ആഡംബരക്കാറിൽ യാത്ര; കാത്തിരിക്കുന്നത് 20 വർഷത്തിൽ കുറയാത്ത തടവ്
text_fieldsസുൽത്താൻ ബത്തേരി: ആഡംബരക്കാറിൽ വന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തുകൊണ്ടാണ് ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട സുൽത്താൻ ബത്തേരി പൊലീസ് നടത്തിയത്. മുത്തങ്ങയിൽ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുമ്പോൾ ഒരു ഭാവഭേദവും ഇല്ലാതെയുള്ള പെരുമാറ്റമായിരുന്നു. ലഹരിമരുന്ന് കടത്തികൊണ്ടുവരുന്നവരാണെന്ന ഒരു സംശയവും ആദ്യമുണ്ടായിരുന്നില്ല.
എന്നാൽ, മറുപടിയിൽ ചില സംശയം തോന്നിയ പൊലീസ് വിശദമായി പരിശോധിച്ചു. കാറിന്റെ പിറകുഭാഗത്തെ ഡിക്കി പരിശോധിച്ചപ്പോൾ മ്യൂസിക് സിസ്റ്റത്തിന് സമീപത്തായി ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. എം.ഡി.എം.എയുടെ അളവ് പൊലീസിനും അമ്പരപ്പുണ്ടാക്കി. 20 വർഷത്തിൽ കുറയാത്ത തടവായിരിക്കും പ്രതികളെ കാത്തിരിക്കുന്നത്.
പരമ്പരാഗത ലഹരിമരുന്നുകളെ പിന്നിലാക്കി എം.ഡി.എം.എ
സുൽത്താൻ ബത്തേരി: മദ്യം, കഞ്ചാവ് ഉൽപന്നങ്ങൾ ഉൾപ്പടെയുള്ള പരമ്പരാഗത ലഹരിമരുന്നുകളേക്കാൾ അടുത്തകാലത്തായി ജില്ലയിലും മറ്റിടങ്ങളിലുമായി ഏറ്റവും കൂടുതൽ പിടികൂടുന്ന ലഹരിമരുന്നായി മാറിയിരിക്കുകയാണ് എം.ഡി.എം.എ എന്ന ചുരുക്കപേരിലറിയപ്പെടുന്ന മെത്തലീൻ ഡയോക്സി മെത്താംഫിറ്റമിൻ.
സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരി വസ്തുവായ എം.ഡി.എം.എയാണ് ഇപ്പോൾ പിടിക്കപ്പെടുന്നവയിൽ ഏറെയും. മോളി, എക്സ്, എക്സ്റ്റസി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും എത്തുന്നത്.
ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവക്കിടയാക്കുന്ന ഈ മയക്കുമരുന്ന് ഉറക്കമില്ലായ്മക്ക് നല്ലതാണെന്ന് പ്രലോഭിപ്പിച്ചാണ് യുവതലമുറയെ അടിമകളാക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ മൂന്ന് ദിവസം വരെ ‘ഉന്മേഷം’ നിലനിൽക്കുമെന്നും മറ്റും പറഞ്ഞുകൊണ്ട് യുവാക്കളെ ലഹരിക്കടിപ്പെടുത്തുന്ന എം.ഡി.എം.എയുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.
മറ്റു മയക്കുമരുന്നുകൾപോലെ തന്നെ ഇവ ഒരുതവണ ഉപയോഗിച്ചാൽ പിന്നീട് ഇത് കിട്ടാതെ വരുമ്പോൾ അക്രമാസക്തരാകുന്നു. പിന്നീട് ഇത് സംഘടിപ്പിക്കാൻ ആളെ കൊല്ലാനും മടിക്കില്ല. വളരെ ചെറിയ അളവിൽ ഉപയോഗിച്ചാൽ പോലും വലിയ ലഹരിയാണ് ലഭിക്കുക. യുവ തലമുറ ഇതിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതായി എക്സൈസ്, പൊലീസ് അധികാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.