മീനങ്ങാടി മൂന്നാനക്കുഴിയിൽ കടുവയിറങ്ങി; മൂന്ന് ആടുകളെ കൊന്നു
text_fieldsമീനങ്ങാടി: പഞ്ചായത്തിലെ അപ്പാട് പ്രദേശത്ത് ഒരിടവേളക്കുശേഷം വീണ്ടും കടുവയിറങ്ങി. മീനങ്ങാടി മൂന്നാനക്കുഴി യൂക്കാലിക്കവലയിൽ ശനിയാഴ്ച പുലർച്ചയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. യൂക്കാലിക്കവല നടുപ്പറമ്പത്ത് രാഘവന്റെ മൂന്ന് ആടുകളെ കടുവ ആക്രമിച്ചു കൊന്നു. സ്ഥലത്തെത്തിയ വനപാലകര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി.
കഴിഞ്ഞ മാസങ്ങളിൽ മൂന്നാനക്കുഴിയുടെ സമീപപ്രദേശമായ മൈലമ്പാടിയിലും മണ്ഡകവയലിലുമുൾപ്പെടെ കടുവയുടെ ആക്രമണമുണ്ടായിരുന്നു. മണ്ഡകവയൽ, മൈലമ്പാടി മേഖലയിലിറങ്ങിയ കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. കുറച്ചുനാളായി മണ്ഡകവയൽ പ്രദേശത്ത് കടുവയിറങ്ങിയിരുന്നില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് മൈലമ്പാടിയോട് ചേർന്നുള്ള മൂന്നാനക്കുഴി പ്രദേശത്ത് ഇപ്പോൾ കടുവയുടെ ആക്രമണമുണ്ടായത്. സമീപ പ്രദേശമായ കൃഷ്ണഗിരിയിൽ ദിവസങ്ങളായി കടുവയുടെ ആക്രമണത്തിൽ നിരവധി ആടുകൾ ചത്തിരുന്നു.
മൂന്നാനക്കുഴിയിൽ കടുവയിറങ്ങിയത് പ്രദേശവാസികളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മൂന്നാനക്കുഴിയുടെ സമീപ പ്രദേശങ്ങളായ അപ്പാട്, മൈലമ്പാടി സ്ഥലങ്ങളിലുള്ളവരും ആശങ്കയിലാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് രാത്രിയോടെ മണ്ഡകവയലിൽ ഭീതിപരത്തിയ കടുവയുടെ കുഞ്ഞ് കൂട്ടിലകപ്പെട്ടിരുന്നു. ഇതിന് സമീപത്തായി തള്ളക്കടുവ നിലയുറപ്പിച്ചതോടെ പിറ്റേദിവസം കുഞ്ഞിനെ കൂട്ടിൽനിന്ന് തുറന്നുവിടുകയായിരുന്നു.
ഈ സംഭവത്തിനുശേഷം മണ്ഡകവയൽ മേഖലയിൽ കടുവയുടെ ആക്രമണം ഉണ്ടായിരുന്നില്ല. ശനിയാഴ്ച കടുവയുടെ ആക്രമണമുണ്ടായ യൂക്കാലിക്കവലയിൽ വനംവകുപ്പ് അധികൃതരെത്തി കൂട് സ്ഥാപിച്ചിട്ടുണ്ട്.
കടുവയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.