ഈ കുഞ്ഞുങ്ങൾ ഡിവിഷൻ നിലനിർത്താനുള്ള എണ്ണം മാത്രം
text_fieldsനിങ്ങൾക്കറിയോ, ഈ കോളനിയിലെ ആറ് കുട്ടികളുള്ള വീട്ടിലെ അവരുടെ അച്ഛനെ കാണാതായിട്ട് മാസങ്ങളായി. അന്നു മുതൽ ആ കുട്ടികൾ സ്കൂളിൽ പോയിട്ടില്ല. എന്നിട്ടും ഒരു അധ്യാപകൻ പോലും അന്വേഷിച്ച് വന്നിട്ടില്ല.’ വെള്ളമുണ്ടയിലെ കൊച്ചാറ കോളനിയിലെ ഒരു വീട്ടമ്മ രോഷത്തോടെയാണ് ഇത് പറഞ്ഞത്.
ജനറൽ വിഭാഗത്തിലെ കുട്ടികൾ വിദ്യാലയത്തിൽ എത്തിയിട്ടില്ലെങ്കിൽ അന്വേഷിക്കുന്നവർ ആദിവാസി കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര താൽപര്യം കാണിക്കാറില്ല. ഗുരു ശിഷ്യ ബന്ധത്തിലെ ഊഷ്മളതക്കുറവാണ് കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങളിലൊന്ന്.
തുടർച്ചയായ ദിവസങ്ങളിൽ പലപ്പോഴും ആദിവാസി വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്താറില്ല എന്നത് കഴിഞ്ഞകാല യാഥാർത്ഥ്യമാണ്. എത്ര നിർബന്ധിച്ചാലും ഇടയ്ക്ക് മുടങ്ങുകയോ അധ്യാപകരുടെ നിർബന്ധത്തിനു വേണ്ടി മാത്രം തുടർന്ന് വിദ്യാലയത്തിൽ എത്തുകയോ ചെയ്യുന്നവരാണ് നല്ലൊരു ശതമാനംവും.
വെള്ളമുണ്ടയിലെ ഒരു പ്രമുഖ വിദ്യാലയത്തിൽ 225 ആദിവാസി കുട്ടികൾ പഠിച്ചിരുന്നപ്പോഴും നൂറിൽ ചുവടെ കുട്ടികൾ മാത്രമാണ് ‘ഗോത്രസാരഥി’കളിൽ എത്തിയിരുന്നത്. തുടർച്ചയായി ക്ലാസ്സിൽ വരാത്തതിനാൽ പലപ്പോഴും അക്ഷരങ്ങൾ പോലും അറിയാത്തവരായി ഈ കുട്ടികൾ മാറുമെന്ന് അധ്യാപകരും പറയുന്നു.
എൽ.പി, യു.പി തലങ്ങളിൽ അക്ഷരമറിയാത്ത ആദിവാസികുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. പൊതു പഠനരീതി പിന്തുടർന്നാൽ അക്ഷരമറിയാത്ത കുട്ടികളെ മാനസികമായി അത് തളർത്തുമെന്ന് രക്ഷിതാക്കൾ പറയുന്നു. സ്വന്തം പേരുപോലും എഴുതാനറിയാത്ത കുട്ടികൾ ആറ്, ഏഴ് ക്ലാസുകളിലടക്കമുണ്ട്.
ജില്ലയിലെ ഒട്ടുമിക്ക സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളുടെയും അവസ്ഥ നിലവിൽ ഒരുപോലെയാണ്. കഴിഞ്ഞ അധ്യയന വർഷം മാനന്തവാടി താലൂക്കിലെ ചില വിദ്യാലയങ്ങൾ നടത്തിയ കണക്കെടുപ്പിൽ നിലവിലെ സ്ഥിതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്യാർഥികളുടെ നിലവിലെ അവസ്ഥ മനസിലാക്കാതെ പഴയ രീതിയിൽ പഠനം പുരോഗമിക്കുമ്പോൾ എഴുതാനും വായിക്കാനും കഴിയാത്ത ആദിവാസികുട്ടികൾ കഥയറിയാതെ ആട്ടം കാണുകയാണ്. ഇത് വലിയ പഠന വിടവിലേക്ക് വിദ്യാർഥികളെ എത്തിക്കും എന്നും പരാതിയുയർന്നിരുന്നു.
സ്വകാര്യ വിദ്യാലയങ്ങൾ വിദ്യാർഥികളുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തുടക്കത്തിൽ അടിസ്ഥാന വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ പൊതുവിദ്യാലയങ്ങളിൽ ഇത് പരിഗണിക്കപ്പെടുന്നില്ലെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
ഈ പഠനത്തിന്റെഭാഗമായി മാനന്തവാടി താലൂക്കിലെ മുഴുവൻ വിദ്യാലയങ്ങളിലും അക്ഷരം പഠിപ്പിക്കുന്നതിന് മാനന്തവാടി എ.ഇ.ഒ കഴിഞ്ഞ വർഷം നിർദേശം നൽകിയിരുന്നു. തുടർന്ന് നടന്ന പ്രവർത്തനത്തിൽ 70 ശതമാനം വിദ്യാർഥികൾ അക്ഷരം പഠിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.
എന്നാൽ പൊതു ക്യാമ്പയിനായി നടത്തിയ ആ പ്രവർത്തനത്തിലും ആദിവാസി കുട്ടികൾ പുറത്തായി എന്നതാണ് യാഥാർത്ഥ്യം. 70 ശതമാനം കഴിച്ച് ബാക്കിയായ 30ശതമാനം വിദ്യാർഥികളിൽ ഭൂരിപക്ഷവും ആദിവാസി കുട്ടികളായിരുന്നു.
അവരിപ്പോഴും അക്ഷരമറിയാത്തവരായി അവശേഷിക്കുന്നു. അവരെ അക്ഷരം പഠിപ്പിക്കാൻ പ്രത്യേക സംവിധാനം നടന്നുമില്ല. ഇതുമായി ബന്ധപ്പെട്ട അവലോകനവും പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നടപടിയും ഉണ്ടായിട്ടില്ല.
ആറാം പ്രവൃത്തി ദിനം മാത്രം കാണുന്ന ആദിവാസി വിദ്യാർഥികളുണ്ട് പല വിദ്യാലയങ്ങളിലും. അവരുടെ കണക്കാണ് ചിലരെ നിലനിർത്തുന്ന കണക്ക്. പുതിയ ഡിവിഷനുണ്ടാക്കുന്നതിനും നിയമനം ഉറപ്പാക്കുന്നതിനും ഈയൊരൊറ്റ ദിവസത്തെ കണക്ക് മാത്രം മതി എന്ന ചട്ടമാണ് അവഗണയ്ക്ക് ഇടയാക്കുന്നത്.
മുമ്പ് ആറാം പ്രവൃത്തി ദിവസം വിദ്യാലയങ്ങളിലെത്തി കുട്ടികളുടെ തലയെണ്ണുന്ന പദ്ധതിയുണ്ടായിരുന്നു. എല്ലാ വിദ്യാലയത്തിലും ഒരേസമയത്ത് തലയെണ്ണൽ നടക്കുന്ന പദ്ധതി ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാർഥി എവിടെ ഇരുന്നാലും കണക്ക് മാത്രം സംസാരിക്കുന്ന രീതി വന്നു.
ആറാം പ്രവൃത്തി ദിവസത്തിന് ശേഷം കാണാതാവുന്ന കുട്ടികളെ കുറിച്ചും വിശദമായ അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ അറിഞ്ഞുകൊണ്ടാണ് ഇത് നടക്കുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.