സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ് സീറ്റ് ധാരണ
text_fieldsസുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയിൽ യു.ഡി.എഫിൽ സീറ്റ് ധാരണയായി. 21 വാർഡുകളിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കും. മുസ്ലിം ലീഗിന് 14 വാർഡുകളാണ് ലഭിച്ചത്. യു.ഡി.എഫിലെ മറ്റു പാർട്ടികൾക്കൊന്നും സീറ്റില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 21 വാർഡുകളിലും മുസ്ലിം ലീഗ് 13ലും കേരള കോൺഗ്രസ് -എം ഒന്നിലുമാണ് മത്സരിച്ചത്. കേരള കോൺഗ്രസ് ഇത്തവണ എൽ.ഡി.എഫിനൊപ്പം പോയതോടെ ലീഗ് 14 സീറ്റുകൾ വേണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇത് കോൺഗ്രസ് അംഗീകരിച്ചു.
കോൺഗ്രസ് നേതാക്കളായ പി.വി. ബാലചന്ദ്രൻ, എൻ.എം. വിജയൻ, കെ.കെ. ഗോപിനാഥൻ മാസ്റ്റർ, ഡി.പി. രാജശേഖരൻ, എം.എസ്. വിശ്വനാഥൻ, ലീഗ് നേതാക്കളായ കോണിക്കൽ ഖാദർ, പി.പി. അയ്യൂബ്, കെ.എം. ഷബീർ അഹമ്മദ്, പി. ഉമ്മർ ഹാജി, കെ. അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ലീഗ് ഓഫിസിൽ നടത്തിയ ചർച്ചയിലാണ് സീറ്റുകളിൽ ധാരണയായത്.
പള്ളിക്കണ്ടി, ബത്തേരി ടൗൺ, മണിച്ചിറ, ദൊട്ടപ്പൻകുളം, കൈവട്ടമൂല, ചീനപ്പുല്ല്, ചെതലയം, ചേനാട്, ബീനാച്ചി, കൈപ്പഞ്ചേരി, മൈതാനിക്കുന്ന്, വേങ്ങൂർ നോർത്ത്, ആറുമാട്, ഫയർലാൻഡ് എന്നീ വർഡുകളിലാണ് ലീഗ് സ്ഥാനാർഥികൾ ജനവിധി തേടുക.
കോൺഗ്രസ് നേതാക്കളായ ബാബു പഴുപ്പത്തൂർ, ഡി.പി. രാജശേഖരൻ എന്നിവർ സ്ഥാനാർഥി പട്ടികയിലുണ്ട്. മുതിർന്ന ലീഗ് നേതാക്കളായ പി.പി. അയ്യൂബ്, ഷബീർ അഹമ്മദ് എന്നിവർ ലീഗ് പട്ടികയിൽ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ്. മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന ലീഗ് സംസ്ഥാന നിലപാടാണ് ഇവർക്ക് പ്രശ്നം. 'അനിവാര്യ ഘട്ടത്തിൽ' മത്സരിക്കാമെന്ന പഴുത് ഉപയോഗിച്ചാണ് ലീഗ് നേതാക്കൾ മത്സരത്തിനിറങ്ങുന്നത്. സുൽത്താൻ ബത്തേരി ലീഗ് മുനിസിപ്പൽ കമ്മിറ്റി ഇവരെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.