പേര്യ ചുരം റോഡിൽ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsമാനന്തവാടി: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിലച്ച പേര്യ ചുരം റോഡിൽ ബുധനാഴ്ച വൈകിേട്ടാടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. നിലവിൽ ചെറുവാഹനങ്ങൾക്ക് ചുരം റോഡിലൂടെ കടന്നുപോകാൻ കഴിയും. ചെറു വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
എന്നാൽ, വലിയ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യമായിട്ടില്ല. തിങ്കളാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിൽ കാരണമാണ് പേര്യ ചുരം റോഡിൽ ഗതാഗത തടസ്സമുണ്ടായത്.
രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നു കിലോമീറ്ററോളം ദൂരത്തിൽ റോഡിൽ കല്ലും മണ്ണും മരങ്ങളും അടിഞ്ഞുകൂടിയിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തെ തുടർന്നാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാനായത്. ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും.
പേര്യ ചന്ദനത്തോട് മുതൽ സെമിനാരി വില്ലവരെയുള്ള ആറ് കിലോമീറ്ററിനുള്ളിൽ 14 സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുമുണ്ടായിരുന്നു. വലിയ പാറക്കൂട്ടങ്ങൾ മാനന്തവാടി - നെടുംപൊയിൽ റോഡിലേക്ക് നിരങ്ങിയെത്തി.
മലവെള്ളത്തിന്‍റെ ശക്തമായ കുത്തൊഴുക്കിൽ റോഡ് പലയിടങ്ങളിലായി ഇടിഞ്ഞുതാഴുകയും പൊട്ടിക്കീറുകയും ചെയ്തു. റോഡിൽ ചില സ്ഥലത്ത് വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പേര്യ ചുരം റോഡ് നിലവിൽ അപകടാവസ്ഥയിലാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് റോഡിലെ കല്ലും മരങ്ങളും നീക്കിയത്.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി
കൽപറ്റ: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. മറ്റെല്ലാ സ്കൂളുകളും സാധാരണപോലെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.