പുത്തുമല ദുരന്തത്തിന് നാളെ രണ്ടു വയസ്സ്; മഴയിൽ മുറിവേറ്റവർ വാടക വീടുകളിൽ ഇനി എത്രനാൾ?
text_fieldsമേപ്പാടി: പുത്തുമല ഗ്രാമത്തെ ഒന്നാകെ ഉരുളെടുത്ത ദുരന്തത്തിെൻറ ഓർമകൾക്ക് ഞായറാഴ്ച രണ്ടു വയസ്സ് തികയുമ്പോഴും മുറിവേറ്റ കുടുംബങ്ങൾ ഇപ്പോഴും അന്തിയുറങ്ങുന്നത് വാടക വീടുകളിൽ. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി മേപ്പാടി പൂത്തക്കൊല്ലിയിലെ സ്നേഹഗ്രാമത്തിൽ നിർമിക്കുന്ന വീടുകളുടെ പ്രവൃത്തി ഇപ്പോഴും പാതിവഴിയിലാണ്. 50 വീടുകളാണ് ഇവിടെ നിർമിക്കുന്നത്. ഇതിൽ 16 വീടുകളുടെ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്.
ബാക്കിയുള്ള വീടുകളുടെ നിർമാണം പലഘട്ടങ്ങളിലാണ്. 2019 ആഗസ്റ്റ് എട്ടിനാണ് ഉരുൾപൊട്ടലിൽ പുത്തുമല ഗ്രാമമൊന്നാകെ മണ്ണിൽ പുതഞ്ഞത്. 17 മനുഷ്യ ജീവനുകൾ പൊലിഞ്ഞു. അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ പോലുമായില്ല. 95 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉൾപ്പെടെ എല്ലാം നഷ്ടമായി. ഇവരിൽ 43 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ പത്തു ലക്ഷം രൂപയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ പ്രദേശങ്ങളിൽ വീടും നിർമിച്ചു. ശേഷിക്കുന്ന 52 കുടുംബങ്ങളെയാണ് പൂത്തക്കൊല്ലിയിൽ പുനരധിവസിപ്പിക്കുന്നത്. വീടും കൃഷിയും വരുമാനവുമെല്ലാം നഷ്ടപ്പെട്ട ഈ കുടുംബങ്ങൾ സ്വന്തമായി ഒരു വീടിനുള്ള കാത്തിരിപ്പിലാണ്. വിവിധ ഭാഗങ്ങളിൽ വാടകക്കെട്ടിടങ്ങളിലാണ് രണ്ടുവർഷമായി ഇവരുടെ ജീവിതം. 5000-7000 രൂപവരെ മാസവാടക നൽകിയാണ് പല കുടുംബങ്ങളും കഴിയുന്നത്.
ഏതാനും കുടുംബങ്ങൾക്ക് ആദ്യത്തെ ആറുമാസം 3000 രൂപ വീതം ഗ്രാമപഞ്ചായത്തിൽനിന്ന് അനുവദിച്ചുകൊടുത്തിരുന്നെങ്കിലും പിന്നീട് നിലച്ചു. ദുരന്തബാധിതർക്കായി ആദ്യം കള്ളാടി വാഴക്കാല എസ്റ്റേറ്റ് കണ്ടെത്തിയെങ്കിലും ഭൂമി നിയമക്കുരുക്കിൽപെട്ടു. പിന്നീട് ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് പൂത്തക്കൊല്ലി എസ്റ്റേറ്റിൽ ഭൂമി കണ്ടെത്തിയത്. ഓരോ കുടുംബത്തിനും ഏഴു സെൻറ് വീതം ഭൂമിയാണ് നൽകിയത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആറു മാസത്തിനുള്ളിൽ ഇവിടെ വീട് നിർമിച്ചു നൽകാനായിരുന്നു തീരുമാനം. വീടിനൊപ്പം അംഗൻവാടി, ആരോഗ്യ കേന്ദ്രം, കമ്യൂണിറ്റി ഏരിയ, കുടിവെള്ള പദ്ധതി, മാലിന്യ സംസ്കരണ പ്ലാൻറ്, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
ഈ പോക്കാണെങ്കിൽ, മൂന്നുമാസംകൊണ്ട് ഒന്നുമാകില്ല
പൂത്തക്കൊല്ലിയിലെ പുനരധിവാസ ഭൂമിയിൽ നിലവിൽ 50 വീടുകളാണ് നിർമിക്കുന്നത്. പീപ്ൾസ് ഫൗണ്ടേഷൻ ഏറ്റെടുത്ത പത്തു വീടുകളുടെയും എസ്.വൈ.എസിെൻറ ആറു വീടുകളുടെയും നിർമാണമാണ് പൂർത്തിയായത്. ബാക്കിയുള്ള വീടുകളുടെ നിർമാണം പാതിവഴിയിലാണ്. മൂന്നു കുടുംബങ്ങൾക്ക് കഴിഞ്ഞദിവസാണ് ഭൂമി അളന്നുകൊടുത്തത്. റോഡ്, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം.
പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ഹർഷം പദ്ധതി മൂന്നുമാസംകൊണ്ട് പൂർത്തിയാക്കുമെന്നാണ് കഴിഞ്ഞമാസം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ അറിയിച്ചത്. എന്നാൽ, നിലവിലെ പോക്കുകണ്ടാൽ അതിനുള്ള സാധ്യതയില്ല. ഗുണഭോക്താക്കളും ഇത് ശരിവെക്കുന്നു. പുനരധിവാസ ഭൂമിയിൽനിന്ന് അരകിലോമീറ്റർ ദൂരത്തിലാണ് കുടിവെള്ളത്തിനുള്ള കിണർ. ഇവിടന്ന് വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. ഭൂമിയിലെ റോഡ് നിർമാണവും ആരും ഏറ്റെടുത്തിട്ടില്ല. ഇതിനായി എം.പി ഫണ്ട് ലഭ്യമാക്കുമെന്ന് അറിയിച്ചെങ്കിലും നടന്നില്ല.
പല വീടുകളുടെ അതിരുകളും സുരക്ഷിതമല്ല. ഇവിടെ സുരക്ഷാ ഭിത്തികൾ നിർമിക്കാനുള്ള ഫണ്ടും കണ്ടെത്തണം. അതേസമയം, പദ്ധതി മൂന്നു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് നോഡൽ ഓഫിസറായ അമ്പലവയൽ ഡെപ്യൂട്ടി തഹസിൽദാർ അബ്ദുൽ റസാഖ് പറഞ്ഞു. ലോക്ഡൗൺ പ്രഖ്യാപിച്ചതും സർക്കാർ നൽകിയ നാലുലക്ഷം രൂപ ഗുണഭോക്താക്കൾ ഏൽപിക്കാൻ വൈകിയതുമാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു.
വാടക കൊടുക്കാനില്ല; തെരുവിലേക്കിറങ്ങേണ്ടി വരും
മേപ്പാടി: വാടക നൽകാൻ പണമില്ലാതെ എപ്പോൾ വേണമെങ്കിലും തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് പുത്തുമല ദുരന്തബാധിതർ വിവിധയിടങ്ങളിൽ വാടക വീടുകളിൽ കഴിയുന്നത്. ആറുമാസം കൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, പല വീടുകളുടെയും നിർമാണം പകുതിപോലും പിന്നിട്ടിട്ടില്ല.
ഉരുൾപൊട്ടലിൽ ജീവിതസമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവരാണ് കുടുംബങ്ങൾ. ലോക്ഡൗണിൽ ആകെയുള്ള വരുമാനവും നിലച്ചതോടെ ഉപജീവനത്തിനായി നെട്ടോട്ടമോടുകയാണ്. നിർമാണം പൂർത്തിയായ വീടുകളെങ്കിലും ഗുണഭോക്താക്കൾക്ക് കൈമാറണമെന്ന് നാറാംതൊടി അബ്ദുൽ നാസർ പറഞ്ഞു. പത്തു വർഷത്തിലേറെ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന നാസറിനും കുടുംബത്തിനും ഇന്ന് സ്വന്തമെന്നു പറയാൻ പുനരധിവാസ ഭൂമിയിലെ ഏഴു സെൻറും അതിൽ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടുമാണുള്ളത്. നിലവിൽ 5000 രൂപ നൽകിയാണ് വാടകക്ക് താമസിക്കുന്നത്.
വൈദ്യുതിയും കുടിവെള്ളവും എത്തിയാൽ വീട്ടിൽ കയറി താമസിക്കാം. അതിനുള്ള നടപടികൾ അധികൃതർ വേഗത്തിലാക്കണമെന്ന് അദ്ദേഹം അഭ്യർഥിക്കുന്നു. അര ഏക്കർ ഭൂമിയും വീടും നഷ്ടമായ പുത്തുമല സ്വദേശി കല്ലിടുമ്പിൽ അലവിക്കുട്ടിയും കുടുംബവും മാസം 7000 രൂപ നൽകിയാണ് വാടകക്ക് താമസിക്കുന്നത്. അദ്ദേഹത്തിന് അനുവദിച്ച സ്ഥലത്തെ വീടിെൻറ നിർമാണവും പൂർത്തിയായി. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ പുതിയ വീട്ടിൽ താമസിക്കാം. മാസവാടകയിൽനിന്ന് ഒഴിവാകുകയും ചെയ്യും. പലർക്കും വീടുകൾ ഒഴിഞ്ഞുകൊടുക്കേണ്ട സാഹചര്യം നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.