വളാഞ്ചേരിയിലും കടുവയെത്തി; പൂതാടിയിൽ ജനം ഭീതിയിൽ
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ വളാഞ്ചേരി, പരപ്പനങ്ങാടി, മോസ്കോക്കുന്ന് ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് പ്രദേശവാസികളിൽ ചിലർ കടുവയെ കണ്ടത്. വനം വകുപ്പ് തിരച്ചിൽ നടത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മൂന്നിടങ്ങളിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പൂതാടിയിലെ ജനങ്ങൾ ഭീതിയിലാണ്.
പാമ്പ്ര സർക്കാർ കോഫി പ്ലാന്റേഷനോട് ചേർന്നുകിടക്കുന്ന ജനവാസകേന്ദ്രമാണ് വളാഞ്ചേരി. ഇവിടത്തെ പൂതക്കുഴി പാലിയേത്ത് സുധീന്ദ്രന്റെ തോട്ടത്തിലാണ് ചൊവ്വാഴ്ച രാവിലെ കടുവ നിലയുറപ്പിച്ചത്.
അതിന് മുമ്പ് കൊല്ലപ്പള്ളി വിജീഷാണ് പ്രദേശത്തെത്തിയ കടുവയെ ആദ്യം കണ്ടത്.
വീടിന് മുറ്റത്തിറങ്ങിയപ്പോൾ കടുവ പ്ലാന്റേഷന്റെ സമീപത്തുകൂടെ നടന്നുപോകുന്നതാണ് കണ്ടത്. തോട്ടത്തിൽ കാപ്പി പറിക്കുന്നവർ നിരവധിയുണ്ടായിരുന്നു.
അവരുടെ ശ്രദ്ധയിലേക്കായി വിളിച്ചു കൂവിയപ്പോൾ കടുവ വിജീഷിന്റെ നേരെ തിരിഞ്ഞു.
ഓടി വീടിനകത്ത് കയറിയാണ് രക്ഷപ്പെട്ടത്. മോസ്കോക്കുന്നിൽ നിന്ന് ജനം ബഹളം വെച്ചപ്പോൾ കടുവ മുരൾച്ചയോടെ അടുത്തേക്ക് വരാൻ ശ്രമിച്ചുവെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗാന്ധിനഗർ വാർഡിൽ അവശനിലയിൽ കണ്ട കടുവ ചത്തിരുന്നു. അവിടെ നിന്നും വളാഞ്ചേരി, പരപ്പനങ്ങാടി ഭാഗത്തേക്ക് നാല് കിലോമീറ്റർ ദൂരമേയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.