ജനസംഖ്യാനുപാതികമായി സംവരണമില്ല; ആദിവാസി വിദ്യാർഥികൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് പുറത്ത്
text_fieldsകൽപറ്റ: ജനസംഖ്യാനുപാതികമായി സംവരണമില്ലാത്തതിനാൽ ജില്ലയിലെ ആദിവാസി വിദ്യാർഥികളിൽ ഭൂരിഭാഗവും ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനു പുറത്ത്.
ആയിരത്തിലധികം ആദിവാസികൾ ഓരോ വർഷവും വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. ഇത്തവണ ജില്ലയിൽ 2009 പട്ടികവർഗ വിദ്യാർഥികളാണ് എസ്.എസ്.എൽ.സി കടമ്പ കടന്നത്.
ഈ വിദ്യാർഥികളിൽ ഭൂരിഭാഗവും ഭൂരഹിതരായ പണിയ, അഡിയ, കട്ടുനായ്ക്ക സമുദായങ്ങളിൽപെട്ടവരാണ്. എന്നാൽ, പ്ലസ് വൺ പ്രവേശത്തിനായി ഈ വിഭാഗത്തിന് ജില്ലയിൽ സംവരണം ചെയ്തിട്ടുള്ളത് ആകെ 530 സീറ്റുകളാണ്.
വയനാട്ടിലെ ജനസംഖ്യയുടെ 17 ശതമാനം പട്ടികവർഗ വിഭാഗക്കാരാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ പട്ടികവർഗ വിഭാഗക്കാർ കൂടുതലുള്ളപ്പോഴും എട്ടു ശതമാനം മാത്രം സംവരണം തുടരുന്നതാണ് ആയിരത്തിലധികം വിദ്യാർഥികളുടെ ഉന്നതപഠനം പെരുവഴിയിലാക്കുന്നത്. അതിനാൽ, നിരവധി വിദ്യാർഥികളെ ഇത് ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽനിന്ന് ഒഴിവാക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും പ്രശ്നം പരിഹരിക്കുന്നതിന് മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ല. ജില്ലയിൽ ഈ വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ഹയർ സെക്കൻഡറിക്ക് 6,623 മെറിറ്റ് സീറ്റുകൾ ലഭ്യമാണ്.
എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 2,442 ആദിവാസി വിദ്യാർഥികളിൽ 2009 പേർ യോഗ്യത നേടി. എട്ടു ശതമാനം സംവരണത്തിൽ 530 സീറ്റുകൾ മാത്രമേ വിദ്യാർഥികൾക്ക് ലഭ്യമാകൂ.
1,479 ആദിവാസി വിദ്യാർഥികൾക്ക് ഈ വർഷം പ്ലസ് വൺ പ്രവേശനം ലഭിക്കില്ല. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് പരീക്ഷ എഴുതിയ വിദ്യാർഥികളെയും മുൻ വർഷങ്ങളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളെയും ഉൾപ്പെടുത്തിയാൽ ഈ എണ്ണം ഗണ്യമായി ഉയരും. മറ്റൊരു ജില്ലയിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ, ആദിവാസി വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്.
കടാതെ, ആദിവാസി വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും ഹ്യുമാനിറ്റീസ് വിഭാഗമാണ് തിരഞ്ഞെടുക്കുന്നത്.
കോമേഴ്‌സും സയൻസും കുറച്ചുപേർ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. ആദിവാസി ജനസംഖ്യ വളരെ കുറഞ്ഞ പല ജില്ലകളിലും എസ്.ടി വിദ്യാർഥികൾക്കായി നീക്കിവെച്ചിരിക്കുന്ന സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
പ്രവേശന നടപടിക്രമങ്ങൾ ഈ സീറ്റുകളെ ജനറൽ കാറ്റഗറി സീറ്റുകളാക്കി മാറ്റാൻ അനുവദിക്കുന്ന രീതിയിലാണ്.
കഴിഞ്ഞ വർഷം, സംസ്ഥാനത്ത് എസ്.ടി വിദ്യാർഥികൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ 16,234 സീറ്റുകൾ വരെ ആദ്യ റൗണ്ട് അലോട്ട്മെൻറിനു ശേഷം ജനറൽ കാറ്റഗറി സീറ്റുകളാക്കി. വിഷയത്തിൽ സർക്കാറിെൻറ അനാസ്ഥക്കെതിരെ ഈ മാസം 28ന് വയനാട്ടിൽ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാൻ ആദിവാസി ഗോത്ര മഹാസഭ, ആദി ശക്തി സമ്മർ സ്കൂൾ, മറ്റു ആദിവാസി ദലിത് സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
'സീറ്റ് വർധിപ്പിക്കണം'
മാതൃക റെസിഡൻഷ്യൽ സ്കൂളുകളിലോ (എം.ആർ.എസ്), റഗുലർ സ്കൂളുകളിലോ ആദിവാസി വിദ്യാർഥികൾക്കായി സീറ്റ് അടിയന്തരമായി വർധിപ്പിക്കണമെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ആവശ്യപ്പെട്ടു.
ആദിവാസി വിദ്യാർഥികൾക്ക് മാത്രമായി പ്രത്യേക ബാച്ചുകളും പരിഗണിക്കണം.
അത്തരം ബാച്ചുകൾ ഹ്യൂമാനിറ്റീസ്, കോമേഴ്സ് സ്ട്രീമുകൾക്കുമായി തുറക്കണം.
സാങ്കേതിക പരിശീലന കോഴ്‌സുകൾ നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യങ്ങളുള്ള പ്രത്യേക വ്യവസായ പരിശീലന സ്ഥാപനവും ഹോസ്റ്റൽ സൗകര്യമുള്ള ടി.ടി.സി, ബി.എഡ് സ്ഥാപനങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.