വയനാട്ടില്‍ യു.ജി.സി നെറ്റ് പരീക്ഷകേന്ദ്രം അനുവദിച്ചു
text_fieldsകൽപറ്റ: മാനവിക വിഷയങ്ങളില്‍ യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷന് (യു.ജി.സി) അഖിലേന്ത്യതലത്തില്‍ നടത്തുന്ന യോഗ്യത നിര്‍ണയ പരീക്ഷക്ക് വയനാട്ടിലും പരീക്ഷ സെൻറര്‍ അനുവദിച്ചതായി അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടക്കുന്ന പരീക്ഷക്ക് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജ് ആയിരിക്കും പരീക്ഷകേന്ദ്രം. നൂറോളം വ്യത്യസ്ത വിഷയങ്ങളില്‍ നടത്തുന്ന പരീക്ഷയില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യം ലഭിക്കും.
സമീപ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും മീനങ്ങാടിയില്‍ സെൻറര്‍ അനുവദിച്ച് യു.ജി.സി പരീക്ഷ നടത്തിപ്പിനു ചുമതലയുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഹാള്‍ ടിക്കറ്റുകള്‍ അയച്ചുകഴിഞ്ഞു. ഒരു ദിവസം കൊണ്ട് രണ്ടു സെഷനുകളിലായി 10 ദിവസം നീളുന്ന പരീക്ഷയില്‍ വിവിധ വിഷയങ്ങളില്‍ 20 സെഷനുകള്‍ നടക്കുമെന്നും എം.എല്‍.എ പറഞ്ഞു. രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ നടത്തിയ നിരന്തര ഇടപെടലുകളാണ് ഫലം കണ്ടത്. പരീക്ഷകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ യു.ജി.സി ആസ്ഥാനത്ത് ചെയര്‍മാനെ കണ്ട് പല തവണ ചര്‍ച്ചകള്‍ നടത്തി. എൻ.ടി.എ ആസ്ഥാനത്തും നേരില്‍ചെന്നു സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര മാനവവിഭവ ശേഷി വികസനമന്ത്രിയുടെ ഓഫിസിലടക്കമുള്ള ഉദ്യോഗസ്ഥരുടെ പിന്തുണയും തുണയായെന്ന് സിദ്ദീഖ് പറഞ്ഞു.
ജില്ലയിലെ വിദ്യാർഥികളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ദേശീയതലത്തില്‍ നടക്കുന്ന മത്സരപരീക്ഷകള്‍ക്കും പ്രവേശന പരീക്ഷകള്‍ക്കും വയനാട്ടില്‍ പരീക്ഷകേന്ദ്രങ്ങള്‍ അനുവദിക്കാതിരുന്നത് ജില്ലയില്‍ നിന്നുള്ള വിദ്യാർഥികള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. യു.ജി.സി, നെറ്റ് പരീക്ഷക്കായി വിദൂരസ്ഥലങ്ങളിലും അന്യസംസ്ഥാനങ്ങളിലും പോയി പരീക്ഷ എഴുതേണ്ടി വരുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ആയിരക്കണക്കിന് വിദ്യാർഥികള്‍ എഴുതുന്ന മെഡിക്കല്‍ എന്‍ട്രന്‍സ്-നീറ്റ് പരീക്ഷകേന്ദ്രം കൂടി വയനാട്ടില്‍ സാധ്യമാക്കുന്നതിനുള്ള പരിശ്രമം ഊര്‍ജിതമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും എം.എല്‍.എ പറഞ്ഞു. അതിനായി നടപടികൾ കൈക്കൊണ്ടുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.