പൊൻമുടിക്കോട്ടയിലെ കടുവ; നാട്ടുകാരുടെ ആശങ്ക ഒഴിയുന്നില്ല
text_fieldsസുൽത്താൻ ബത്തേരി: ഒരു മാസത്തിലേറെയായി കടുവകൾ വിഹരിക്കുന്ന പൊന്മുടിക്കോട്ട ഭാഗത്ത് നാട്ടുകാർ കടുത്ത ആശങ്കയിൽ. കടുവയെ പിടിക്കാൻ വനം വകുപ്പ് രണ്ടുകൂടുകൾ സ്ഥാപിച്ചിട്ടും ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്.
തിങ്കളാഴ്ച വൈകീട്ട് പൊന്മുടികോട്ടയിലെത്തിയ ഡി.എഫ്.ഒ സജ്ന കരീം പരിസരവാസികളുമായി ചർച്ച നടത്തി. തുടർനടപടികൾ ഇനിയും വൈകിയാൽ ചൊവ്വാഴ്ചയോ വരും ദിവസങ്ങളിലോ കർമസമിതി സമര പ്രഖ്യാപനം നടത്തിയേക്കും. പൊന്മുടികോട്ട, കുപ്പമുടി ഭാഗങ്ങളിലാണ് കടുവകൾ വിഹരിക്കുന്നത്. എസ്റ്റേറ്റിനുള്ളിലാണ് കൂടുകൾ സ്ഥാപിച്ചിട്ടുള്ളത്. പത്തു ദിവസത്തിലേറെയായിട്ടും കൂടിന്റെ പരിസരത്തേക്ക് കടുവ എത്തിയിട്ടില്ല. മൂന്നാമതൊരു കൂടുകൂടി സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.
മൂന്ന് ദിവസം കൂടി കാത്തിരിക്കാനുള്ള ഡി.എഫ്.ഒയുടെ വാക്കുകളെ തൽക്കാലം നാട്ടുകാർ വിശ്വസിച്ചിരിക്കുകയാണ്. ചെതലയം കാട്ടിൽനിന്നും കൃഷ്ണഗിരി വഴിയാണ് പൊൻമുടിക്കോട്ടയിൽ കടുവ എത്തുന്നത്.
ബീനാച്ചി എസ്റ്റേറ്റിൽ നിന്നും പൂമല, കരടിമൂല ഭാഗത്തുകൂടിയും കടുവ എത്താൻ സാധ്യതയുണ്ട്. കടുവയും കുഞ്ഞുങ്ങളുമാണ് ഇപ്പോൾ പൊൻമുടിക്കോട്ടയിൽ കറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.