ആദിവാസി കോളനികളിൽ സ്വൈരമില്ലാ ജീവിതം; മദ്യലഹരിയിൽ സംഘർഷവും ആത്മഹത്യ ശ്രമവും തുടർക്കഥ
text_fieldsവെള്ളമുണ്ട: ലഹരി ഉപയോഗം വ്യാപകമായതോടെ ആദിവാസി കോളനികളിൽ സ്വൈര ജീവിതം നഷ്ടമാകുന്നു. മദ്യലഹരിക്കടിമപ്പെട്ടവർ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളിൽ ഭീതി പൂണ്ട് കഴിയുകയാണ് സ്ത്രീകൾ.
കോളനികളിൽ അനധികൃത മദ്യവിൽപനയും വ്യാജവാറ്റ് വർധിച്ചതും ആദിവാസികളുടെ ജീവിതതാളം തെറ്റിച്ചു. സർക്കാർ മദ്യവിൽപന ശാലകളിൽ നിയന്ത്രണം തുടങ്ങിയതു മുതൽ വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ പല കോളനികളിലും വ്യാജ മദ്യവിൽപന വ്യാപകമാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. മദ്യലഹരിയിൽ സംഘർഷവും ആത്മഹത്യ ശ്രമവും തുടരുകയാണ്.
മുതിർന്നവർക്ക് ലക്കുകെടുേമ്പാൾ കുടുംബങ്ങളിൽ കുട്ടികളുടെ പഠനമടക്കം താളംതെറ്റുന്നു. മൊതക്കര കൊച്ചാറ കോളനിയിൽ താമസിക്കുന്ന രാജു കഴിഞ്ഞ മഴക്കാലത്ത് മദ്യലഹരിയിൽ ആറുമാസം പ്രായമുള്ള കുട്ടിയുമായി പുഴയിൽ ചാടാനൊരുങ്ങിയത് വിവാദമായിരുന്നു. കട്ടയാട് എടത്തിൽ കോളനിയിൽ അമിത മദ്യപാനം കാരണം ചെറുപ്പക്കാരുടെ മരണം മുമ്പ് വാർത്തയായിരുന്നു. മദ്യലഹരിയിൽ വയൽ വരമ്പിലൂടെ നടക്കുന്നതിനിടെ കാൽതെറ്റി തോട്ടിൽ വീണ് ആദിവാസികൾ മരണപ്പെട്ടത് പാലയാണ ഭാഗത്തുനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുറത്തുനിന്ന് ചിലർ എത്തിക്കുന്ന മദ്യം അമിതവില കൊടുത്ത് വാങ്ങി ഉപയോഗിക്കുകയാണ്.
പുരുഷന്മാർക്ക് മദ്യം നൽകി സ്ത്രീകളെ പീഡിപ്പിക്കുന്ന സംഭവങ്ങളും ഉണ്ട്. നേരം ഇരുട്ടുന്നതോടെ നിരവിൽ പുഴ, കുഞ്ഞോം, നാരോക്കടവ് ഭാഗങ്ങളിൽ സ്ത്രീകളടക്കം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണ്. എന്നാൽ, അനധികൃത മദ്യവിൽപനക്കെതിരെ പൊലീസും എക്സൈസും നടപടി എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. പുറത്തുനുന്നുള്ള ചിലർ കോളനികൾ കേന്ദ്രീകരിച്ച് വൻതോതിൽ മദ്യവും കഞ്ചാവും വിൽപന നടത്തുന്നുണ്ട്. കോളനികളോട് ചേർന്ന് വനപ്രദേശങ്ങളിൽ ചിലർ നടത്തുന്ന വാറ്റ് കേന്ദ്രങ്ങൾ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.