കൃഷ്ണഗിരിയുടെ നിയന്ത്രണം കടുവക്ക്
text_fieldsസുൽത്താൻ ബത്തേരി: പ്രകൃതിരമണീയമായ കൃഷ്ണഗിരി മേഖലയുടെ നിയന്ത്രണം ഒരു മാസത്തിലേറെയായി കടുവയുടെ കൈകളിലാണ്. വനം വകുപ്പിന്‍റെ എല്ലാ ശ്രമങ്ങളെയും നിഷ്പ്രഭമാക്കി കടുവ മുന്നേറുമ്പോൾ നാട്ടുകാരിലെ ആശങ്ക ഒഴിയുന്നില്ല. വനം വകുപ്പിൽ വിശ്വാസമർപ്പിച്ച് ജീവിതം തള്ളിനീക്കാൻ എല്ലാവരും നിർബന്ധിതരാകുകയാണ്.
കൊളഗപ്പാറ മലക്ക് മുകളിൽ കയറിയാൽ താഴെ മനോഹരമായ പ്രകൃതി ദൃശ്യമാണ്. ഇത് കാണാൻ നിരവധി സഞ്ചാരികൾ എത്തിയിരുന്നു. ഒരു മാസത്തോളമായി മലയിലേക്ക് സഞ്ചാരികളെ കയറ്റുന്നില്ല. ഇതിനടുത്തുള്ള റാട്ടക്കുണ്ട് കുന്നുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രദേശമാണ്. ഇവിടെയും കടുവ സാന്നിധ്യമുണ്ട്.
കടുവ എത്തിയതായി സൂചന കിട്ടിയാൽ പടക്കം പൊട്ടിക്കുന്ന രീതിയാണ് നാട്ടുകാർ പിന്തുടരുന്നത്. ഇതോടെ കടുവ അടുത്ത പ്രദേശത്തേക്ക് നീങ്ങും. പിറകെ വനം വകുപ്പും. വെടിവെക്കാൻ പോയിട്ട് വ്യക്തമായി കടുവയെ കാണാൻ വരെ അവർക്ക് സാധിക്കുന്നില്ല. ഈയൊരു സാഹചര്യം ഇനിയും എത്ര ദിവസം നീളുമെന്നതാണ് വിവിധ പ്രദേശങ്ങളിലുള്ളവരെ ആശങ്കയിലാഴ്ത്തുന്നത്.
വ്യാഴാഴ്ച രാത്രി കൃഷ്ണഗിരി കവലക്കടുത്ത് ദേശീയപാതയിൽ പൂച്ചപ്പുലി വാഹനമിടിച്ച് ചത്തിരുന്നു. മൂന്നാഴ്ച മുമ്പ് കൊളഗപ്പാറക്കടുത്തും ഇതേ സംഭവമണ്ടായി. കടുവയുടെയും പൂച്ചപ്പുലിയുടെയും താവളം ബീനാച്ചി തോട്ടമാണോ എന്നതാണ് പരിശോധിക്കേണ്ടത്.
ആട്, മാൻ തുടങ്ങിയവയെ പൂച്ചപ്പുലികൾ വേട്ടയാടുമെന്നാണ് വനം വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. കൃഷ്ണഗിരി മേഖലയിലെ ആടുകളെ പൂച്ചപ്പുലി പിടിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.