ഉരുൾബാധിതരോടുള്ള അവഗണന; യു.ഡി.എഫ് രാപ്പകൽ സമരം തുടങ്ങി, ഇന്ന് കലക്ടറേറ്റ് വളയും
text_fieldsയു.ഡി.എഫ് കലക്ടറേറ്റിന് മുന്നിൽ നടത്തിയ രാപ്പകല്‍ സമരം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാറുകളുടെ അവഗണനക്കെതിരെ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് വയനാട് കലക്ടറേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തബാധിതരെ തീര്‍ത്തും അവഗണിക്കുന്ന കുറ്റകരമായ അനീതിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏഴ് ആഴ്ചകൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഏഴു മാസമായിട്ടും ചെയ്തുതീര്ക്കാന് സര്‍ക്കാറിന് സാധിച്ചിട്ടില്ല. വീട് വെച്ചുനല്‍കാന്‍ പല ഏജന്‍സികളും സംഘടനകളും കര്‍ണാടക സര്‍ക്കാര്‍, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, യൂത്ത് കോണ്‍ഗ്രസ് എന്നിവരും തയാറായി. മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 750 കോടിയോളം രൂപയാണ് എത്തിയത്. എല്ലാവരും ഒറ്റക്കെട്ടായി വന്നിട്ടും പുനരധിവാസം ഉള്‍പ്പെടെ കാര്യങ്ങള്‍ എങ്ങുമെത്തിയിട്ടില്ലെന്നും യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നു മണിയോടെ ആരംഭിച്ച രാപ്പകൽ സമരം വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് അവസാനിക്കും. തുടര്‍ന്ന് കലക്ടറേറ്റ് വളഞ്ഞുള്ള പ്രതിഷേധം ആരംഭിക്കും. യു.ഡി.എഫ് കല്പറ്റ നിയോജക മണ്ഡലം ചെയര്മാന് ടി. ഹംസ അധ്യക്ഷത വഹിച്ചു. എ.പി. അനില്‍കുമാര്‍ എം.എല്‍.എ, എന്‍.ഡി. അപ്പച്ചന്, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, എന്‍.കെ. റഷീദ്, പി.പി. ആലി, എം.സി. സെബാസ്റ്റ്യന്‍, പി.ടി. ഗോപാലക്കുറുപ്പ്, റസാഖ് കല്പറ്റ, സലീം മേമന, ബി. സുരേഷ് ബാബു, സി. മൊയ്തീന് കുട്ടി, അഡ്വ. ടി.ജെ. ഐസക്, കെ.എല്‍. പൗലോസ്, സംഷാദ് മരക്കാര്‍, പോള്‍സണ്‍ കൂവക്കല്‍, ഗിരീഷ് കല്പറ്റ, കെ.വി. പോക്കർ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.