കടുവ ആക്രമണം തുടർക്കഥ: ജനങ്ങൾ ഡി.എഫ് ഓഫിസും ദേശീയപാതയും ഉപരോധിച്ചു
text_fieldsഗൂഡല്ലൂർ: ജനവാസ മേഖലയിൽ ഇറങ്ങി ഉപദ്രവമുണ്ടാക്കുന്ന കടുവയെയും ആനയെയും പിടികൂടണമെന്നാവശ്യപ്പെട്ട് ശ്രീ മധുര ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ഡി.എഫ് ഓഫിസും ദേശീയപാതയും ഉപരോധിച്ചു. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ വളർത്തുമൃഗങ്ങളെ തുടരെത്തുടരെ കടുവകൾ ആക്രമിച്ചു കൊല്ലുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ അമ്പലമൂലയിലെ ഏലിയാമ്മയുടെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലർച്ചെ എത്തിയ കടുവ കൊന്നു. കഴിഞ്ഞ ദിവസം കോ ഴിക്കണ്ടിയിലെ രാജുവിെൻറ കാളക്കുട്ടിയെ കൊന്നപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ചെങ്കിലും വനപാലകരടക്കമുള്ളവർ എത്തി കൂടുവെക്കാനും നിരീക്ഷണത്തിനും നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.എന്നാൽ നടപടി വൈകി. ഇതിനിടെ ബുധനാഴ്ച പുലർച്ചെ മറ്റൊരു പശുക്കിടാവിനെ കൂടി കൊന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങൾ ഒന്നടങ്കം പശുക്കിടാവിെൻറ ജഡവുമായി എത്തി രാവിലെ ഒമ്പതിന് ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചത്. ചർച്ച നടത്താൻ അധികൃതർ എത്താത്തതിനെത്തുടർന്ന് 12 മണിമുതൽ ഒരുമണിവരെ മാക്കമൂലയിൽ ദേശീയപാത ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുന്നത് കണക്കിലെടുത്ത് റോഡിൽ നിന്ന് മാറി കൊടുത്തെങ്കിലും ഡി.എഫ് ഒ അടക്കമുള്ള ഉന്നത അധികാരികൾ എത്തിയില്ല. ഇതേത്തുടർന്ന് ഉച്ചക്ക് രണ്ടരയോടെ റോഡ് ഉപരോധം തുറ പള്ളി വനംവകുപ്പ് ചെക്ക്പോസ്റ്റ് സമീപത്തേക്ക് മാറ്റുകയായിരുന്നു. ഗൂഡല്ലൂർ എം.എൽ.എ അഡ്വ. ജയശീലൻ, ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ, വൈസ് പ്രസിഡൻറ്, മറ്റു വാർഡ് അംഗങ്ങൾ മറ്റു സന്നദ്ധ സംഘടന പ്രവർത്തകർ അടക്കമുള്ളവർ നേതൃത്വം നൽകി.
റോഡ് ഉപരോധം; യാത്രക്കാർ വലഞ്ഞു
ഗൂഡല്ലൂർ: മൈസൂരു നാഗപട്ടണം ദേശീയപാതയിൽ ഗൂഡല്ലൂരിനു സമീപം തുറപ്പള്ളിയിൽ ദേശീയപാത ഉപരോധം കാരണം മൈസൂർ - നാഗപട്ടണം ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി കടന്നുപോകുന്ന തമിഴ്നാട്- കർണാടക-കേരള ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങൾ, ടൂറിസ്റ്റുകൾ, അന്തർസംസ്ഥാന ബസുകൾ എന്നിവ മണിക്കൂറുകളോളം നിർത്തിയിടേണ്ടിവന്നു. ഇത് യാത്രക്കാരെ വലച്ചു. ബുധനാഴ്ച 12 മണി മുതൽ ഒരു മണി വരെ ഉപരോധം നടത്തിയിട്ടും ചർച്ചക്ക് അധികൃതർ എത്തിയില്ല.
പൊലീസ് അഭ്യർഥനമാനിച്ച് ഒരു മണിക്കൂർ നേരം റോഡ് ഉപരോധം പിൻവലിച്ച് മാറിനിന്നെങ്കിലും അധികൃതരെത്തിയില്ല. തുടർന്ന് ഉച്ചക്ക് രണ്ടര മുതൽ വീണ്ടും ഉപരോധം തുടർന്നതോടെയാണ് വാഹന ഗതാഗതം തടസ്സപ്പെട്ടത്.
അധികൃതർ ഉറപ്പു നൽകി; ഉപരോധം അവസാനിപ്പിച്ചു
ഗൂഡല്ലൂർ: കടുവയെ പിടികൂടാൻ കൂട് വെക്കുമെന്നും വിനായക എന്ന കാട്ടാനയെ വിരട്ടാൻ താപ്പാനകളെ എത്തിക്കുമെന്നും ഉറപ്പുനൽകിയതോടെ മണിക്കൂറുകൾ നീണ്ട ദേശീയപാത ഉപരോധം അവസാനിപ്പിച്ചു. മുതുമല കടുവ സങ്കേത ഡയറക്ടർ വെങ്കിടേഷാണ് ചർച്ചയിൽ ഉറപ്പുനൽകിയത്. ഡി.എഫ്.ഒ കൊങ്കു ഓംകാർ, ആർ.ഡി.ഒ ശരവണകണ്ണൻ, ഡിവൈ.എസ്.പി കുമാർ, പൊൻ ജയശീലൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ, വൈസ് പ്രസി. റെജി മാത്യു, വ്യാപാരി സംഘം പ്രസിഡൻറ് എ.ജെ. തോമസ്, യൂനിയൻ കൗൺസിലർ കെ.കെ. ഗംഗാധരൻ, സി.കെ. മണി, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അതേസമയം മണിക്കൂറുകളോളം ഉപരോധം നടത്തിയിട്ടും പ്രതിഷേധം വകവെക്കാതിരുന്നതോടെ ഡി.എം.കെ നേതാവ് ബാബു മേലോത്ത് ജനങ്ങൾക്കുവേണ്ടി ജീവനൊടുക്കാനും തയാറാെണന്ന് ഭീഷണി മുഴക്കിയതോടെയാണ് ചർച്ചക്ക് വഴിയൊരുങ്ങിയതും പരിഹാരം ഉറപ്പുനൽകിയതും. പഞ്ചായത്തിലെ വ്യാപാരികൾ, മഹിളാസംഘം പ്രതിനിധികൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, വനിത സ്വാശ്രയ സംഘങ്ങൾ, ആദിവാസികൾ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.