രണ്ട് ഗ്രാമങ്ങൾ കാത്തിരിക്കുന്നു, പാലത്തിനായി
text_fieldsപടിഞ്ഞാറത്തറ: രണ്ട് ഗ്രാമങ്ങളുടെ പാലത്തിനായുള്ള കാത്തിരിപ്പിന് അറുതിയായില്ല. പടിഞ്ഞാറത്തറ-വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾക്ക് അതിരുവരക്കുന്ന പുഴത്തീരത്തെ കരകളിലെ പാലിയാണ, തേർത്ത് കുന്ന് എന്നീ ഗ്രാമങ്ങളാണ് പാലത്തിനായി കാത്തിരിക്കുന്നത്. കാൽ നൂറ്റാണ്ടിലേറെയായി ഇവർ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും പാലം മാത്രം വന്നില്ല.
നിലവിൽ പാലിയാണ ഭാഗക്കാർക്ക് പടിഞ്ഞാറത്തറ, കൽപറ്റ ഭാഗത്തേക്കെത്താൻ ചുറ്റി വളഞ്ഞു പോകേണ്ട അവസ്ഥയാണ്. കിലോമീറ്ററുകൾ സഞ്ചരിച്ച് തരുവണ എത്തിയാലേ മറ്റ് പ്രധാന സ്ഥലങ്ങളിലേക്ക് പോകാൻ കഴിയൂ. പാലം വന്നാൽ തേർത്ത്കുന്ന് ഭാഗക്കാർക്ക് മാനന്തവാടി ഉൾപ്പെടെ ടൗണിലേക്ക് എത്താനും ഏറെ ഉപകരിക്കും. നിരവധി വിദ്യാർഥികൾ, ആദിവാസി കുടുംബങ്ങൾ, രോഗികൾ തുടങ്ങിയവരെല്ലാം പാലമില്ലാത്തതിനാൽ ദുരിതത്തിലാണ്. മഴക്കാലമായാൽ ദുരിതം കൂടും.
പാലിയാണയിൽ നാട്ടുകാർ സ്വന്തം നിർമിച്ച താൽക്കാലിക പാലത്തിലൂടെയാണ് അപകടകരമായ യാത്ര ചെയ്യുന്നത്. മരത്തടികൾ നിരത്തിയ പാലത്തിലൂടെ യാത്ര അപകടകരമാണ്. മഴക്കാലത്ത് ഇതും ഒലിച്ചു പോകും. വേനലിൽ നാട്ടുകാർ പണം പിരിച്ച് മരപ്പാലം പണിയും. കൽപറ്റ, മാനന്തവാടി നിയോജക മണ്ഡലത്തിൽപെട്ട അതിർത്തിസ്ഥലങ്ങളായതിനാൽ പലപ്പോഴും സർക്കാർ ഫണ്ട് വിനിയോഗത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിലെയും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങൾ സഹകരിച്ചാൽ കോൺക്രീറ്റ് പാലം നിർമിക്കാമെന്ന് നാട്ടുകാർ പറയുന്നു. വിവിധ ഫണ്ടുകൾ ഏകീകരിച്ച് പ്രവർത്തിച്ചാലേ പാലം എന്ന സ്വപ്നം പൂവണിയുകയുള്ളൂ.
പുതുശേരിക്കടവ് പാലം കഴിഞ്ഞാൽ കക്കടവ് പാലമാണ് ഈ ഭാഗക്കാർക്ക് മറുകരയെത്താനുള്ള ഏക വഴി. മൂന്ന് കിലോമീറ്ററോളമുണ്ട് ഇവ തമ്മിലുള്ള ദൂരം. ഇരുഭാഗത്തും പുഴയോട് ചേർന്ന് അപ്രോച്ച് ടാറിങ് റോഡുമുണ്ട്. ഏറ്റവും കൂടുതൽ ജനവാസസ്ഥലങ്ങളും ഈ ഭാഗത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.