അർജൻറീന വിജയം ആഘോഷമാക്കി ഉമ്മറലി
text_fieldsസുൽത്താൻ ബത്തേരി: അർജൻറീനയുടെ കടുത്ത ആരാധകനായ ഉമ്മറലിക്ക് ഞായറാഴ്ച ആഘോഷത്തിെൻറ ദിനമായിരുന്നു. കോപ്പ അമേരിക്കയിൽ അർജൻറീനയുടെ വിജയം ജീവിത സാഫല്യമായിട്ടാണ് ഈ കടുത്ത ആരാധകൻ കാണുന്നത്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഈണിലും ഉറക്കത്തിലും അർജൻറീനയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഉമ്മറലി മീനങ്ങാടിയിലെ വ്യത്യസ്ത കാഴ്ചയാവുകയാണ്.
അർജൻറീനയുടെ ജഴ്സി നിറത്തിലുള്ള നിരവധി കേക്കുകൾ വീട്ടിൽ തയാറാക്കിവെച്ചിരുന്നു. കേക്ക് മുറിച്ചായിരുന്നു ആഘോഷത്തിെൻറ തുടക്കം. പിന്നീട് വീടിന് മുന്നിലെ റോഡിൽ ആഹ്ലാദനൃത്തം.
സമീപത്തെ കളിഭ്രാന്തന്മാരൊക്കെ ഉമ്മറലിയെ എടുത്തുയർത്തി ആഹ്ലാദം പങ്കിട്ടു. കോവിഡ് നിയന്ത്രണമില്ലായിരുന്നുവെങ്കിൽ ഇളക്കിമറിച്ച് ആഘോഷിക്കുമായിരുന്നുവെന്ന് ഉമ്മറലി പറഞ്ഞു. ഒരു കാലത്ത് വയനാടൻ ഫുട്ബാളിലെ ഷാർപ് ഷൂട്ടറായിരുന്നു ഉമ്മറലി.പുഞ്ചിരി മീനങ്ങാടി, കൽപറ്റ ഫാൽക്കൺസ്, ബ്രദേഴ്സ് കൽപറ്റ, ഫ്രണ്ട്സ് മമ്പാട്, ബ്ലാക്ക് ആൻഡ് വൈറ്റ് കാലിക്കറ്റ്, ഫിറ്റ്വെൽ കലിക്കറ്റ്, കാലിക്കറ്റ് ചാലഞ്ചേഴ്സ് എന്നീ ക്ലബുകളിലൊക്കെ ഉമ്മറലി കളിച്ചിട്ടുണ്ട്. 1988-96 കാലഘട്ടത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി, കെ.എസ്.ഇ.ബി ടീമുകളിൽ താരമായിരുന്നു.
96ൽ കെ.എസ്.ഇ.ബിക്ക് വേണ്ടി ടൂർണമെൻറിൽ കളിക്കുമ്പോൾ കാലിന് സാരമായി പരിക്കേറ്റതോടെ കളിയിൽനിന്ന് പിൻവാങ്ങി.പിന്നീട് മീനങ്ങാടിയിൽ വ്യാപാരിയായി. പഴയതാരത്തെ ഓർമിപ്പിക്കുന്ന േട്രാഫികളുടെ വൻ ശേഖരമുണ്ട് വീട്ടിൽ. കളിയിൽനിന്ന് പിരിഞ്ഞശേഷമാണ് അർജൻറീനയുടെ കടുത്ത ആരാധകനാകുന്നത്. മീനങ്ങാടി അമ്പത്തിനാലിലെ വീടിന് അർജൻറീനയുടെ പതാകയുടെ നിറമാണ്.
ഗേറ്റ്, മതിൽ, വീടിനകത്തെ ചുവരുകൾ, കസേരകൾ, പക്ഷിക്കൂട് തുടങ്ങി എല്ലാത്തിനും നീലയും വെള്ളയും നിറം. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ വീട് പെയിൻറടിക്കും.
അർജൻറീന പതാക ഒഴിച്ചുള്ള ഒരു നിറമില്ല. ഇത്തവണ കോപ്പ അമേരിക്ക തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പേ വീടിെൻറ മതിലിനോട് ചേർന്ന് മെസിയുടെ വലിയ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. ഭാര്യ ഹസീനയും മക്കളായ ആയിഷ സൽമയും ഖദീജ സഫയും അർജൻറീന ആരാധകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.