ഉരുൾ പൊട്ടൽ: പുനരധിവാസം ഔദാര്യമല്ല അവകാശം; തുരങ്കപാത ഉപേക്ഷിക്കണം -വയനാട് പ്രകൃതി സംരക്ഷണ സമിതി
text_fieldsകൽപറ്റ: മുണ്ടക്കെ ദുരന്തത്തിലെ ഇരകൾക്കും അതിജീവിച്ചവർക്കുമുള്ള പുനരധിവാസവും പുനർനിർമാണവും നഷ്ടപരിഹാരവും ഭരണാധികാരികളുടെയോ മറ്റാരുടെയെങ്കിലുമോ ഔദാര്യമല്ലെന്നും അവരുടെ അവകാശമാണെന്നും ഉറപ്പു വരുത്തുന്ന നിയമനിർമ്മാണം നടത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. പുനരധിവാസം സമയബന്ധിതമായും സുതാര്യമായും അഴിമതി രഹിതമായും നടപ്പാക്കാൻ സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള അതോറിറ്റിയോ മിഷനോ രൂപീകരിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ യു.പി.എ സർക്കാർ 2013ൽ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ന്യായമായ നഷ്ടപരിഹാരവും ഉറപ്പാക്കൽ നിയമത്തിന് സമാനമായ നിയമനിർമാണം പാസാക്കണമെന്ന് സംസ്ഥാന സർക്കാറിനോടും പ്രതിപക്ഷത്തോടും അഭ്യർഥിക്കുകയാണ്. ദുരന്തം മൂലം എല്ലാം നഷ്ടപ്പെട്ടവർക്കുള്ള സഹായം ഔദാര്യത്തിന്റെയോ സഹതാപത്തിന്റെയോ പേരിൽ നൽകേണ്ടതല്ല. ഇത് അവരുടെ അവകാശമായി കരുതണം. ദുരന്തബാധിതർക്ക് പൂർണവും ന്യായ യുക്തവുമായ നഷ്ട പരിഹാരവും പുനർ നിർമാണവും ഉറപ്പു വരുത്തണം. അല്ലാതെ ഏകപക്ഷീയമായി നടപ്പാക്കുന്നത് ശരിയല്ല. നിയമനിർമ്മാണം നടത്തിയാൽ ഇരകൾ ഉദ്വോഗസ്ഥരുടെയും അധികൃതരുടെയും മുമ്പിൽ യാചിച്ചു നിൽക്കേണ്ട ഗതികേട് വരില്ല.
അഴിമതിക്ക് കുപ്രസിദ്ധരായ ഉദ്യോഗസ്ഥരുടെ മേച്ചിൽപുറമാണ് വയനാട്. വയനാടിനെ അറിയുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ തലവനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഉദ്വോഗസ്ഥരടങ്ങിയ അതോറിറ്റിയോ മിഷനോ രൂപീകരിക്കാൻ സർക്കാർ അമാന്തിക്കരുത്. മലഞ്ചരിവുകളിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്നതായി സെസ്സും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും സർക്കാർ നിശ്ചയിച്ച മറ്റു കമ്മിറ്റികളും കണ്ടെത്തിയ 4000 കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കുകയും ചുമതല അതോറിറ്റിക്ക് കൈമാറുകയും വേണം. മുണ്ടക്കൈക്കും പുത്തുമലക്കും സമീപത്തു കൂടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതക്കും വിവിധ ചുരംബദൽ റോഡുകൾക്കും അനുമതി നിഷേധിക്കണം. മലഞ്ചെരിവുകളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും മറ്റു നിർമിതികളും പൊളിച്ചു മാറ്റുകയും ടൂറിസം നിയന്ത്രിക്കുകയും വയനാട്ടിലെ സന്ദർശകരുടെയും വാഹനങ്ങളുടെയും വാഹക ശേഷി നിർണയിക്കുകയും ചെയ്യണം. വാളത്തൂർ ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ബോചെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ആയിരം ഏക്കർ ചായത്തോട്ടം സർക്കാർ ഭൂമിയാണ്. അതും ചേലോട്, ചെമ്പ്രാപിക്, ബ്രഹ്മഗിരി എ.ബി.സി, എ.വി.ടി, എൽസ്റ്റൺ, പോഡാർ തുടങിയ 16,0000 ഏക്കർ സർക്കാർ ഉടമസ്ഥതയിലുള തോട്ടങ്ങൾ ഏറ്റെടുക്കുകയും അവിടങ്ങളിടെ നിയമ വിരുദ്ധ ടൂറിസം നിർമിതികൾ പൊളിച്ചു കളയണമെന്നും പ്രകൃതി സംരക്ഷണ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തച്ചമ്പത്ത് രാമകൃഷ്ണൻ, എ.വി. മനോജ്, ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, പി.എം. സുരേഷ്, സി.എ. ഗോപാലകൃഷ്ണൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.