പഠന പ്രതിസന്ധിയിൽ ഗോത്ര വിദ്യാർഥികൾ
text_fieldsസുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് തേരമ്പറ്റ സ്വദേശി വിപിന്‍ ആദിവാസി വിദ്യാർഥികള്‍ക്കായുള്ള നല്ലൂര്‍നാട് എം.ആര്.എസ് സ്കൂളില്‍നിന്ന് 2014ൽ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. ബിരുദപഠനത്തിന് സീറ്റ് കിട്ടാൻ കാത്തിരുന്നത് നാലു വർഷമാണ്.
തുടർപഠനത്തിന് ശ്രമം നടത്തി പരാജയപ്പെട്ടപ്പോൾ ജോലിയിലേക്ക് തിരിയേണ്ടിവന്നു. ഒരുവർഷം മുമ്പ് ആദിശക്തി സമ്മര്‍ സ്കൂള്‍ എന്ന ആദിവാസി വിദ്യാര്‍ഥി കൂട്ടായ്മ നടത്തിയ ഇടപെടലുകള്‍ വഴിയാണ് വിപിെൻറ തുടർപഠനം സാധ്യമായത്. എറണാകുളത്തെ കളമശ്ശേരി സെൻറ് പോള്‍ കോളജില്‍ ബി.എ ഇക്കണോമിക്സിന് സീറ്റ് ലഭിച്ചു.
ജില്ലയിൽ അന്ന് നടന്ന ആദിവാസി വിദ്യാർഥികളുടെ സമരം കേരളം ഏറെ ചർച്ചചെയ്തിരുന്നു. അർഹതയുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ട് പഠനമോഹം ഉപേക്ഷിച്ച ഒട്ടനവധിപേരെ വയനാട്ടിലെ ആദിവാസി ഊരുകളിൽ ഇപ്പോഴും കാണാം.
സർക്കാർരേഖകളിൽ കാണുന്ന ആദിവാസി വിദ്യാർഥികളിലധികവും പാതിവഴിയിൽ കൊഴിഞ്ഞുപോകുന്നു എന്നത് വിദ്യാലയങ്ങളിലെ യാഥാർഥ്യമാണ്.
ഉന്നതനിലവാരത്തിലുള്ള കെട്ടിടങ്ങൾ പണിതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും സംസ്ഥാനസർക്കാർ വിദ്യാഭ്യാസരംഗത്ത് പുതുചരിത്രം രചിക്കുമ്പോഴും ജില്ലയിലെ ഗോത്രവിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാണ്.
ആദിവാസി വിദ്യാർഥികളോട് തുടരുന്ന വംശീയവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി വിദ്യാര്‍ഥികളുടെ നേതൃത്വത്തിൽ സിവില്‍ സ്റ്റേഷന് മുന്നില്‍ കഴിഞ്ഞ വർഷം അനിശ്ചിതകാല സമരം നടന്നിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ശാശ്വത നടപടി ഉണ്ടായിട്ടില്ല.
ജനസംഖ്യാനുപാതത്തിലുള്ള സീറ്റുകള്‍ ജില്ലയില്‍ ലഭിക്കാത്തതാണ് വയനാട്ടിലെ ആദിവാസി വിദ്യാർഥികള്‍ക്ക് അര്‍ഹതയുണ്ടായിട്ടും അവരുടെ വിദ്യാഭ്യാസ മോഹങ്ങളുപേക്ഷിക്കേണ്ടി വരുന്നതിെൻറ മുഖ്യകാരണം എന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പട്ടികവർഗ വിദ്യാർഥികളുടെ മൂന്നിലൊന്ന് ഭാഗവും എല്ലാവർഷവും ജില്ലയില്‍ നിന്നുള്ളവരാണ്. ഏറ്റവും സീറ്റ് കുറവും ഈ ജില്ലയിൽതന്നെയാണ്. കഴിഞ്ഞ അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ എസ്.സി വിഭാഗത്തിലെ 532 വിദ്യാർഥികളിൽ 528 പേരും എസ്.ടി വിഭാഗത്തിലെ 2477 വിദ്യാർഥികളിൽ 2287 പേരും വിജയിച്ചു.
മികച്ച വിജയത്തിലും ഇഷ്ടവിഷയം പഠിക്കാൻ സാഹചര്യമില്ലാതെ ഇവർ നിരാശയിലാണ്.
രണ്ടായിരത്തിലേറെ വിദ്യാർഥികൾ തുടർപഠനത്തിന് അർഹതനേടിയ ജില്ലയിൽ ഈ വിഭാഗത്തിന് പ്ലസ് വൺ പ്രവേശനത്തിന് എട്ട് ശതമാനമാണ് സംവരണം. പട്ടികവർഗ ജനവിഭാഗം ഏറ്റവും കൂടുതൽ ഉള്ള വയനാട് ജില്ലയിൽ അവർക്കുള്ള സീറ്റുകൾ വിജയിച്ച കുട്ടികളുടെ മൂന്നിലൊന്നുമാത്രമാണ്.
1500 ഓളം കുട്ടികൾ സംവരണ പരിധിക്ക് പുറത്താണ്. സ്വകാര്യസ്ഥാപാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് വിദ്യാർഥികൾ മാറുന്നു. ഫീസ് വിദ്യാർഥികൾ അടച്ചാൽ സർക്കാറിൽനിന്ന് തിരികെ കിട്ടുമെങ്കിലും ഫീസ് റീഇംബേഴ്സ്മെൻറിലെ പരാജയം കാരണം അവരില്‍ പലരും വിദ്യാഭ്യാസം നിർത്തുകയാണ് പതിവ്. അടിയ, പണിയ, കാട്ടുനായ്ക്ക മുതലായ ദുര്‍ബല ഗോത്രസമുദായങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നത്.
ഉന്നതപഠനത്തിന് ഗോത്രവർഗ വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനോ ഫീസ് അടക്കാനോ ഉള്ള സൗകര്യങ്ങള്‍ പലപ്പോഴും അപ്രാപ്യമാണ്. കോവിഡ് കൂടി വന്നതോടെ ഇവരുടെ അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായി. ഓണ്‍ലൈന്‍ പഠന സൗകര്യത്തിൽ ഒരുപാട് വിദ്യാർഥികൾ ഇപ്പോഴും പരിധിക്ക് പുറത്താണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.