വടക്കനാട് വീണ്ടും കടുവ ആടിനെ കൊന്നു; നാട്ടുകാർ ഭീതിയിൽ
text_fieldsസുൽത്താൻ ബത്തേരി: വനയോര മേഖലയായ വടക്കനാട് വീണ്ടും കടുവ സാന്നിധ്യം. ചൊവ്വാഴ്ച പുലർച്ച പണയമ്പത്തെ ചടച്ചിപ്പുര കുഞ്ഞുലക്ഷ്മിയുടെ ആട്ടിൻകൂട്ടിൽ കെട്ടിയ ആടുകളിലൊന്നിനെ കടുവ കൊന്നു.
ആടിെൻറ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കുഞ്ഞുലക്ഷ്മി കടുവയെ കണ്ടതായി പറയുന്നു. ചൊവ്വാഴ്ച പകൽ പ്രദേശത്ത് വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
രണ്ടുമാസത്തെ ഇടവേളക്കുശേഷമാണ് വടക്കനാട് കടുവ എത്തുന്നത്. സാധാരണ ഇവിടെ കടുവസാന്നിധ്യമുണ്ടായാൽ മിക്ക ദിവസങ്ങളിലും വളർത്തുമൃഗങ്ങൾ കൊല്ലപ്പെടാറുണ്ട്. കൂട് സ്ഥാപിക്കലും നിരീക്ഷണവും മുറക്ക് നടക്കും. ഇപ്പോഴും അതേ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
വടക്കനാട്, പണയമ്പം ഭാഗങ്ങൾ ചെതലയം കാടിനോടു ചേർന്നാണ്. ബന്ദിപ്പൂർ, മുതുമല കടുവാസങ്കേതങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന മുത്തങ്ങ വനത്തിൽനിന്നു മൃഗങ്ങൾക്ക് വടക്കനാട് എത്താൻ എളുപ്പമാണ്. ഇടക്കിടെ കടുവ എത്താൻ ഈ സാഹചര്യം കാരണമാകുന്നുണ്ട്.
രണ്ടു മാസം മുമ്പ് കാടുകയറിപ്പോയ കടുവയായിരിക്കും ഇപ്പോൾ തിരിച്ചെത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാർ. ഒരു വർഷം മുമ്പാണ് വടക്കനാട് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ജഡയൻ എന്ന ആദിവാസിയെ കടുവ കൊന്ന് ഭക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.