ഗതാഗതക്കുരുക്ക്; ഊട്ടി-മേട്ടുപ്പാളയം റോഡ് വൺവേ ആക്കുന്നു
text_fieldsഗൂഡല്ലൂർ: ഊട്ടിയിൽ സമ്മർ സീസൺ 2 ആരംഭിച്ചതിനാൽ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ ഊട്ടി-മേട്ടുപ്പാളയം റോഡ് വൺവേ ആക്കി മാറ്റി. ഇന്നുമുതൽ വാഹന നിയന്ത്രണം ആരംഭിക്കും.
നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്. ഊട്ടി, മേട്ടുപ്പാളയം റോഡിൽ മാത്രമല്ല ഊട്ടി നഗരത്തിലെ പ്രധാന റോഡുകളിലും വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വിനോദസഞ്ചാരികൾക്ക് മാത്രമല്ല സർക്കാർ ബസുകൾക്കും പ്രദേശവാസികൾക്കും കൃത്യസമയത്ത് അവരുടെ പ്രദേശങ്ങളിലെത്താൻ കഴിയുന്നില്ല.
ഇതേത്തുടർന്ന് ഊട്ടിയിൽ വിനോദസഞ്ചാരികളുടെ വരവുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നീലഗിരി പൊലീസ് പ്രധാന റോഡുകൾ വൺവേയും ചില റോഡുകൾ ബദൽ റോഡുകളുമാക്കി.
എങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും സഹകരണ പ്രവർത്തനങ്ങൾക്ക് വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി എല്ല വകുപ്പുതല സർക്കാർ ഉദ്യോഗസ്ഥരും വിവിധ അസോസിയേഷനുകളിലെ അംഗങ്ങളുമായി കൂടിയാലോചന യോഗം നടത്തി.
ജില്ല കലക്ടർ എസ്.പി. അംറിത്ത് അധ്യക്ഷത വഹിച്ചു. വേനൽക്കാലമായതിനാൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും വാഹനങ്ങളിലാണ് കൂടുതൽ എത്തുന്നതെന്നതിനാൽ റോഡുകളിൽ ഗതാഗതക്കുരുക്ക് മാത്രമല്ല പാർക്കിങ് പ്രശ്നങ്ങൾ ഉണ്ടെന്നും ജില്ല കലക്ടർ പറഞ്ഞു.
മേട്ടുപ്പാളയത്ത് നിന്നുള്ള എല്ലാ വാഹനങ്ങൾക്കും കൂനൂർ വഴി ഊട്ടിയിലേക്ക് വരാം. രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ ഊട്ടിയിലും കൂനൂർ നഗരത്തിലും വാട്ടർ ട്രക്ക് തുടങ്ങിയ ചരക്ക് ലോറികൾ മാത്രം പ്രവേശിക്കരുത്. അതിനുമുമ്പ് വാഹനങ്ങൾ വന്നു പോകണം.
കോയമ്പത്തൂർ, മേട്ടുപ്പാളയം, തിരുപ്പൂർ, ഈറോഡ് ഉൾപ്പെടെയുള്ള സമതല പ്രദേശങ്ങളിൽ നിന്നുവരുന്ന സ്വകാര്യ ബസുകൾക്കും വാനുകൾക്കും ആവിൻ പാർക്ക് സ്ഥലങ്ങളിൽ സ്റ്റോപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ദൊഢബെഢ മുനമ്പിലേക്ക് ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ല. ഗൂഡല്ലൂർ, മഞ്ചൂർ വഴി വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതെ സർക്യൂട്ട് ബസുകൾ പ്രയോജനപ്പെടുത്തണമെന്നും കലക്ടർ ആവശ്യപ്പെട്ടു. നഗരത്തിലെ എല്ലാ ശൗചാലയങ്ങളും നന്നാക്കാനും ജല സൗകര്യം ഒരുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
അതുപോലെ ഊട്ടിയിലെ കടയുടമകളും ഉദ്യോഗസ്ഥരും സീസൺ കഴിയുന്നത് വരെ ലോക്കൽ പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കണമെന്നും കടകൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു. യോഗത്തിൽ ജില്ല റവന്യൂ ഓഫിസർ കീർത്തി പ്രിയദർശിനി, സബ് കലക്ടർ മോണിക്കറാണ,ആർ.ഡി.ഒ.ഒ ത്യാഗരാജൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.