ടൂറിസം മേഖല ഉണർന്നു; സഞ്ചാരികൾ നിറഞ്ഞ് വയനാട്
text_fieldsവൈത്തിരി: വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതായി കണക്കുകൾ. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് സഞ്ചാരികളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെത്തിയത്. വാരാന്ത്യദിനങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളോടൊപ്പം ജില്ലയിലെ റിസോർട്ടുകളും 'ഹൗസ് ഫുൾ'ആയിരുന്നു.
ഡി.ടി.പി.സി കണക്കുകൾ പ്രകാരം 17592 സഞ്ചാരികൾ കഴിഞ്ഞ ആറു ദിവസത്തിനിടയിൽ പൂക്കോട് തടാകം മാത്രം സന്ദർശിച്ചു. വ്യാഴാഴ്ച രണ്ടായിരത്തോളം സഞ്ചാരികളാണ് എത്തിയത്. മറ്റു ഡി.ടി.പി.സി ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികളെത്തി. ഇതോടൊപ്പം മറ്റു വകുപ്പുകളുടെ കീഴിലുള്ള ചെമ്പ്ര പീക്, ബാണാസുര ഡാം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളിലും നല്ല തിരക്കാണനുഭവപ്പെട്ടത്. ജില്ലയിലെ റിസോർട്ടുകളെല്ലാം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദിവസങ്ങൾക്കു മുേമ്പ റിസർവ്ഡ് ആയിരുന്നു. അതോടൊപ്പം ഹോംസ്റ്റേകളും നിറഞ്ഞു. അടുത്ത ശനി, ഞായർ ദിവസങ്ങളിലേക്കും റിസോർട്ടുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്തുകഴിഞ്ഞു. വരുംദിവസങ്ങളിലും സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നതായി ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഏറെ കാലെത്ത അടച്ചിടലിനുശേഷം ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് വർധിച്ചത് മേഖലക്ക് ഉണർവേകുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡൻറ് സെയ്ത് തളിപ്പുഴ പറഞ്ഞു.
കുറുവ ദ്വീപ് നാളെ തുറക്കും
മാനന്തവാടി: കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഒക്ടോബർ രണ്ടു മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരോ 72 മണിക്കൂറിനകമുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവർക്കാണ് പ്രവേശനം. ഒരു മാസത്തിന് മുമ്പ് കോവിഡ് പോസിറ്റിവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവരെയും പ്രവേശിപ്പിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശനസമയം. ഒരുദിവസം ഇരുഭാഗത്തുനിന്നുമായി 1150 പേർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.