പട്ടയ ഭൂമിയിലെ മരങ്ങൾ: കണക്കെടുപ്പിന് കടമ്പകളേറെ; മന്ത്രിക്ക് നൽകിയത് അപൂർണമായ കണക്ക്
text_fieldsകല്പറ്റ: മുട്ടില്‍ മരംമുറി വിവാദമായതോടെ സംസ്ഥാനത്തുടനീളം നടത്തിയ മരംമുറിയെക്കുറിച്ച് അന്വേഷിക്കാനായി നിയോഗിക്കപ്പെട്ട വനംവകുപ്പ് സംഘം നഷ്ടപ്പെട്ട മരങ്ങളുടെ എണ്ണം സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നല്‍കിയത് വ്യക്തതയില്ലാത്ത കണക്കുകള്‍. ജില്ലകള്‍ തിരിച്ചു വനംവകുപ്പ് തയാറാക്കിയിരിക്കുന്ന കണക്കില്‍ ഇത്ര ഇനം, എണ്ണം മരങ്ങള്‍ മുറിച്ചുവെന്ന് വ്യക്തമായി പറയുന്നു. എന്നാല്‍, എവിടെയെല്ലാം മരംമുറി നടന്നുവെന്ന വ്യക്തമായ അന്വേഷണം നടത്താതെ പ്രാഥമികമായി ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ തട്ടിക്കൂട്ടിയ കണക്കാണിതെന്നാണ് ആക്ഷേപം. വനംവകുപ്പ് പ്രത്യേക അന്വേഷണ സംഘം വയനാട്ടില്‍ വന്നു മടങ്ങിയതിനു ശേഷം, ഇവിടെ നിന്നു നേരത്തെ മുറിച്ചിട്ട വേറെയും മരങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തി. ഇതൊന്നും വനംവകുപ്പ് അന്വേഷണ സംഘത്തിെൻറ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.
പല തോട്ടങ്ങളിലും വിവാദ സര്‍ക്കാര്‍ ഉത്തരവിെൻറ മറവില്‍ മരങ്ങള്‍ മുറിച്ചിട്ടിട്ടുണ്ടെന്നാണ് വിവരം. പരാതികള്‍ ഉയരുന്ന സ്ഥലങ്ങളില്‍ പ്രാദേശികമായി വനം, റവന്യൂ അധികൃതര്‍ പരിശോധന നടത്തുകയാണ്. വില്ലേജ് ഓഫിസുകളിലെ വൃക്ഷ രജിസ്റ്ററിെൻറ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ റവന്യൂ പട്ടയ ഭൂമികളിലെ സര്‍ക്കാറില്‍ നിക്ഷിപ്തമായ മരങ്ങളുടെ യഥാര്‍ഥ കണക്ക് ലഭ്യമാവൂ. 1964ലെ ഭൂ പതിവു ചട്ട പ്രകാരം പതിച്ചു നല്കിയ റവന്യൂ പട്ടയ ഭൂമികളില്‍, പതിച്ചു നല്കുന്ന സമയത്ത് എത്ര മരങ്ങളുണ്ടായിരുന്നുവെന്ന വ്യക്തമായ വിവരം വൃക്ഷരജിസ്റ്ററിലാണുള്ളത്. പതിച്ചു നല്കുന്ന സമയത്ത് ഭൂമിയിലുള്ള മരങ്ങളുടെ പൂര്‍ണ അവകാശം സര്‍ക്കാറിനാണ്. പതിച്ചു നല്‍കിയശേഷം ഭൂമിയില്‍ സ്വയം കിളിര്‍ത്തുവന്നതും കര്‍ഷകര്‍ നട്ടുപിടിപ്പിച്ചതുമായ മരങ്ങള്‍ മുറിക്കാനായി 2020 ഒക്ടോബറില്‍ ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് സര്‍ക്കാറില്‍ നിക്ഷിപ്തമായ മരങ്ങളും മുറിച്ചുമാറ്റിയത്.
വൃക്ഷരജിസ്റ്ററില് രേഖപ്പെടുത്തിയിരിക്കുന്ന മരങ്ങളുടെ എണ്ണവും നിലവിലുള്ള മരങ്ങളുടെ എണ്ണവും താരതമ്യം ചെയ്താല്‍ മാത്രമേ നഷ്ടപ്പെട്ട മരങ്ങളെക്കുറിച്ച് കണക്കു ലഭിക്കുക. എന്നാല്‍ പല വില്ലേജ് ഓഫിസുകളിലും വൃക്ഷരജിസ്റ്റര് ശരിയാംവിധം കൈകാര്യം ചെയ്യുന്നില്ലെന്നാണ് വിവരം. ഓരോ വില്ലേജ് ഓഫിസിെൻറയും പരിധിയിലുള്ള റവന്യൂ പട്ടയഭൂമികളിലെ നിക്ഷിപ്ത മരങ്ങളുടെ വാര്‍ഷിക കണക്കെടുപ്പ് നടത്തി വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നാണ് ചട്ടം. മരങ്ങള്‍ നഷടമായിട്ടുണ്ടെങ്കില് സ്ഥലം ഉടമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. പക്ഷെ വയനാട്ടിലെ പല വില്ലേജ് ഓഫിസുകളിലും 10 വര്‍ഷത്തിലധികമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.