളും സ്ഥാപിച്ചു. കഴിഞ്ഞ ആഗസ്റ്റ് 31ന് മണ്ഡകവയലിലെ കൂട്ടിൽ അഞ്ച് മാസം പ്രായമുള്ള കടുവക്കുഞ്ഞ് കുടുങ്ങി. തള്ളക്കടുവയും വേറൊരു കുഞ്ഞും കൂടിന് സമീപം നിലയുറപ്പിച്ചതോടെ കൂട്ടിൽ കുടുങ്ങിയ കടുവക്കുഞ്ഞിനെ അവിടെത്തന്നെ തുറന്നുവിട്ടു.
അന്നത്തെ തള്ളക്കടുവയും കുഞ്ഞുങ്ങളുമാണ് വീണ്ടും ഇറങ്ങിയിരിക്കുന്നത് എന്നുവേണം കരുതാൻ. അന്ന് കടുവയും കുഞ്ഞുങ്ങളും പുല്ലുമല വഴി ബീനാച്ചി എസ്റ്റേറ്റിലേക്കാണ് നീങ്ങിയത്.ആവയലിലും മൈലമ്പാടിയുടെ പരിസരങ്ങളിലും നിരവധി കാട്ടുപന്നികൾ കടുവയുടെ ആക്രമണത്തിന് കഴിഞ്ഞ ദിവസവും ഇരയായിരുന്നു. പന്നിയുടെയും മാനിന്റെയും ജഡങ്ങൾ വിവിധ കൃഷിയിടങ്ങളിൽ കാണാം. പന്നികളെ വേട്ടയാടുന്നത് തള്ളക്കടുവയും വളർത്ത് ആടുകളെ കൊല്ലുന്നത് കുഞ്ഞുങ്ങളുമാകാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് വൃത്തങ്ങൾ പറയുന്നു.
കൃഷ്ണഗിരി മേഖലയിൽ മാത്രം അമ്പതിലേറെ കാമറകൾ നിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം. നാലിലേറെ കൂടുകളുമുണ്ട്. മൈലമ്പാടി മേഖലയിൽപ്പെട്ട യൂക്കാലിക്കവലയിൽ കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചിരുന്നു. കൂട്, കാമറ എന്നിവ കൂടാതെ മയക്കുവെടി സംഘവും സജീവമായി രംഗത്തിറങ്ങിയതിനാൽ കടുവ പെട്ടെന്ന് ഒഴിഞ്ഞു പോയേക്കുമെന്ന പ്രതീക്ഷ വിവിധ പ്രദേശങ്ങളിലുള്ളവർ കൈവിടുന്നില്ല. കടുവകളുടെ താവളം ബീനാച്ചി എസ്റ്റേറ്റാണെന്ന് ഏറെക്കുറെ വ്യക്തമാണെങ്കിലും അവിടെയൊരു തിരച്ചിലിന് വനംവകുപ്പ് ഇതുവരെ തയാറായിട്ടില്ല.
സുൽത്താൻ ബത്തേരി: കാടായി മാറിയ ബീനാച്ചി എസ്റ്റേറ്റിന്റെ അടുത്ത പ്രദേശങ്ങളായ ആവയലിലും കൊളഗപ്പാറയിലുമായി കടുവ ഏഴ് ആടുകളെ ആക്രമിച്ചു കൊന്നു. ഒറ്റ രാത്രിയിൽ ഇത്രയും വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നത് ജില്ലയിൽ ഇതാദ്യമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഞായറാഴ്ച റോഡ് ഉപരോധിച്ചു.
മീനങ്ങാടി പഞ്ചായത്തിൽ ആറാം വാർഡിലെ കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മൽ മേഴ്സിയുടെ നാല് ആടുകളെയും അഞ്ചാം വാർഡായ ആവയലിലെ പുത്തൻപുരയിൽ സുരേന്ദ്രന്റെ മൂന്ന് ആടുകളെയുമാണ് ഞായറാഴ്ച പുലർച്ച കടുവ ആക്രമിച്ചു കൊന്നത്. ആവയലിലെ സുരേന്ദ്രന്റെ മൂന്ന് ആടുകളുടെ ജഡവുമായി നാട്ടുകാർ അരിവയലിൽ ബീനാച്ചി-പനമരം റോഡിലെത്തി പാത ഉപരോധിച്ചു. രാവിലെ പത്തരയോടെ തുടങ്ങിയ ഉപരോധം പന്ത്രണ്ടരയോടെയാണ് അവസാനിച്ചത്. സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരിം സമരക്കാരുമായി സംസാരിച്ചിരുന്നു. ആടുകളുടെ നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു തിങ്കളാഴ്ച തന്നെ കൊടുക്കുമെന്ന് ഡി.എഫ്.ഒ ഉറപ്പുകൊടുത്തു.
വെറ്ററിനറി സർജൻ നിർദേശിക്കുന്ന പോലെയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും അവർ നാട്ടുകാരെ അറിയിച്ചിട്ടുണ്ട്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മീനങ്ങാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, ആറാം വാർഡംഗം ബിന്ദു മോഹൻ, അഞ്ചാം വാർഡംഗം ശാരദ മണി തുടങ്ങിയവർ സ്ഥലത്തെത്തി.
ആവയലിലെ റോഡ് ഉപരോധത്തിനിടെ കൊളഗപ്പാറയിലും ദേശീയപാതയോട് ചേർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. കടുവയുടെ ആക്രമണം നടന്ന പ്രദേശത്തോട് ചേർന്ന് പല സ്ഥലത്തായി കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കടുവയെ പിടികൂടാനായിട്ടില്ല. അതുകൊണ്ടുതന്നെ നാട്ടുകാർ വലിയ സമരവുമായി രംഗത്തുവരാനുള്ള സാധ്യതയുണ്ട്.
ആക്രമിച്ചത് 29 വളർത്തു മൃഗങ്ങളെ; ചത്തത് 24 എണ്ണം
ഭൂരിഭാഗം പേർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല
സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടുവ ശല്യം രൂക്ഷമായിട്ട് നാലുമാസത്തോളമായി. ഇതിനിടയിൽ കടുവ ആക്രമിച്ചത് 29 വളർത്തു മൃഗങ്ങളെയാണ്. അതിൽ 24 എണ്ണം ചത്തു. എട്ട് പശുക്കളെ ആക്രമിച്ചതിൽ ആറെണ്ണമാണ് ചത്തത്. 21 ആടുകളിൽ 18 എണ്ണം ചത്തു. ഇതിൽ ചുരുക്കം ചില ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരം കിട്ടിയിട്ടുള്ളത്. ആടിന് 20,000 രൂപയാണ് വനം വകുപ്പ് കണക്കാക്കുന്നത്. ഇത് പോരെന്നാണ് ഞായറാഴ്ച അരിവയലിൽ റോഡ് ഉപരോധം നടത്തിയ നാട്ടുകാർ പറഞ്ഞത്. മുന്തിയ ഇനത്തിൽപ്പെട്ട ആടുകളുടെ കുഞ്ഞുങ്ങൾക്ക് പോലും ഇരുപതിനായിരത്തിനടുത്ത് വിലയുണ്ടെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
അടിയന്തരമായി മയക്കുവെടിവെച്ച് പിടികൂടണം - പഞ്ചായത്ത് പ്രസിഡന്റ്
മീനങ്ങാടി: പ്രദേശത്ത് ഭീതിപടർത്തുന്ന കടുവയെ കൂടുവെച്ച് പിടികൂടുന്നതിനായി കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെട്ടതിനാൽ അടിയന്തരമായി കൂടുതൽ ദൗത്യസംഘങ്ങളെ സ്ഥലത്തെത്തിച്ച് അടിയന്തരമായി മയക്കുവെടിവെച്ച് കടുവയെ പിടികൂടണമെന്ന് മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ആവശ്യപ്പെട്ടു. പ്രദേശത്ത് പലയിടത്തായി സ്ഥാപിച്ച കൂട്ടിൽ കടുവ കയറാത്ത സാഹചര്യമാണുള്ളത്. പല പ്രദേശങ്ങളിൽ ഒരേ സമയം കടുവയുടെ സാന്നിധ്യമുണ്ടായതിനാൽ ഒന്നിൽ കൂടുതൽ കടുവകളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റു ജില്ലകളിൽനിന്ന് ആർ.ആർ.ടി ടീമുകളെയും കടുവയെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിലും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.