പതിനൊന്നാമത്തെ വളർത്തുമൃഗത്തെയും പിടികൂടി; നാട്ടുകാരെ വട്ടംകറക്കി കടുവ
text_fieldsമാനന്തവാടി: 15 ദിവസമായി വനം, പൊലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടം കറക്കിയ കടുവ വീണ്ടും വളർത്തുമൃഗത്തെ പിടികൂടി. കുറുക്കൻമൂല കാടൻകൊല്ലിവരകിൽ സുരേഷിന്റെ മൂരിക്കിടാവിനെയാണ് ഞായറാഴ്ച അർധരാത്രി പിടികൂടിയത്. ബഹളം കേട്ട് റോന്ത് ചുറ്റുന്ന വനപാലക സംഘം സ്ഥലത്ത് എത്തിയതോടെ അടുത്ത തോട്ടത്തിൽ മൂരിക്കുട്ടെൻറ ജഡം ഉപേക്ഷിച്ച് കടുവ കടന്നുകളയുകയായിരുന്നു. കാവേരി പൊയിൽ ഐക്കരാട്ട് മാത്യു, കളരിക്കൽ ബേബി എന്നിവരുടെ വീടിന് സമീപവും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഇതോടെ ഈ പ്രദേശത്ത് രണ്ടു കൂടുകളും കോതമ്പറ്റ കോളനിക്ക് സമീപം ഒരു കൂടും ഉൾപ്പെടെ അഞ്ചു കൂടുകളാണ് സ്ഥാപിച്ചത്. അതിനിടെ കഴിഞ്ഞദിവസം കാവേരി പൊയിലിന് സമീപം സ്ഥാപിച്ച കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞത് വനം വകുപ്പിന് നേരിയ ആശ്വാസം നൽകിയിട്ടുണ്ട്. ജില്ലയിലെ സെൻസസിൽ കുടുങ്ങാത്ത കടുവയാണ് വളർത്തുമൃഗങ്ങളെ അക്രമിക്കുന്നതെന്നാണ് നിഗമനം.
വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, ഡി.എഫ്.ഒമാരായ രമേശ് കുമാർ ബിഷ്ണോയ്, ഷജ്ന കരീം എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കടുവശല്യം: വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ
മാനന്തവാടി: രണ്ടാഴ്ചയിലധികമായി തുടരുന്ന കടുവശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ വേറിട്ട പ്രതിഷേധവുമായി രംഗത്ത്. കുറുക്കൻമൂല കാടൻകൊല്ലിക്ക് സമീപമാണ് നാട്ടുകാർ കൈകൊണ്ടെഴുതിയ പ്ലക്കാർഡ് പിടിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തുകയും പോസ്റ്റർ പതിക്കുകയും ചെയ്തത്. പള്ളിച്ചാംകുടി ജോസ്, ഉപ്പുകുഴി അജി, മറ്റപ്പള്ളി ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
വിദഗ്ധ സമിതിക്ക് രൂപം നൽകണം'
കൽപറ്റ: ജില്ലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വിഷയം പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നിരവധിയാളുകളാണ് വന്യമൃഗാക്രമണങ്ങൾക്ക് ഇരയായത്. വ്യാപക കൃഷിനാശവും വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നതും ജില്ലയിൽ നിത്യസംഭവമായി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും ഗുരുതര പരിക്കേറ്റ് ജീവിക്കുന്നവർക്കും വാഗ്ദാനങ്ങൾ നൽകുകയല്ലാതെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഭരണകൂടത്തിനും എം.പി, എം.എൽ.എമാർക്കും നിവേദനം നൽകാനും തുടർനടപടികളുണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. കെ.എ. അയ്യൂബ്, ജില്ല ജനറൽ സെക്രട്ടറി ടി. നാസർ, കൽപറ്റ മണ്ഡലം പ്രസിഡൻറ് എൻ. ഹംസ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.