സമ്പൂര്‍ണ ആദിവാസി സാക്ഷരത പരീക്ഷ: 97.49 ശതമാനം വിജയം
text_fieldsകൽപറ്റ: സംസ്ഥാന സാക്ഷരത മിഷൻ ആഭിമുഖ്യത്തില്‍ നടത്തിയ വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരത പരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 19ന് രാവിലെ 11 മണിക്ക് കല്പറ്റ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഹാളില്‍ പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ഊരുകളില്‍ ഡിസംബര്‍ 11 മുതല്‍ 18 വരെ നടത്തിയ പരീക്ഷയില്‍ 12633 പേര് വിജയിച്ചു. 97.49 ശതമാനമാണ് വിജയം. ആകെ 12,958 പേരാണ് പരീക്ഷ എഴുതിയത്. 3104 പുരുഷന്മാരും 9854 സ്ത്രീകളും. 2949 പുരുഷന്മാരും 9684 സ്ത്രീകളുമാണ് വിജയിച്ചത്. 26 തദ്ദേശ സ്ഥാപനങ്ങളിലായി സമയ ബന്ധിതമായി നടന്ന പരീക്ഷയില്‍ 919 ആദിവാസി ഊരുകളിലാണ് പരീക്ഷ എഴുതിയത്. പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി പ്ലാന്റേഷനില്‍ നിന്ന് 85 വയസ്സുള്ള ചിപ്പിയമ്മയാണ് വിജയിച്ചവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവ്.
ജില്ലയില്‍ പുല്പള്ളി ഗ്രാമപഞ്ചായത്താണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്ക് ഇരുത്തിയത്. 1124 പേര് പരീക്ഷ എഴുതിയവരില്‍ 1122 പേര് വിജയിച്ചു. 1526 പേരെ സർവേയിലൂടെ കണ്ടെത്തി. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കുറവ്. 87 പേര് പരീക്ഷ എഴുതിയതില്‍ 83 പേര് വിജയിച്ചു. 350 പേരെയാണ് സർവേയിലൂടെ കണ്ടെത്തിയത്. ആദിവാസി ഊരില്‍ നിന്നുള്ള 804 ഇന്‍സ്ട്രക്ടര്‍മാരാണ് പരീക്ഷക്ക് നേതൃത്വം നല്‍കിയത്.
2019 ല്‍ നടന്ന പ്രാഥമിക സർവേയില്‍ 24,472 പേരെ കണ്ടെത്തിയെങ്കിലും സർവേ കണ്‍സോളിഡേഷനില്‍ 22,908 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 8123 സ്ത്രീകളും 14,785 പുരുഷന്മാരും ആണ് സർവേയിലൂടെ കണ്ടെത്തിയത്. മുഴുവന്‍ പേരെയും ലക്ഷ്യം വെച്ച് ക്ലാസുകള്‍ മുന്നേറിയെങ്കിലും 19,772 പേരാണ് 2019 മുതല്‍ 2021 ഡിസംബര്‍ വരെ ക്ലാസിലെത്തിയത്. 919 പണിയ വിഭാഗക്കാരായ ആദിവാസി സാക്ഷരതയുടെ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടത്തിയത്. മാനന്തവാടി ബ്ലോക്കില്‍ നിന്ന് 6105 പേരും പനമരം ബ്ലോക്കില്‍ നിന്ന് 5123 പേരും കല്പറ്റ ബ്ലോക്കില്‍ നിന്ന് 3734 പേരും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നിന്ന് 4810 പേരുമാണ് ക്ലാസിലെത്തിയിരുന്നത്.
കോവിഡ് കാരണം 2021 മേയ് ആറു മുതല്‍ നിര്‍ത്തിവെച്ച ജില്ലയിലെ സമ്പൂര്‍ണ ആദിവാസി സാക്ഷരതാ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍ ആരംഭിച്ചിരുന്നു. കോവിഡ് കാരണം രണ്ടു തവണ നിലച്ച ക്ലാസുകളാണ് നവംബറില്‍ പുനരാരംഭിച്ച് ഡിസംബറില്‍ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചത്. സര്‍ട്ടിഫിക്കറ്റ് വിതരണം ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കും. ഏറ്റവും കൂടുതല്‍ പഠിതാക്കളെ പരീക്ഷക്കിരുത്തിയ പഞ്ചായത്തിനെയും പ്രേരക്മാരെയും ഒ.ആര്.കേളു എം.എല്‍.എ ആദരിക്കും. മുതിര്‍ന്ന പ്രേരക്മാരെ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ആദരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. കലക്ടര്‍ എ. ഗീത മുഖ്യാതിഥിയാവും. സംസ്ഥാന സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ. എച്ച്. സാബു മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.