വയനാട്ടിലേക്ക് തുരങ്ക പാത; ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി ചർച്ച നടത്തും
text_fieldsതിരുവമ്പാടി: വയനാട്ടിലേക്കുള്ള നിർദിഷ്ട ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കലിന്റെ മുന്നോടിയായി ചർച്ച നടത്തും.
പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമി നഷ്ടപ്പെടുന്ന കർഷകരുമായാണ് ജില്ല കലക്ടറും ജനപ്രതിനിധികളും ചർച്ച നടത്തുക. ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. താമരശ്ശേരി ചുരം റോഡിനു ബദലായി നിർമിക്കുന്ന 8.11 കി.മീ ദൂരമുള്ള ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ സ്ഥലമേറ്റെടുക്കൽ സർവേ അന്തിമഘട്ടത്തിലാണ്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ച അന്തിമ അപേക്ഷക്ക് വൈകാതെ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി പ്രദേശത്തെ ഓരോ വ്യക്തിയുടെയും കൈവശ ഭൂമിയുടെ അതിരുകൾ, സബ് സർവേ അതിരുകൾ എന്നിവയുൾപ്പെടെയുള്ള വിശദമായ സ്കെച്ച് തയാറാക്കിയിട്ടുണ്ട്.
സർക്കാർ ഏജൻസിയായ കിറ്റ് കോ നടത്തിയ പദ്ധതിയുടെ സാമൂഹിക പാരിസ്ഥിതികാഘാത പഠന റിപ്പോർട്ട് സർക്കാറിന് ലഭിച്ചു. കോഴിക്കോട് ജില്ലയിൽ ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്ത് തുരങ്കമുഖത്തിൽ നിന്നും 500 മീറ്റർ ദൂരത്തേക്ക് 80 മീറ്റർ വീതിയിലാണ് പദ്ധതി നടത്തിപ്പുകാരായ കൊങ്കൺ റെയിൽവേ പ്രോജക്ട് ഏരിയ ആയി തിട്ടപ്പെടുത്തിയത്. ഈ പ്രദേശത്ത് ഇരു തുരങ്കമുഖത്തിൽ നിന്നുമായി രണ്ടു പാലങ്ങൾ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 25 മീറ്റർ വീതിയിൽ 75 മീറ്റർ നീളത്തിൽ നിർമിക്കും.
പാലങ്ങളിലേക്ക് നാലുവരിപ്പാത അപ്രോച്ച് റോഡുകളുണ്ടാകും. ഇരു ജില്ലകളിലും ഏറ്റെടുക്കുന്ന സ്ഥലങ്ങളിലുള്ള കെട്ടിടങ്ങൾ, മതിൽകെട്ടുകൾ, കൃഷി, മരങ്ങൾ എന്നിവയും തിട്ടപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.